131 വര്‍ഗീയ കലാപക്കേസുകള്‍ യോഗി സര്‍ക്കാന്‍ പിന്‍വലിക്കാനൊരുങ്ങുന്നു

Published On: 22 March 2018 7:00 AM GMT
131 വര്‍ഗീയ കലാപക്കേസുകള്‍ യോഗി സര്‍ക്കാന്‍ പിന്‍വലിക്കാനൊരുങ്ങുന്നു


ലക്നൗ: 2013ലെ മുസഫര്‍നഗര്‍, ഷാംലി കലാപങ്ങളുമായി ബന്ധപ്പെട്ട 131 കേസുകള്‍ പിന്‍വലിക്കാനുള്ള നീക്കങ്ങള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരംഭിച്ചു. 13 കൊലപാതകക്കേസുകളും 11 വധശ്രമക്കേസുകളും ഉള്‍പ്പെടെയുള്ളവ പിന്‍വലിക്കാനാണ് നീക്കം നടക്കുന്നത്. 153 എ വകുപ്പു (മതത്തിന്റെ പേരില്‍ ശത്രുത പരത്തുക) പ്രകാരമുള്ള 16 കേസുകളും 295ാം വകുപ്പ് (മതത്തേയും മതവിശ്വാസത്തെയും അപമാനിക്കല്‍) പ്രകാരമുള്ള രണ്ടു കേസുകളും പട്ടികയില്‍ ഉള്‍പ്പെടും.

2013 സെപ്തംബറിലുണ്ടായ കലാപത്തില്‍ 62 പേര്‍ മരിക്കുകയും ആയിരത്തോളം ആളുകള്‍ക്ക് വീടു നഷ്ടപ്പെടുകയും ചെയ്തു. സംഘര്‍ഷത്തിനു പിന്നാലെ 1455 പേര്‍ക്കെതിരേ 503 കേസുകള്‍ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. മുസഫര്‍ നഗര്‍, ഷാംലി പോലീസ് സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.

ഫെബ്രുവരി അഞ്ചിന് ബിജെപി എംപി സഞ്ജീവ് ബല്യന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിക്കുകയും 179 കേസുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. 850 ഹിന്ദുകള്‍ പ്രതികളായ കേസുകളാണ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ബല്യന്‍ ഇന്ത്യന്‍ എക്സ്പ്രസ്സിനോട് പറഞ്ഞു. ഈ പട്ടികയില്‍ നിന്നും 131 കേസുകള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് യോഗി നിയമവകുപ്പിനോട് അഭിപ്രായം ആരാഞ്ഞിരിക്കുകയാണിപ്പോള്‍.


Top Stories
Share it
Top