ഭീതിദമായ കാലമാണിത്

കഴിഞ്ഞ നാലു വർഷത്തെ മോദി സർക്കാറിന്റെ പ്രവർത്തനങ്ങളെ അങ്ങേയറ്റത്തെ ദുരന്തം എന്നേ വിശേഷിപ്പിക്കാൻ കഴിയൂ. സ്വാതന്ത്ര്യാനന്തരം ഇത്തരത്തിലുള്ള ഒരു മോശം കാലഘട്ടത്തിലൂടെ ഇന്ത്യ കടന്നു പോയിട്ടില്ല. അടിയന്തരാവസ്ഥാ കാലത്തു പോലും ജനങ്ങളെ സർക്കാർ ഇത്രയും ഭീതിപ്പെടുത്തിയിട്ടില്ല. അടിയന്തരാവസ്ഥ എന്താണെന്ന് മനസ്സിലാക്കുവാനുള്ള പ്രായമൊക്കെ അന്ന് എനിക്കണ്ടായിരുന്നു.

ഭീതിദമായ കാലമാണിത്

പി.സായ്‌നാഥ്‌ / മുഹമ്മദ് ഇർഷാദ്

മുഖ്യധാരാ മാദ്ധ്യമങ്ങളോ സർക്കാർ സംവിധാനങ്ങളോ എത്തിപ്പെടാത്ത ഇന്ത്യയുടെ ഉൾഗ്രാമങ്ങളിലൂടെ ദീർഘകാലം സഞ്ചരിച്ച് ഗാന്ധിജി പറഞ്ഞ ഇന്ത്യയുടെ ആത്മാവിനെ ലോകത്തിനു മുമ്പിൽ വെളിവാക്കിയ പത്രപ്രവർത്തകൻ ആണ് പി .സായ്‌നാഥ്‌. ഈ യാത്രകൾക്കിടയിൽ അദ്ദേഹം കണ്ടറിഞ്ഞ രാജ്യത്തിന്റെ ദുരന്തചിത്രം വരഞ്ഞിട്ട 'നല്ലൊരു വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു' എന്ന അദ്ദേഹത്തിന്റെ പുസ്തകം ഭരണകൂടങ്ങളുടെ ഗ്രാമവികസന നയങ്ങളെ മാറ്റി എഴുതിച്ചു. കർഷകരുടെ ഉന്നമനത്തിനും ഇന്ത്യൻ ഗ്രാമങ്ങളിൽ നിലനിൽക്കുന്ന ജാതി വിവേചനങ്ങൾക്കെതിരെയും ശക്തമായ ഇടപെടലുകൾ നടത്തി. ഇന്ത്യൻ ഗ്രാമങ്ങളെയും അവിടുത്തെ സ്ഥിതിഗതികളെയും രേഖപ്പെടുത്തുന്ന പീപ്പ്ൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ (പാരി) എന്ന ഓൺലൈൻ വാർത്താ പോർട്ടലിന്റെ സ്ഥാപക എഡിറ്റാണ്. പി സായ്‌നാഥുമായി തൽസമയം പ്രതിനിധി മുഹമ്മദ് ഇർഷാദ് നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ:

