കര്‍ണാടകയുടെ ഭരണചക്രം ഇനിയാര്‍ക്ക്

Published On: 12 May 2018 12:00 PM GMT
കര്‍ണാടകയുടെ ഭരണചക്രം ഇനിയാര്‍ക്ക്

ബെംഗളൂരു: കര്‍ണാടകയുടെ ഭരണചക്രം ആരുടെ കൈയ്യിലേല്‍പ്പിക്കണമെന്ന് ജനങ്ങള്‍ വിധിയെഴുതുകയാണ്. സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടരണമോയെന്നും യെദ്യൂരപ്പ തല്‍സ്ഥാനത്തേക്കെത്തണമോയെന്നും ജനങ്ങള്‍ തീരുമാനിക്കും. ദക്ഷിണേന്ത്യയില്‍ ബിജെപി ഭരണം കയ്യാളിയ ഏക സംസ്ഥാനമാണ് കര്‍ണാടക. അതേ സമയം കോണ്‍ഗ്രസിന് അവശേഷിക്കുന്നതില്‍ ഏറെ ശക്തിയുള്ള സംസ്ഥാനങ്ങളില്‍ ഒന്നു കൂടിയാണിവിടം. കര്‍ണാടകയിലെ ജനവിധി ഇരുപാര്‍ട്ടികളുടെയും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെ ഏറെ ബാധിക്കുമെന്നുറപ്പാണ്്. കാരണം 2019ല്‍ നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനെ 'മിനി ലോകസഭാ' തെരഞ്ഞെടുപ്പായാണ് രാഷ്ട്രീയ നിരീക്ഷകര്‍ നോക്കിക്കാണുന്നത്.

അതേസമയം ജനതാദള്‍ എസിന് ഇത് രാഷ്ട്രീയ നിലനില്‍പ്പിനുള്ള പോരാട്ടമാണെങ്കിലും ഒരു പക്ഷെ കര്‍ണാടക ആര് ഭരിക്കണമെന്ന് തീരുമാനമെടുക്കുന്നതില്‍ ഇവരുടെ തീരുമാനം നിര്‍ണായകമാകാം. 4.97 കോടി ആളുകളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. ഏകദേശം 2600 മത്സരാര്‍ത്ഥികളാണ് ജനവിധിക്കായി രംഗത്തുള്ളത്. 224 അംഗ നിയമസഭയില്‍ 222 മണ്ഡലങ്ങളിലേക്കാണ് ഇന്ന് ജനങ്ങളുടെ വിധിയെഴുത്ത്. ജയനഗര്‍, രാജരാജേശ്വരി നഗര്‍ എന്നീ രണ്ടു മണ്ഡലങ്ങളിലെ തെരഞ്ഞടുപ്പ് പിന്നീട് നടക്കും.

ദക്ഷിണേന്ത്യയില്‍ ബിജെപി ഭരണം കയ്യാളിയിരുന്ന ഏക സംസ്ഥാനമായ കര്‍ണാടകയില്‍ 2013ല്‍ നടന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ ശക്തമായ പോരാട്ടത്തിലൂടെ കോണ്‍ഗ്രസ് ഭരണം പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് അഴിമതിക്കേസില്‍ ബിജെപി സര്‍ക്കാരിലെ മുഖ്യമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ യെദ്യൂരപ്പ ജയിലിലാവുകയും ചെയ്തു. സംസ്ഥാനത്തുടനീളമുള്ള ബിജെപി വിരുദ്ധ വികാരം കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണ് കണക്കാക്കുന്നത്. കോണ്‍ഗ്രസ് 120 തിലേറെ സീറ്റുകള്‍ നേടുമെന്നും ബിജെപിയും ജനതാദള്‍ എസും 40 വീതം സീറ്റുകള്‍ വിജയിക്കുമെന്നും കണക്കാക്കുന്നു.

Top Stories
Share it
Top