'മോദി സര്‍ക്കാര്‍ തടങ്കല്‍ കേന്ദ്രത്തിലാവുന്ന ഒരു ദിവസം വന്നേക്കാം, അന്ന് നാം സ്വതന്ത്രരാവും; ഒരിഞ്ചുപോലും നമ്മള്‍ പിറകോട്ട് പോകരുത്': അരുന്ധതി റോയ്

'മോദിയെ ചോദ്യം ചെയ്യാത്ത മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ കൂടെയുണ്ട്. രാജ്യത്ത് എന്‍.ആര്‍.സിക്കും പൗരത്വ നിയമ ഭേദഗതിക്കും എതിരായി വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്': അരുന്ധതി റോയ്

ന്യൂഡല്‍ഹി: എല്ലാവരും ഒത്തൊരുമിച്ച് നിന്നാല്‍ നമ്മെ ഒരുമിച്ച് തടങ്കലില്‍ ഇടാന്‍ കഴിയുന്ന ഒരു തടങ്കല്‍ കേന്ദ്രം നിര്‍മിക്കാന്‍ മോദി സർക്കാരിന് സാധിക്കില്ലെന്ന് എഴുത്തുകാരി അരുന്ധതി റോയ്. ഒരുപക്ഷേ ഈ സര്‍ക്കാര്‍ തടങ്കല്‍കേന്ദ്രത്തിലാവുന്ന ഒരു ദിവസം വന്നേക്കാം. അന്ന് നാം സ്വതന്ത്രരാവും. ഒരിഞ്ചുപോലും നമ്മള്‍ പിറകോട്ട് പോകരുത്- അരുന്ധതി വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികയ്ക്കുമെതിരെ പ്രതിഷേധിക്കുന്ന ഡല്‍ഹി ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാർത്ഥികളെ നേരിട്ട് കണ്ട് അരുന്ധതി റോയ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. രാജ്യത്ത് തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെയും എഴുത്തുകാരി ശക്തമായാണ് പ്രതികരിച്ചത്.

തടങ്കല്‍ പാളയങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ കാര്യങ്ങള്‍ നുണയാണ്. രാജ്യത്തെവിടെയും തടങ്കല്‍പാളയങ്ങളില്ലെന്നും സര്‍ക്കാര്‍ എന്‍ആര്‍സിയെക്കുറിച്ചു പറഞ്ഞില്ലെന്നുമാണു പ്രധാനമന്ത്രി അവകാശപ്പെട്ടത്. പിടിക്കപ്പെടുമെന്ന് അറിയാമായിരുന്നിട്ടും പ്രധാനമന്ത്രി നുണ പറയുകയാണ്. മോദിയെ ചോദ്യം ചെയ്യാത്ത മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ കൂടെയുണ്ട്. രാജ്യത്ത് എന്‍.ആര്‍.സിക്കും പൗരത്വ നിയമ ഭേദഗതിക്കും എതിരായി വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. അതുകൊണ്ടുതന്നെ ഈ രണ്ടു പദ്ധതികളുടെയും വ്യവസ്ഥകള്‍ എന്‍.പി.ആറില്‍ കൂടി നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അരുന്ധതി റോയ് പറഞ്ഞു.

Next Story
Read More >>