ക്യാമറയുടെ കോമാച്ചികള്‍

ഇടക്കു ആന്ധ്രയില്‍ ജോലി ചെയ്യുന്ന കാലത്ത് ഒരു സുഹൃത്തിന്റെ കയ്യിലുണ്ടായിരുന്ന എസ്.എല്‍.ആര്‍ ക്യാമറയില്‍ ചില ഫോട്ടോകളെടുത്തിരുന്നു. പിന്നീട് ഗള്‍ഫില്‍നിന്നു വന്ന അമ്മാവന്‍ വില്‍ക്കാന്‍ ഏല്‍പിച്ച ക്യാമറ കുറേ ദിവസം കൊണ്ടു നടന്നു. പ്രിന്റിംഗ് ചാര്‍ജ് മാത്രം ഈടാക്കി ആവശ്യക്കാര്‍ക്കൊക്കെ ഫോട്ടോ എടുത്തു കൊടുത്തു.

ക്യാമറയുടെ കോമാച്ചികള്‍

ഉല്‍ഘാടനത്തിനു മന്ത്രി കൃത്യസമയത്ത് എത്തി. ഫോട്ടോഗ്രാഫര്‍ വന്നിട്ടില്ല. ഫോട്ടോഗ്രാഫര്‍ ഇല്ലാതെ എന്ത് ഉല്‍ഘാടനം! ഉല്‍ഘാടനം ചെയ്യുന്നതോ? ഒരു സ്റ്റുഡിയോ!

ഉടമയോട് മന്ത്രി ചോദിച്ചു, അപ്പോ ഫോട്ടോ എടുക്കാന്‍ പഠിക്കാതെയാണോ സ്റ്റുഡിയോ ആരംഭിക്കുന്നത്? അറിയുന്ന തൊഴിലേ ചെയ്യാവൂ എന്ന് മന്ത്രി ഉപദേശിക്കുകയും ചെയ്തു. മരിച്ചു പോയ പഴയ കൂട്ടുകാരന്റെ മകനായതു കൊണ്ടാണ് മന്ത്രി ഒരു കൊച്ചു സ്റ്റുഡിയോയുടെ ഉല്‍ഘാടനത്തിനു സമ്മതിച്ചത്.

അന്ന് ഉല്‍ഘാടനം ചെയ്ത സ്റ്റുഡിയോയുടെ പേര് സ്റ്റുഡിയോ കൊമാച്ചി. സ്റ്റുഡിയോ ഉടമയെ ഇന്നു ലോകമറിയും. അജീബ് കൊമാച്ചി. കൊമാച്ചി ഒരു ജപ്പാന്‍ പദമാണ്. ആളെ മയക്കുന്ന സൗന്ദര്യം എന്നാണ് ആ വാക്കിനു അര്‍ഥം.

മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറിയില്‍ ഫാബ്രിക്കേഷന്‍ കരാറുകാരനായിരുന്ന ഫറോക്ക് ചുങ്കത്തെ പുളിക്കല്‍ വീട്ടില്‍ പി.എം. കോയയുടേയും സഹീദയുടേയും മൂത്ത മകന്‍ ഫോട്ടോഗ്രഫി പഠിച്ചിട്ടല്ല സ്റ്റുഡിയോ എന്ന ആ സാഹസത്തിനു മുതിര്‍ന്നത്. ഫോട്ടോഗ്രഫിയോടുള്ള കമ്പം കൊണ്ടു മാത്രമാണ്.

റയോണ്‍സ് കാലത്തു ബാപ്പയും ഇ.ടി. മുഹമ്മദ് ബഷീറും ചങ്ങാതിമാരായിരുന്നു. ആ ബന്ധത്തിന്റെ പേരിലാണ് അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ബഷീര്‍ സ്റ്റുഡിയോ ഉല്‍ഘാടകനായി വന്നത്. സ്റ്റുഡിയോ തുടങ്ങിയതില്‍ പിന്നെ ഫോട്ടോഗ്രഫി പഠിക്കുകയല്ലാതെ വേറെ വഴിയില്ല. സ്റ്റുഡിയോയില്‍ ബാക്കി ഫിലിം കഷ്ണങ്ങള്‍ ക്യാമറയില്‍ ലോഡ് ചെയ്തു അജീബ് സഞ്ചാരത്തിനിറങ്ങും. മുമ്പത്തെ യാത്രകളില്‍ മനസ്സില്‍ പകര്‍ത്തി വെച്ച ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തും. അങ്ങിനെ പയ്യെപ്പയ്യെ ഫോട്ടോഗ്രഫി എന്ന കല അജീബ് സ്വന്തമാക്കി. പിന്നീടു കാണുന്നത് ഫോട്ടോഗ്രഫി ഒരു കുടുംബത്തിന്റെ കുലത്തൊഴിലായി മാറുന്നതാണ്. അതാണ് അജീബിന്റെ രണ്ടാമത്തെ മകന്‍ അഗിന്‍ പറയുന്നത്, ഫോട്ടോഗ്രഫി എന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നുവെന്നു.