ഉദാരവൽകരണ നയങ്ങൾ സ്വീകരിക്കാൻ ഇടതുപക്ഷം നിർബന്ധിക്കപ്പെട്ടു

നവ ഉദാരവൽകരണ നയങ്ങൾ സ്വീകരിച്ചത് രാജ്യമല്ല, ഭരണകൂടമാണ്. അതിൽ യു.പി.എ എന്നോ എൻ.ഡി.എ എന്നോ വ്യത്യാസമില്ല. ഭരണഘടന പ്രകാരം രാജ്യത്തിന്റെ 85 ശതമാനം അധികാരവും കേന്ദ്ര ഭരണകൂടമാണ് കയ്യാളുന്നത്. ജി.എസ്.ടി ബിൽ അംഗീകരിക്കപ്പെട്ടതോടെ സംസ്ഥാനങ്ങളുടെ പ്രധാനപ്പെട്ട ഒരു അധികാര മേഖല കൂടി കേന്ദ്രത്തിന്റെ കൈവശമായി. ഇടതുപക്ഷത്തെ ചിലരും ജി.എസ്.ടിക്ക് ഒപ്പു ചാർത്തിയിട്ടുണ്ടെങ്കിലും ജി.എസ്.ടി ഒരു ദുരന്തമാണ്. സംസ്ഥാനങ്ങളുടെ ഒരു പ്രധാനപ്പെട്ട സാമ്പത്തിക സ്രോതസ്സായിരുന്നു വില്പന നികുതി. നിങ്ങൾ അതും കേന്ദ്രത്തിനു നൽകി. സംയുക്തഭരണം എന്ന നമ്മുടെ നിലപാടിന് എതിരാണ് ജി.എസ്.ടി. 60-70 വർഷത്തോളമായി. പശ്ചിമ ബംഗാൾ, കേരളം, ത്രിപുര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങൾ സാമ്പത്തിക സ്വാശ്രയത്വത്തിനു പോരാടുന്നു. ജി.എസ്.ടി കേന്ദ്രത്തിന്റെ ഏകാധിപത്യത്തെ ഒരടിയിൽ നിന്നും മൂന്നടിയായി വർദ്ധിപ്പിച്ചുവെന്നാണ് എനിക്ക് തോന്നുന്നത്.


കുടുംബശ്രീ ലോകത്തിന് മാതൃക

ഭരണത്തിലേറുന്നതു വരെ ഒരു സർക്കാറും തങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കും എന്നു പറയില്ല. ഞങ്ങൾ എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പു വരുത്തും, ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തും എന്നൊക്കെ പറഞ്ഞാണ് എല്ലാവരും ഭരണത്തിലേറുക. എന്നാൽ അധികാരം കിട്ടിയാൽ ചെയ്യുന്നത് നേർവിപരീതമായ കാര്യങ്ങളാവും. വൻ ഇൻഷൂറൻസ് കുംഭകോണമാണ് ഇപ്പോൾ രാജ്യത്തു നടന്നു കൊണ്ടിരിക്കുന്നത്. ആരോഗ്യ ഇൻഷൂറൻസിലും വിള ഇൻഷൂറൻസിലും കോർപ്പറേറ്റുകൾ വൻ തട്ടിപ്പ് നടത്തുകയാണ്. എങ്ങനെയാണ് രാജ്യത്തെ ജനങ്ങൾക്കും സംസ്ഥാന സർക്കാറുകൾക്കും കേന്ദ്രത്തിന്റെ നയങ്ങളെ പ്രതിരോധിക്കാൻ കഴിയുക എന്ന കാര്യത്തിൽ കേരളവും കേരളത്തിലെ ജനങ്ങളും ആശ്ചര്യകരമായ മുന്നേറ്റമാണ് കാഴ്ച്ചവെക്കുന്നത്. കുടുംബശ്രീ പോലുളള ഒരു മുന്നേറ്റം ഇന്ത്യയിലെന്നല്ല, ലോകത്ത് ഒരിടത്തും എനിക്ക് കാണാൻ സാധിച്ചിട്ടില്ല. 45 ലക്ഷം സ്ത്രീകൾ അവരുടെ ജീവിതത്തിൽ കുടുംബശ്രീയിലൂടെ മാറ്റങ്ങൾ കൊണ്ടുവന്നു. പാവപ്പെട്ട സ്ത്രീകളായതു കൊണ്ട് ഇവരുടെ പ്രവർത്തനങ്ങൾക്ക് അർഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ല എന്നത് നിരാശാജനകമാണ്. ഐ.ഐ.ടിയിലെ വിദ്യാർത്ഥികളായിരുന്നു ഇത്തരത്തിലുളള ഒരു പ്രവർത്തനം നടത്തിയിരുന്നതെങ്കിൽ നമ്മുടെ മാദ്ധ്യമങ്ങൾ ആഘോഷമാക്കുമായിരുന്നു. പല ഗ്രാമീണ ബാങ്കുകളിലും ഇന്നു കുടുംബശ്രീയാണ് പ്രധാന നിക്ഷേപകർ. അതുപോലെ എടുത്തു പറയേണ്ട ഒരു മുന്നേറ്റമാണ് കേരളത്തിലെ സംഘകൃഷി പരീക്ഷണങ്ങൾ. ഇത്തരത്തിലുള്ള മുന്നേറ്റങ്ങൾ ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലേ കാണാൻ കഴിയൂ. കേന്ദ്രം അതിന്റെ നയങ്ങൾ സംസ്ഥാന സർക്കാറുകളുടെ മേൽ അടിച്ചേൽപ്പിക്കുകയാണ്. ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളും ഇതിൽ നിന്നും മുക്തമല്ല. അതുകൊണ്ടു തന്നെ നവ ഉദാരീകരണ നയങ്ങൾ എല്ലാവരും പുൽകുകയായിരുന്നുവെന്ന് ഞാൻ പറയില്ല. അതിനെ സ്വീകരിക്കാൻ നിർബന്ധിക്കപ്പെടുകയായിരുന്നു.

