അരിവാളില്‍ കൈക്കോര്‍ക്കാന്‍ ബംഗാള്‍ കോണ്‍ഗ്രസ് ഘടകം

Published On: 2018-06-23 06:00:00.0
അരിവാളില്‍ കൈക്കോര്‍ക്കാന്‍ ബംഗാള്‍ കോണ്‍ഗ്രസ് ഘടകം

നാഷണല്‍ ഡസ്‌ക്: ഇടതിനെ കൂടെകൂട്ടി തൃണമൂല്‍ -ബിജെപി സഖ്യത്തെ തുരത്താന്‍ ബംഗാള്‍ പ്രാദേശിക ഘടകം. 2019-ലോക്‌സഭാതെരഞ്ഞെടുപ്പിലും 2021-ലെ പശ്ചിംബംഗാള്‍ തെരഞ്ഞെടുപ്പിലും വിജയം വരിക്കാനുളള 21-ഉപായം അടങ്ങുന്ന റിപ്പോര്‍ട്ട് ബംഗാള്‍ കോണ്‍ഗ്രസ് ഘടകം കേന്ദ്ര നേതൃത്വത്തിനു അയച്ചതായി ദി ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്തു.

പശ്ചിംബംഗാളിലെ ജനറല്‍ സെക്രട്ടറി ഒപി മിശ്രയാണ് കേന്ദ്രനേതൃത്വത്തിന് റിപ്പോര്‍ട്ട് അയച്ചത്. തൃണമൂല്‍-ബിജെപി കൂട്ടുകെട്ടിനെ തകര്‍ക്കുന്നതിന് ഇടതിനെ കൂടെകൂട്ടണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ജൂണ്‍ 13-നാണ് റിപ്പോര്‍ട്ട് അയച്ചത്. '' ഞങ്ങള്‍ ന്യൂഡല്‍ഹിക്ക് റിപ്പോര്‍ട്ട് നല്‍കി, പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ അനുമതി കാത്തിരിക്കുകയാണ്. 2019-ലെ തെരഞ്ഞെടുപ്പ് മാത്രമല്ല, 2021 അസംബ്ലി തെരഞ്ഞെടുപ്പും ലക്ഷ്യവെച്ചാണ് ദീര്‍ഘപദ്ധതി തയ്യാറാക്കിയത്. തൃണമൂല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നും ഇറക്കണം. അതിനായി സംസ്ഥാനത്ത് സിപിഎമിനെ കൂടെകൂട്ടുന്നതടക്കമുളള പദ്ധതികളാണ് റിപ്പോര്‍ട്ടിലെ ഉളളടക്കം.'' ഒപി മിശ്ര പറഞ്ഞു.

സംസ്ഥാനത്ത് തൃണമൂല്‍-ബിജെപി വിരുദ്ധ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുമെന്ന് പശ്ചിംബംഗാള്‍ പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ആദിര്‍ രഞ്ചന്‍ ചൗദരി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസ് എംഎല്‍എമാരുമായി കൂടിയാലോചിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 21-ഉപായങ്ങളടങ്ങുന്ന റിപ്പോര്‍ട്ട് ഇപ്പോള്‍ കേന്ദ്രനേതൃത്വത്തിന്റെ പരിഗണനയിലാണ്. സമൂഹമാധ്യമങ്ങളിലെ ഇടപെടല്‍ ഉള്‍പ്പെടുന്നതാണ് ബംഗാള്‍ ഘടകത്തിന്റെ നിര്‍ദ്ദേശങ്ങള്‍.

Top Stories
Share it
Top