പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ അക്രമണം; 10 മരണം

Published On: 2018-05-14 12:00:00.0
പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ അക്രമണം; 10 മരണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ അംദകയില്‍ നിന്നുള്ള ഒരു സിപിഐഎം പ്രവര്‍ത്തകനും ഭാര്യയും, കുല്‍ത്തോളി, ദക്ഷിണ 24 പാരഗണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് ത്രിണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഉള്‍പ്പെടും. അക്രമ സംഭവങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത് ദക്ഷിണ ബംഗാളിലാണ്.


തെരഞ്ഞെടുപ്പില്‍ സമാധാനത്തോടെ പങ്കെടുക്കാനും വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവശ്യപ്പെട്ടു.
അക്രമണങ്ങളെ നേരിടാന്‍ സിക്കിം, ഓഡീഷ, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള 154500 പോലീസുകാരെ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡിലേക്കുള്ള സംസ്ഥാന അതിര്‍ത്തി താത്കാലികമായി അടച്ചു.


"പശ്ചിമ ബംഗാളില്‍ രാവിലെ മുതല്‍ നടക്കുന്ന സംഭവങ്ങക്ക് ആശ്ചര്യപ്പെടാനൊന്നുമില്ല. ബംഗാള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ലജ്ജാകരമായ പെരുമാറ്റമാണുണ്ടായത്. ഭരണഘടനാപരമായ പെരുമാറ്റമൊന്നും നിങ്ങള്‍ക്ക് മമതാ സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല"-കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് ആന്‍ഡ് പബ്ലിക്ക് എന്റര്‍ പ്രൈസസ് മന്ത്രി ബാബുല്‍ സുപ്രിയോ പറഞ്ഞു. ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വിഷയത്തില്‍ പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപ്പെടണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ത്രണമൂല്‍ ജനാധിപത്യവ്യവസ്ഥയെ തകര്‍ക്കുമെന്നും അത്തരം പ്രവര്‍ത്തികള്‍ക്ക് കമ്മീഷന്‍ കൂട്ട് നില്‍ക്കരുതെന്നും പശ്ചിമ ബംഗാളിലെ ജനാധിപത്യത്തെ ഞെക്കിക്കൊല്ലാനാണ് ത്രണമൂല്‍ ശ്രമമെന്നും യെച്ചുരി പറഞ്ഞു.


Top Stories
Share it
Top