ഭീതിദമായ കാലഘട്ടം

കഴിഞ്ഞ നാലു വർഷത്തെ മോദി സർക്കാറിന്റെ പ്രവർത്തനങ്ങളെ അങ്ങേയറ്റത്തെ ദുരന്തം എന്നേ വിശേഷിപ്പിക്കാൻ കഴിയൂ. സ്വാതന്ത്ര്യാനന്തരം ഇത്തരത്തിലുള്ള ഒരു മോശം കാലഘട്ടത്തിലൂടെ ഇന്ത്യ കടന്നു പോയിട്ടില്ല. അടിയന്തരാവസ്ഥാ കാലത്തു പോലും ജനങ്ങളെ സർക്കാർ ഇത്രയും ഭീതിപ്പെടുത്തിയിട്ടില്ല. അടിയന്തരാവസ്ഥ എന്താണെന്ന് മനസ്സിലാക്കുവാനുള്ള പ്രായമൊക്കെ അന്ന് എനിക്കണ്ടായിരുന്നു.

നാലു വർഷത്തെ കണക്കെടുക്കൽ നഗ്‌നമായി നിങ്ങളുടെ മുന്നിൽ നിൽക്കുന്നു. നോട്ടു നിരോധനം, ജി.എസ്.ടി, മൗലികവാദത്തിന്റെ കടന്നുകയറ്റം, കൊലപാതകങ്ങൾ, ആൾക്കൂട്ട കൊലകൾ.. ഇതിനെയെല്ലാംന്യായീകരിക്കുന്ന മന്ത്രിമാർ.. രാജ്യം നയിക്കാൻ മോശം നേതാവിനെ ലഭിക്കുമ്പോൾ അത് നിങ്ങളിലെ മൃഗീയതയെ പുറത്തെടുക്കാൻ പ്രേരിപ്പിക്കുന്നു. നിങ്ങൾക്ക് പ്രചോദനം നൽകുന്ന മഹത്തായ നേതാക്കളെ ലഭിക്കുമ്പോൾ അത് നിങ്ങളിലെ മഹത്വത്തെയും ഉണർത്തുന്നു. ഗാന്ധിജിയും സുഭാഷ് ചന്ദ്ര ബോസും ഭഗത് സിങും നമ്മെ നയിച്ചപ്പോൾ നമ്മിലെ ത്യാഗവും ധീരതയും ഉണർന്നു. അങ്ങേയറ്റം ഏകാധിപത്യപരമായ ഒരു ഭരണമാണ് ഇന്നു നമുക്ക് മേലുള്ളത്. വലിയ വളർച്ച കൊണ്ടുവന്നു എന്ന് അവർ അവകാശപ്പെടുന്നു. എന്നാൽ വളർച്ച നേടിയ ഏതെങ്കിലും ഒരു മേഖല കാണിക്കാൻ കഴിയുമോ? എല്ലാ മേഖലയും കൂപ്പുകുത്തുകയാണ്. ആളോഹരി വരുമാനത്തിന്റെ കണക്കുകളിൽ എനിക്ക് വിശ്വാസമില്ല. എന്നാൽ സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം അളക്കുന്ന ആളോഹരി വരുമാനത്തിന്റെ കണക്കുകൾ നോക്കിയാലും രാജ്യം താഴോട്ടു തന്നെയാണ്. കർഷക ആത്മഹത്യകൾ എത്രമാത്രം പെരുകി. കർഷക ആത്മഹത്യയുടെ കണക്കുകൾ പുറത്തു വിടുന്നതു പോലും ഇപ്പോൾ അവർ വിലക്കിയിരിക്കുന്നു. ആത്മഹത്യ ചെയ്യാത്ത കർഷകരും കടുത്ത പ്രതിസന്ധിയിലാണുള്ളത്.

