ഞങ്ങൾ ഉള്ള കാലം ബംഗാളിൽ ഇത് നടപ്പാകില്ല; പൗരത്വ ഭേദഗതി ബില്ലിനെതിരെ ആഞ്ഞടിച്ച് മമത

ഇതിന്റെ അടിസ്ഥാന സ്വഭാവം തന്നെ ശരിയല്ല. ഇത് അംബേദ്കർ അടക്കമുള്ളവർ വിഭാവനം ചെയ്ത ഭരണഘടനയുടെ അന്തസത്തയ്ക്ക് എതിരാണ്

ഞങ്ങൾ ഉള്ള കാലം ബംഗാളിൽ ഇത് നടപ്പാകില്ല; പൗരത്വ ഭേദഗതി ബില്ലിനെതിരെ ആഞ്ഞടിച്ച് മമത

കൊൽക്കത്ത: കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. രാജ്യത്തെ ഒരു പൗരനെപ്പോലും അഭയാർത്ഥിയാകാൻ അനുവദിക്കില്ലെന്നും മമത പറഞ്ഞു.

' തൃണമൂൽ കോൺഗ്രസ് അധികാരത്തിലിരിക്കുന്നിടത്തോളം കാലം ദേശീയ പൗത്വ പട്ടിക (എൻ.ആർസി)യോ പൗരത്വ ഭേഗതി ബില്ലോ പശ്ചിമബംഗാളിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പുനൽകുന്നു. എൻ.ആർ.സിയും പൗരത്വ ഭേദഗതി ബില്ലും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. എന്നാൽ, എൻ.ആർ.സിയോ പൗത്വ ഭേദഗതി ബില്ലോ ഓർത്ത് ആശങ്കവേണ്ട. ബംഗാളിൽ ഇത് നടപ്പിലാക്കാൻ അനുവദിക്കില്ല. ഒരു പൗരനേയും ഈ രാജ്യത്തുനിന്ന് പുറത്താക്കാനോ അഭയാർത്ഥിയാക്കാനോ അവർക്ക് സാധിക്കില്ല.'- മമത പറഞ്ഞു.

നേരത്തേ, എൻ.ആർ.സിക്കെതിരെ രണ്ടാം സ്വാതന്ത്ര്യ സമര പോരാട്ടമാണ് വേണ്ടതെന്നും താൻ അതിന് നേതൃത്വം നൽകാമെന്നും മമത പറഞ്ഞിരുന്നു. 'ഈ പ്രസ്ഥാനം (മൂവ്മെന്റ്) രണ്ടാം സ്വാതന്ത്ര്യ സമരമായി മാറണം. പൊരുതേണ്ടത് നിർബന്ധമാണ്. നമ്മൾ പൊരുതും. ഇത് അവസാനിപ്പിക്കാനുള്ള യുദ്ധമാണ്. നമ്മൾ എന്നും വഴി കാണിച്ചിട്ടുണ്ട്. നമ്മൾ അതു വീണ്ടും ചെയ്യും... മുന്നിൽ നിന്നു തന്നെ' - മമത പറഞ്ഞു.

'ഇതിന്റെ അടിസ്ഥാന സ്വഭാവം തന്നെ ശരിയല്ല. ഇത് അംബേദ്കർ അടക്കമുള്ളവർ വിഭാവനം ചെയ്ത ഭരണഘടനയുടെ അന്തസത്തയ്ക്ക് എതിരാണ്' - എന്ന് ലോക്സഭ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെ കുറിച്ച് അവർ പറഞ്ഞിരുന്നു. എല്ലാവർക്കും പൗരത്വം നൽകുമെങ്കിൽ അത് നമ്മൾ അംഗീകരിക്കും. മതത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കുകയാണ് എങ്കിൽ അതിനെ എതിർക്കും. അവസാനം വരെ പോരാടും. ആവശ്യമാണെങ്കിൽ ഒറ്റയ്ക്കും- അവർ മുന്നറിയിപ്പു നൽകിയിരുന്നു. ബാബരി മസ്ജിദ് തകർക്കപ്പെട്ട ദിനത്തിൽ പാർട്ടി ആചരിക്കുന്ന ശാന്തി ദിവസിൽ സംസാരിക്കവെയാണ് മമത കേന്ദ്രനിലപാടുകളെ രൂക്ഷമായി വിമർശിച്ചു രംഗത്തെത്തിയത്. സാമ്പത്തിക മാന്ദ്യം പോലുള്ള യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ് ബി.ജെ.പി എന്ന് അവർ ആരോപിച്ചിരുന്നു.

'കാലിനോ കൈക്കോ എന്തെങ്കിലും പറ്റിയാൽ ശരീരം ശരിയായി പ്രവർത്തിക്കില്ല. മതത്തിന്റെയോ മറ്റു അസ്തിത്വത്തിന്റെയോ പേരിൽ ജനങ്ങളോട് വിവേചനം കാട്ടുന്നു എങ്കിൽ പിന്നെ നമ്മളില്ല. എൻ.ആർ.സി ശരീരത്തിലെ കഴുത്തിനെയാണ് ബാധിക്കുന്നത്. പൗരത്വ ഭേദഗതി ബിൽ ശരീരത്തിന്റെ തലയറുക്കുന്നു'- മമത ചൂണ്ടിക്കാട്ടിയിരുന്നു. 2021 മദ്ധ്യത്തിൽ സംസ്ഥാനത്തു വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ.ആർ.സി വലിയ പ്രചാരണ വിഷയമാക്കാൻ ബി.ജെ.പി ആലോചിക്കുന്നതിനിടെയാണ് മമത ബി.ജെ.പിക്കെതിരെ ഒരു മുഴം മുമ്പെ എറിഞ്ഞത്. ഇന്ത്യ പോലുള്ള ഒരു മതേതര രാഷ്ട്രത്തിൽ മതത്തിന്റെ അടിസ്ഥാനത്തിലല്ല പൗരത്വം നിശ്ചയിക്കേണ്ടത് എന്ന് അവർ ആവർത്തിച്ചിരുന്നു.

Read More >>