പശ്ചിമ ബം​ഗാൾ തെരഞ്ഞെടുപ്പ്: 7475 പഞ്ചായത്തുകൾ സ്വന്തമാക്കി തൃണമൂൽ; ബിജെപി രണ്ടാമത്

കൊൽക്കത്ത: പശ്ചിമ ബം​ഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺ​ഗ്രസിന് മികച്ച വിജയം. ആകെയുള്ള 58,692 സീറ്റുകളിൽ പോളിങ് നടന്ന 38,616 സീറ്റുകളിലെ...

പശ്ചിമ ബം​ഗാൾ തെരഞ്ഞെടുപ്പ്: 7475 പഞ്ചായത്തുകൾ സ്വന്തമാക്കി തൃണമൂൽ; ബിജെപി രണ്ടാമത്

കൊൽക്കത്ത: പശ്ചിമ ബം​ഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺ​ഗ്രസിന് മികച്ച വിജയം. ആകെയുള്ള 58,692 സീറ്റുകളിൽ പോളിങ് നടന്ന 38,616 സീറ്റുകളിലെ ഫലമാണു പുറത്തുവന്നത്. 20,076 എണ്ണത്തിൽ (34%) തൃണമൂൽ സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കട്ടു. മിക്ക ഗ്രാമപഞ്ചായത്തുകളിലും പഞ്ചായത്ത് സമിതികളിലും തൃണമൂലാണു ലീഡ് ചെയ്യുന്നത്. ഉച്ചയോടെ 31,802 ഗ്രാമപഞ്ചായത്ത് സീറ്റുകളിലെ ഫലം അറിവായപ്പോൾ 4,713 സീറ്റുകളിൽ തൃണമൂൽ സ്ഥാനാർഥികൾ വിജയിച്ചു; 2,762 സീറ്റുകളിൽ ലീഡ് ചെയ്യുന്നുമുണ്ട്.

രണ്ടാം സ്ഥാനത്ത് ബിജെപി എത്തുന്നു എന്നതാണ് മറ്റൊരു സവിശേഷത. കാലങ്ങളോളം ബം​ഗാൾ ഭരിച്ച ഇടതുമുന്നണി മൂന്നാം സ്ഥാനത്താണ്. 898 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ വിജയവും 242 സീറ്റുകളിലെ ലീഡുമാണ് ബിജെപിക്കുള്ളത്. ഏവരെയും ഞെട്ടിച്ച് 317 സ്വതന്ത്രർ ജയിച്ചുകയറി; 136 സീറ്റുകളിൽ ലീഡ് ചെയ്യുന്നുമുണ്ട്. പലയിടത്തും അലിഖിതസഖ്യമുള്ള ബിജെപി–സിപിഎം കൂട്ടുകെട്ടാണ് സ്വതന്ത്രരരുടെ വിജയത്തിനു കാരണമെന്നാണ് റിപ്പോർട്ട്. 31,836 ഗ്രാമപഞ്ചായത്ത്, 6,158 പഞ്ചായത്ത് സമിതികൾ, 621 ജില്ലാ പരിഷത്ത് എന്നിവിടങ്ങളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. 73 ശതമാനമായിരുന്നു പോളിങ്. 19 ജില്ലകളിലെ 572 ബൂത്തുകളിൽ ബുധനാഴ്ച റീപോളിങ് നടന്നിരുന്നു. ജില്ലാ പരിഷത്തിലേക്കുള്ള വോട്ടെണ്ണൽ തുടങ്ങി.

