61 ശതമാനം കിണറുകളിലും ജലനിരപ്പ് കുറഞ്ഞതായി കേന്ദ്ര ജലവിഭവ വകുപ്പ്

Published On: 9 April 2018 9:30 AM GMT
61 ശതമാനം കിണറുകളിലും ജലനിരപ്പ് കുറഞ്ഞതായി കേന്ദ്ര ജലവിഭവ വകുപ്പ്

ന്യൂഡല്‍ഹി: കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കിടെ ഇന്ത്യയിലെ 61 ശതമാനം കിണറുകളിലും ജലനിരപ്പ് കുറഞ്ഞതായി കേന്ദ്ര ജലവിഭവ വകുപ്പ് ലോക്സഭയില്‍. 2007 മുതല്‍ 2017 വരെയുള്ള കാലയളവില്‍ 14,465 കിണറുകളിലെ ജലനിരപ്പ് പരിശോധിച്ച് കേന്ദ്ര ഭൂഗര്‍ഭജല ബോര്‍ഡാണ് റിപോര്‍ട്ട് തയ്യാറാക്കിയത്.

8785 കിണറുകളില്‍ (60.7 ശതമാനം) ജലനിരപ്പ് കുറഞ്ഞതായും 5609 കിണറുകളില്‍ (38.8 ശതമാനം) ജലനിരപ്പ് ഉയര്‍ന്നതായും പരിശോധനയില്‍ കണ്ടെത്തി. 71 കിണറുകളിലെ (0.5 ശതമാനം) ജലനിരപ്പില്‍ മാറ്റമില്ലാതെ തുടരുകയാണ്. ചണ്ഡീഗണ്ഡിലെയും പുതുച്ചേരിയിലേയും കിണറുകളിലാണ് ഏറ്റവും കുടുതല്‍ ജലനിരപ്പ് കുറഞ്ഞത്. ഇവിടത്തെ 90 ശതമാനം കിണറുകളിലേയും ജലനിരപ്പ് കുറഞ്ഞു. തമിഴ്നാട്ടിലെ 87 ശതമാനം കിണറുകളിലും പഞ്ചാബിലെ 85 ശതമാനം കിണറുകളിലും ജലനിരപ്പ് കുറഞ്ഞു.

കേരളം, ആന്ധ്രാപ്രദേശ്, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളിലെ 70 ശതമാനം കിണറുകളിലാണ് ജലനിരപ്പ് കുറഞ്ഞത്. കൃഷിയാവശ്യത്തിനായുള്ള അമിത ഉപയോഗമാണ് ജല നിരപ്പ് കുറയാനുള്ള പ്രധാന കാരണമെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ജലവിഭവ വകുപ്പ് മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ പറഞ്ഞു. ഭൂഗര്‍ഭജല വിനിയോഗവും സംരക്ഷണവും സംസ്ഥാനങ്ങളുടെ ചുമതലയാണെങ്കിലും അമിത ചൂഷണം നടക്കുന്ന പ്രദേശങ്ങളില്‍ കേന്ദ്രം ബോധവത്കരണം നടത്തുന്നുണ്ട്.

നഗരങ്ങളിലും ഗ്രാമങ്ങളിലും പദ്ധതി നടപ്പിലാക്കുന്നുണ്ട്. പരമ്പരാഗത രീതിയില്‍ മഴവെള്ളം സംരക്ഷിക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്- അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മൊത്തം കിണറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കണക്കുകളില്‍ മാറ്റം വരാമാമെന്ന് വിദഗ്ദര്‍ അഭിപ്രായപെടുന്നു.

6000 കോടി രൂപയുടെ 'അതല്‍ ബുജാല്‍ യോജന' പദ്ധതിക്ക് കേന്ദ്രം അംഗീകാരം നല്‍കിയിട്ടുണ്ട്. ജലക്ഷാമം രൂക്ഷമായ ഗുജറാത്ത്, ഹരിയാന, കര്‍ണാടക, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് അര്‍ജുന്‍ റാം മേഘ്വാള്‍ പറഞ്ഞു. 78 ജില്ലകള്‍ക്കും 193 ബ്ലോക്കുകള്‍ക്കും 8300 പഞ്ചായത്തുകള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഭൂഗര്‍ഭജലത്തിന്റെ തോത് ഗണ്യമായി കുറഞ്ഞ സ്ഥലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. ഭൂഗര്‍ഭജലത്തിന്റെ തോത് കണ്ടെത്താന്‍ ലോകബാങ്കിന്റെ അക്യൂഫെര്‍ മാപ്പിംഗ് ആന്റ് മാനേജ്മെന്റ് പദ്ധതി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top Stories
Share it
Top