കാശ്മീരില്‍ ഇനിയെന്ത്..

Published On: 19 Jun 2018 11:30 AM GMT
കാശ്മീരില്‍ ഇനിയെന്ത്..

വെബ് ഡെസക്: വിയോജിപ്പുകള്‍ക്കിടയിലും നാല് വര്‍ഷമാണ് പി.ഡി.പി- ബി.ജെ.പി സര്‍ക്കാർ കാശ്മീർ ഭരിച്ചത്. കാശ്മീരില്‍ കാര്യമായ വേരോട്ടമില്ലാത്ത ബി.ജെ.പിയും കാശ്മീരിന്റെ പാര്‍ട്ടിയായ പി.ഡി.പിയുമാണ് ആശയപരമായ വിയോജിപ്പുകള്‍ക്കിടയിലും നാല് വര്‍ഷം പൂര്‍ത്തിയാക്കി. വിവിധ വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെങ്കിലും കഠ്വയിലെ എട്ടു വയസുകാരിയെ ബലാല്‍ത്സംഗം ചെയ്ത് കൊന്ന സംഭവത്തിന് ശേഷമാണ് പ്രശ്നം രൂക്ഷമായത്. ഒടുവില്‍ ബി.ജെ.പി പിന്തുണ പിന്‍വലിച്ചതോടെ കാശ്മീരില്‍ ഭരണ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്.

പ്രധാനമായും കാശ്മീരില്‍ ഗവര്‍ണറുടെ ഭരണം വരാനാണ് സാദ്ധ്യത.രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഭരണസ്തംഭനമുണ്ടാകുന്ന സമയത്ത് രാഷ്ട്രപതി ഭരണമാണെങ്കിലും കാശ്മീരിന്റെ പ്രത്യേതാധികാരം വഴി കാശ്മീരില്‍ ഗവര്‍ണറുടെ അധികാരത്തിലായിരിക്കും. നിലവിലെ ഗവര്‍ണറായ എന്‍.എന്‍ വഹോറ ഇതിനു മുന്നെയും കാശ്മീരിന്റെ ഭരണം നിയന്ത്രിച്ചിട്ടുണ്ട്. 2016ല്‍ മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് കാശ്മീരില്‍ കുറച്ചുമാസത്തേക്കായിരുന്നു ഗവര്‍ണറുടെ ഭരണം. കാശ്മീരിലെ നിലവിലെ സാഹചര്യം സംബന്ധിച്ച് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇത് അനുസരിച്ചായിരിക്കും രാഷ്ട്രപതി ഗവര്‍ണറോട് ഭരണം ഏറ്റെടുക്കാനാവശ്യപ്പെടുക.

കാവല്‍ മുഖ്യമന്ത്രിയായി മെഹബൂബ മുഫ്ത്തി തുടരുക എന്നതാണ് മറ്റൊരു സാദ്ധ്യത.എന്നാല്‍ ഇതിനോട് കേന്ദ്രത്തിനും താൽപര്യം കുറവാണ്. അമര്‍നാഥ് യാത്ര അടുത്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ ഭരണത്തിനോടാണ് കേന്ദ്ര സര്‍ക്കാറിനും താല്‍പര്യം.

പി.ഡി.പി, നാഷണല്‍ കോണ്‍ഫറന്‍സ്. കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഒന്നിച്ചുള്ള സഖ്യ സര്‍ക്കാറാണ് കാശ്മീരിലെ മറ്റൊരു സാദ്ധ്യത. 87 അംഗ സഭയില്‍ മൂന്ന് പാര്‍ട്ടികള്‍ക്കും കൂടെ 68 അംഗങ്ങളുടെ പിന്തുണ ഉണ്ടാകും. ഈ സാദ്ധ്യതയോട് കോണ്‍ഗ്രസിന് താല്‍പര്യമുണ്ടെങ്കിലും പി.ഡി.പിയോട് സഖ്യമുണ്ടാക്കുന്നതിന് നാഷണല്‍ കോണ്‍ഫറന്‍സിനും തിരിച്ചും താല്‍പര്യമില്ല. പെട്ടന്നുള്ള തെരഞ്ഞെടുപ്പിനാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയുടെ താല്‍പര്യം.

പെട്ടന്നുള്ള തെരഞ്ഞെടുപ്പ് എന്നുള്ളതാണ് മറ്റൊരു സാദ്ധ്യത. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി അനന്ത്‌നാഗ് ലോകസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നീട്ടികൊണ്ടുപോവുകയാണ്. മുഖ്യമന്ത്രിയാകാന്‍ മെഹബൂബ മുഫ്തി സ്ഥാനം ഒഴിഞ്ഞ മണ്ഡലത്തില്‍ ഇതുവരെ ഉപതെരഞ്ഞെടുപ്പ് നടന്നിട്ടില്ല.

അതിനാല്‍ ഗവര്‍ണറുടെ കീഴില്‍ അടുത്ത ആറ് മാസം കാശ്മീരിലെ ഭരണം മുന്നോട്ടു പോകാനാണ് സാദ്ധ്യത.

Top Stories
Share it
Top