സംസ്ഥാനത്തു പലയിടത്തും ആക്രമങ്ങൾ അരങ്ങേറുന്നതായി റിപ്പോർട്ടുണ്ട്. വെസ്റ്റ് മിഡ്നാപുരിലെ ധനേശ്വർപുരിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ വോട്ടെണ്ണൽ തടസ്സപ്പെടുത്തി. ജൽപൈഗുരി പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽനിന്ന് 40 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതായി എഎൻഐ റിപ്പോർട്ട് ചെയ്തു. നാമനിർദേശ പത്രികാ സമർപ്പണത്തിനു ഹൈക്കോടതി ഓൺലൈൻ സാധ്യതവരെ തേടിയ തിരഞ്ഞെടുപ്പാണിത്. പത്രിക സമർപ്പിക്കുന്നതിൽനിന്ന്, തൃണമൂൽ പ്രവർത്തകർ ബലപ്രയോഗത്തിലൂടെ തങ്ങളെ തടയുന്നതായി ചൂണ്ടിക്കാട്ടി സിപിഎം, ബിജെപി, കോൺഗ്രസ് സ്ഥാനാർഥികൾ നൽകിയ പരാതിയിൽ ഇടപെട്ട് ഓൺലൈൻ വഴി പത്രിക സ്വീകരിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു.

തൃണമൂൽ സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വിഷയം നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇത്രയധികം സീറ്റുകളിൽ എങ്ങനെ എതിരില്ലാതെ വിജയിക്കാനാകുമെന്ന് ആശ്ചര്യം പ്രകടിപ്പിച്ച കോടതി, ഇതിനായി നൽകിയ രേഖ തിരിച്ചെടുക്കാൻ തിരഞ്ഞെടുപ്പു കമ്മിഷനോടു ആവശ്യപ്പെട്ടു. 17,000 സീറ്റുകളുടെ കാര്യത്തിൽ അന്തിമതീരുമാനം സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാകും.


തൃണമൂൽ കോൺഗ്രസുകാർ നാമനിർദേശപത്രിക സമർപ്പിക്കാൻ പോലും മറ്റു കക്ഷികളെ അനുവദിക്കാത്ത സാഹചര്യത്തിൽ സിപിഎമ്മും ബിജെപിയും ചിലമേഖലകളിൽ ധാരണപ്രകാരം മൽസരിച്ചതു ദേശീയശ്രദ്ധ നേടിയിരുന്നു. പാർട്ടികളുടെ ഉന്നതസമിതി തീരുമാനങ്ങളുടെ അടിസ്ഥാനത്തിലല്ലായിരുന്നു ഈ കൈകോർക്കൽ. നന്ദിഗ്രാം ഉൾപ്പെടുന്ന മിഡ്നാപുർ, നദിയ, ബീർഭൂം ജില്ലകളിൽ സിപിഎം – ബിജെപി ധാരണ പരസ്യമാണ്. ബീർഭൂമിൽ 61 ഗ്രാമപഞ്ചായത്തുകളിലും 15 ഗ്രാമസമിതികളിലും ധാരണയുണ്ട്. ചിലയിടങ്ങളിൽ സിപിഎമ്മും ബിജെപിയും ചേർന്നു സ്വതന്ത്ര സ്ഥാനാർഥിയെ പിന്തുണയ്ക്കുന്നു. പലയിടത്തും ഒരുമിച്ചുള്ള ചുവരെഴുത്തുകളുമുണ്ട്.

ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പുദിവസം വ്യാപക അക്രമമാണുണ്ടായത്; 12 പേർ കൊല്ലപ്പെട്ടു, 43 പേർക്കു പരുക്കേറ്റു. സിപിഎം ഭരിച്ചിരുന്ന 1990കളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 400 പേരാണു കൊല്ലപ്പെട്ടതെന്നായിരുന്നു ഇതിനു തൃണമൂൽ നേതാവ് ഡെറക് ഒബ്രിയന്റെ മറുപടി. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 25 പേർ കൊല്ലപ്പെട്ടിരുന്നതായും ഇത്തവണ മരണസംഖ്യ കുറഞ്ഞതായും ഡിജിപി സുരജിത് കർ പുരകായസ്ഥ പറഞ്ഞു.

Story by
Read More >>