സാങ്കേതികവിദ്യ ജനാധിപത്യവല്കരിക്കണം

ടെക്‌നോളജി ആരാണ് കൈവശം വെക്കുന്നത് എന്നതു വളരെ പ്രധാനമാണ്. ഡിജിറ്റൽ വിപണനം രാജ്യത്തിനു ഉപകാരപ്രദമാണോ എന്നു ചോദിച്ചാൽ ഉപകാരപ്രദമാക്കാൻ കഴിയും എന്നാണ് ഉത്തരം. എന്നാൽ ഏഴു കമ്പനികളുടെ കൈവശം ഇതിന്റെ നിയന്ത്രണാധികാരം ഇരിക്കുന്നിടത്തോളം ഡിജിറ്റൽവൽക്കരണത്തിന്റെ നേട്ടങ്ങൾ പരിമിതമായിരിക്കും. ആധാർ നടപ്പാക്കിയത് നോക്കൂ. ആധാരിനെ എതിർക്കുകയും വിമർശിക്കുകയും ചെയ്ത ഒരു പാർട്ടിയാണ് ഇപ്പോൾ അത് നിർബന്ധമാക്കണമെന്ന് പറയുന്നത്. കോൺഗ്രസ് കൊണ്ടുവന്ന ഒരു പദ്ധതിയെ ഇന്ന് ബി.ജെ.പി ജനങ്ങളിൽ അടിച്ചേൽപ്പിക്കുകയാണ്. ലോകത്തെവിടെ വിരലടയാള സംവിധാനം കൊണ്ടുവന്നാലും ഏഴു ശതമാനത്തിന് ശരിയായി വിരലടയാളം പതിപ്പിക്കാൻ കഴിയില്ല. പ്രായാധിക്യം മൂലമുള്ള വിരലുകളുടെ തേയ്മാനം ഇതിന്റെ ഒരു കാരണമാണ്. എന്നാൽ ഇന്ത്യയിൽ അത് 30 ശതമാനമോ അതിനു മുകളിലോ ആണ്. വലിയ ജനസംഖ്യ വരുന്ന ഇവിടുത്തെ കർഷകത്തൊഴിലാളികളുടെ കൈകളിൽ സ്ഥിരമായി പണിയായുധങ്ങൾ പിടിച്ചതു കൊണ്ട് തഴമ്പു വീണിട്ടുണ്ടാകും.

