കര്‍ണാടകയിലെ വോട്ടിങ്: ഉച്ചവരെ 33.42 ശതമാനം പോളിങ്‌

Published On: 2018-05-12 04:30:00.0
കര്‍ണാടകയിലെ വോട്ടിങ്: ഉച്ചവരെ 33.42 ശതമാനം പോളിങ്‌

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ ചിലയിടങ്ങളില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു.വിജയനഗര്‍ ഹംപിനഗര്‍, ഹാസന്‍, ധാര്‍വാഡ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് -ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. ഉച്ചവരെയുള്ള പോളിംഗ്‌33.42 ശതമാനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡ പുതുവലൈപ്പില്‍ വോട്ട് രേഖപ്പെടുത്തി. ബിജെപിയുടെ ബി ശ്രീരാമലു ഗോപൂജ നടത്തിയാണ് വോട്ട് ചെയ്യാന്‍ പോയത്. ബദാമിയില്‍ സിദ്ധരാമയ്യക്കെതിരെയാണ് ശ്രീരാമലു മത്സരിക്കുന്നത്. 224ല്‍ 222 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

ദിവസങ്ങള്‍ നീണ്ട പ്രചാരണങ്ങള്‍ക്കൊടുവില്‍ കര്‍ണാടക ഇന്ന് വിധിയെഴുതും. കര്‍ണാടക ഇനി ആര് ഭരിക്കണമെന്ന് സംസ്ഥാനത്തെ അഞ്ച് കോടിയിലധികം വരുന്ന ജനങ്ങള്‍ ഇന്ന് നടക്കുന്ന വോട്ടിംഗില്‍ തീരുമാനിക്കും. സംസ്ഥാനത്തെ 222 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് 7മണിമുതല്‍ ആരംഭിച്ചു. വൈകീട്ട് 6മണിവരെയാണ് വോട്ടെടുപ്പ് നീളുന്നത്. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരണകൂടം ഭരണം ഉറപ്പിക്കാന്‍ കെണിഞ്ഞ് ശ്രമിക്കുമ്പോള്‍ ഭരണം പിടിച്ചെടുക്കാനാണ് ബിജെപി നേതൃത്വത്തിന്റെ ശ്രമം. അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഈ തെരഞ്ഞെടുപ്പിനെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ റിഹേഴ്സലായാണ് ഇരു പാര്‍ട്ടികളും കാണുന്നത്.

ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് ആകെ ശക്തിയുള്ള സംസ്ഥാനം കൂടിയാണ് കര്‍ണാടക, അതുകൊണ്ട് തന്നെ ബിജെപിയെ സംബന്ധിച്ച് ഭരണം പിടിച്ചെടുക്കുക അവരുടെ അഭിമാന പോരാട്ടംകൂടിയാണ്്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി എസ് യെദ്യൂരപ്പക്കായി 20ഓളം പൊതുപരിപാടകളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ 10 ദിവസത്തിനിടെ കര്‍ണാടകയില്‍ നടത്തിയത്. അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളിലും സഞ്ചരിച്ച് വോട്ടര്‍മാരോട് നേരിട്ടിടപഴകിയാണ് പ്രചാരണ പരിപാടികളില്‍ പങ്കാളിയായത്. പ്രചാരണ പരിപാടികളുടെ അവസാന ദിവസങ്ങളില്‍ മോദി-രാഹുല്‍ വാക്പോരിനും കര്‍ണാടക രാഷ്ട്രീയം സാക്ഷ്യം വഹിച്ചു. മോദി ഗാന്ധി കുടുംബത്തെ വ്യക്തിപരമായി ആക്രമിക്കലിന് വരെ അവസാന ദിവസ പ്രചാരണം സാക്ഷ്യം വഹിച്ചു.

എന്നാല്‍, മോദിയുടെ വ്യക്തിപരമായ അധിക്ഷേപത്തിന് വികാരഭരിതനായായിരുന്നു രാഹുലിന്റെ മറുപടി. രാഷ്ട്രീയപരമായും വ്യക്തിപരമായുമുള്ള വാക്പോരിനായിരുന്നു കഴിഞ്ഞ കുറെ ദിവസങ്ങളായുള്ള കര്‍ണാടക പ്രചാരണ പരിപാടി. ഇതിനിടെ ബംഗളൂരുവിലെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് 10,000 ത്തോളം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിടികൂടിയതും വാര്‍ചത്തകളില്‍ ഇടം പിടിച്ചിരുന്നു. ബംഗളൂരു നിയോജകമണ്ഡലത്തിലെ ബിജെപി സിറ്റിംഗ് സ്ഥാനാര്‍ത്ഥിയുടെ മരണം അവിടത്തെ തിരഞ്ഞെടുപ്പ് മാറ്റിവെക്കാനും കാരണമായി. അഭിപ്രായ സര്‍വെകള്‍ പല പ്രവചനം നടത്തുന്നുണ്ടെങ്കിലും മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ നയിക്കുന്ന ജനതാ ദള്‍ (സെക്യുലര്‍) ആകും തെരഞ്ഞെടുപ്പിലെ കിംഗ് മേക്കറെന്നാണ് പൊതുവായുള്ള അഭിപ്രായം. കര്‍ണാടക ഇനി ആര് ഭരിക്കണമെന്ന് നിര്‍ണായക തീരുമാനം കൈക്കൊള്ളാന്‍ ജെഡിയുവിന്റെ ഫലത്തിനാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നത്. എന്തായാലും കര്‍ണാടകയെ ഇനി ആര് നയിക്കുമെന്നറിയാന്‍ മെയ് 15 വരെ കാത്തിരിക്കാം.

Top Stories
Share it
Top