ഇന്ത്യയിൽ ഔദ്യോഗികമായി സ്ഥിരീകരിച്ച 86,000 കുഷ്ഠരോഗികളുണ്ട്. ഇവരൊക്കെ എങ്ങനെയാണ് ആധാറിനു വേണ്ടി വിരലടയാളം പതിപ്പിക്കുക. 'പാരി'യിൽ ഇത്തരത്തിലുള്ള നിരവധി പേരുടെ വിവരങ്ങൾ ഞങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുഷ്ഠരോഗമുള്ള ഒരു സ്ത്രീ എന്നോടു പറഞ്ഞത് കൈവിരൽ പതിയാത്തതിനാൽ റേഷൻ കടകളിൽ നിന്ന് അവർക്ക് ഒരു വസ്തുവും നൽകുന്നില്ല എന്നാണ്. 'എന്റെ വിരലുകൾ വോട്ടു ചെയ്യുമ്പോൾ നല്ലതാണ്. എന്നാൽ ആധാർ ഉപയോഗിക്കുമ്പോൾ എന്റെ കൈകൾ മോശമാണ്. വോട്ടു ചെയ്യാനെത്തുമ്പോൾ എന്നെ അവർ തിരിച്ചയക്കുന്നില്ല, എന്നാൽ റേഷൻ കടകളിൽ നിന്നും അവർ എന്നെ തിരിച്ചയക്കുന്നു', ആ സ്ത്രീ എന്നോടു പറഞ്ഞു. ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം ഇത്തരത്തിൽ ദുരിതപൂർണ്ണമായിരിക്കുന്നു.

തൊഴിലസരങ്ങൾ കുറഞ്ഞുകൊണ്ടേയിരിക്കുന്നു

നവ ഉദാരീകരണം നടപ്പിലാകുന്നതോടെ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് തത്വശാസ്ത്രം. നിങ്ങൾ മുതലാളിമാർക്ക് നികുതിയിളവ് കൊടുത്താൽ സമൂഹത്തിന് കൂടുതൽ നേട്ടമുണ്ടാകും. ഐ.ടി കമ്പനികൾക്ക് 20 വർഷത്തേക്ക് പൂർണ്ണ നികുതിയിളവ് നൽകി. 20 വർഷത്തിനു ശേഷം സെസ് ആണ് ഏർപ്പെടുത്തുക. സെസ് പ്രകാരം വളരെ കുറഞ്ഞ നികുതിയേ ഒടുക്കേണ്ടതുള്ളൂ. നമ്മൾ ഈ നയങ്ങൾ അനുവർത്തിച്ചു. അപ്പോൾ കൂടുതൽ തൊഴിലവസരങ്ങളും സമൂഹത്തിന് കൂടുതൽ നേട്ടങ്ങളുമുണ്ടാകണമല്ലോ. എന്നാൽ എന്താണ് സംഭവിച്ചത്. കഴിഞ്ഞ വർഷം ഐ.ടി മേഖലയിൽ 70,000 തൊഴിലാളികളെ പിരിച്ചുവിട്ടു. ഇതിൽ 56,000 പേർ ഏറ്റവും ടാറ്റ കൺസൾട്ടൻസി, ഇൻഫോസിസ് തുടങ്ങിയ ഏഴു മുൻനിര കമ്പനികളിൽ നിന്നുള്ളവരാണ്. പത്തും പതിനഞ്ചും കൊല്ലം ജോലി ചെയ്ത തൊഴിലാളികളെയാണ് ഇങ്ങനെ പിരിച്ചു വിട്ടത്. ലാഭം കൊയ്യാനുള്ള ആർത്തിക്ക് ഒരു അവസാനവുമില്ല. 20 വർഷത്തോളമായി ഐ.ടി കമ്പനികൾ മറ്റു തൊഴിൽ മേഖലകളിലെല്ലാം യന്ത്രവൽക്കരണം നടപ്പിലാക്കുന്നു. അതിന്റെ ഭാഗമായി വിവിധ തൊഴിൽ മേഖലകളിൽ തൊഴിലവസരങ്ങൾ ഇല്ലാതായി. ഇപ്പോൾ ഇത് ഐ.ടി മേഖലയിലുമെത്തിയിരിക്കുന്നു. ബാങ്കുകളിലെ യന്ത്രവൽക്കരണം നോക്കൂ. 10 വർഷം മുമ്പ് ഒരു എ.ടി.എം സ്ഥാപിക്കുക എന്നാൽ തൊഴിലവരങ്ങൾ തുറക്കുക എന്നായിരുന്നു അർത്ഥം. എന്നാൽ ഇന്ന് ബാങ്കുകളുടെ ശാഖകളിലെ 60 ശതമാനം തൊഴിലസരങ്ങൾ ഇല്ലാതായി. സോഫ്റ്റ്‌വെയറുകൾ വന്നത് തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്നതിൽ കാര്യമായ പങ്കുവഹിക്കുന്നുണ്ട്. പല കാര്യങ്ങളിലും തീരുമാനങ്ങൾ എടുക്കുന്നത് പോലും സോഫ്റ്റ്‌വെയറുകളാണ്. ഇതിനെല്ലാമുപരി നിർമ്മിത ബുദ്ധിയും വരികയാണ്. മൂന്നു ദിവസം മുമ്പ് ഹോങ്കോങ്ങിൽ ടെലിവിഷൻ വാർത്താ അവതരണം നടത്തിയത് ഒരു റോബോർട്ട് ആയിരുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് തൊഴിലവസരങ്ങൾ വലിയ അളവിൽ കുറഞ്ഞുകൊണ്ടേയിരിക്കുമെന്നാണ്. ഡിജിറ്റൽവൽക്കരണം ഉപകാരപ്രദമാകണമെങ്കിൽ ആദ്യം ജനങ്ങളുടെ അഭിപ്രായം കേൾക്കണം. ഡിജിറ്റൽ സങ്കേതങ്ങൾ ജനാധിപത്യവൽക്കരിക്കുകയും വേണം.


കേരളത്തിലെ ജനങ്ങളുടെ നിശ്ചയദാർഢ്യം

പ്രളയക്കെടുതിയിൽ നിന്നുള്ള കേരളത്തിന്റെ പുനർനിർമ്മാണത്തിൽ കെ.പി.എം.ജി എന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണയില്ല. എന്നാൽ ജനങ്ങളുടെ ഇടപെടലാണ് ഞാൻ നിരീക്ഷിച്ചത്. പ്രളയ സമയത്ത് ഞാൻ കേരളത്തിൽ വന്നിരുന്നു. പത്തനംതിട്ട, കുട്ടനാട്, ആലപ്പുഴ എന്നീ പ്രദേശങ്ങൾ സന്ദർശിച്ചു. ഇവിടുത്തെ സാധാരണക്കാരും കർഷക സ്ത്രീകളും കാണിച്ച നിശ്ചയദാർഢ്യം എന്നെ അമ്പരപ്പിച്ചു. താഴേക്കിടയിലുള്ള ഇവർ ചെയ്ത പ്രവൃത്തികൾ ഒരു കമ്പനിക്കും ചെയ്യാൻ കഴിയില്ല. കേരളം വലിയ പ്രതീക്ഷ നൽകുന്ന ഒരു സംസ്ഥാനമാണ്. ഓരോ തവണ കേരളത്തിലെത്തുമ്പോഴും നിരാശയെല്ലാം മാറി ഉന്മേഷത്തോടെയാണ് ഞാൻ തിരിച്ചു പോകാറ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പ്രകൃതി ദുരന്തങ്ങൾ ഞാൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇച്ഛാശക്തിയോടെ കേരളം തിരിച്ചുവന്നതു പോലെ മറ്റൊരു സ്ഥലത്തും ജനങ്ങൾ തിരിച്ചുവന്നത് ഞാൻ കണ്ടിട്ടില്ല.

Read More >>