നാല്‍പതാം വയസ്സിലാണ് അജീബിനു പിതാവിനെ നഷ്ടപ്പെടുന്നത്. പ്രിഡിഗ്രിക്കു പഠിക്കുന്ന കാലം. ഉമ്മയും രണ്ട് അനിയന്‍മാരുമുള്ള കുടുംബം നജീബിന്റെ ഉത്തരവാദിത്തമായി. ആദ്യം പോയത് പിതാവിന്റെ വഴിയേ ഗ്വാളിയോര്‍ റയോണ്‍സിലെ കരാര്‍ ജോലിക്കാണ്. അതിനായി വെല്‍ഡിംഗും ഫാബ്രിക്കേഷനുമൊക്കെ പഠിച്ചു. ആ തൊഴില്‍ അധികം തുടര്‍ന്നില്ല. നേരേ ആന്ധ്രയിലേക്കു പോയി. അവിടെ സുഹൃത്തുക്കള്‍ നടത്തുന്ന ബേക്കറിയില്‍ ജോലി ചെയ്തു. സെയില്‍സ്മാനായും ഡ്രൈവറായുമൊക്കെ പല വേഷം കെട്ടി.

അവിടെയും അധികം തുടര്‍ന്നില്ല. പ്രവാസത്തില്‍ ഒരു കൈ നോക്കാമെന്നു വെച്ചു സൗദി അറേബ്യയിലേക്ക് പറന്നു. ഒരു വര്‍ഷം വെല്‍ഡറായി ജോലി ചെയ്തു. പിന്നെ മറ്റു ജോലിയിലേക്ക് മാറി. മൂന്നു വര്‍ഷം കഴിഞ്ഞു തിരിച്ചു പോന്നു. അപ്പോഴേക്കും വിവാഹം കഴിഞ്ഞിരുന്നു. മൂത്ത മകന്‍ അഖില്‍ ജനിച്ച ശേഷമാണ് ഫോട്ടോഗ്രഫിയിലേക്ക് തിരിയുന്നത്.

ഫോട്ടോഗ്രഫിയോട് കമ്പം കൂടിയതെങ്ങനെ?

ഇടക്കു ആന്ധ്രയില്‍ ജോലി ചെയ്യുന്ന കാലത്ത് ഒരു സുഹൃത്തിന്റെ കയ്യിലുണ്ടായിരുന്ന എസ്.എല്‍.ആര്‍ ക്യാമറയില്‍ ചില ഫോട്ടോകളെടുത്തിരുന്നു. പിന്നീട് ഗള്‍ഫില്‍നിന്നു വന്ന അമ്മാവന്‍ വില്‍ക്കാന്‍ ഏല്‍പിച്ച ക്യാമറ കുറേ ദിവസം കൊണ്ടു നടന്നു. പ്രിന്റിംഗ് ചാര്‍ജ് മാത്രം ഈടാക്കി ആവശ്യക്കാര്‍ക്കൊക്കെ ഫോട്ടോ എടുത്തു കൊടുത്തു. ഫോട്ടോകളൊക്കെ നന്നാകുന്നുണ്ടെന്നു ആളുകള്‍ അഭിപ്രായം പറഞ്ഞപ്പോള്‍ സ്വന്തമായി ഒരു സ്റ്റുഡിയോ എന്ന ആശയത്തിലേക്ക് ചിന്ത നീങ്ങി. ഫോട്ടോഗ്രഫി പഠിച്ചിട്ടില്ലെങ്കിലും ഒരു ധൈര്യത്തിനു അങ്ങു തുടങ്ങി.

ഫോട്ടഗ്രഫിയെ മറ്റൊരു തരത്തില്‍ സമീപിക്കാന്‍ തുടങ്ങുന്നത് എപ്പോഴാണ്?

1987 മുതലാണ് ഫോട്ടോഗ്രഫി ഗൗരവമായെടുക്കാന്‍ തുടങ്ങിയത്. സ്റ്റുഡിയോയില്‍ പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോയെടുത്തും കല്യാണ ഫോട്ടോ എടുത്തുമൊക്കെ മുന്നോട്ടു പോവുകയായിരുന്നു. അപ്പോഴാണ് ന്യൂസ് ഫോട്ടോഗ്രഫിയില്‍ താല്‍പര്യം വരുന്നത്. നാട്ടില്‍ നടക്കുന്ന സകല സംഭവങ്ങളുടേയും ഫോട്ടോ എടുക്കും. റോഡിന്റെ ശോച്യാവസ്ഥ പോലെ നാടിനെ ബാധിക്കുന്ന പല പ്രശ്‌നങ്ങളും ക്യാമറയില്‍ പകര്‍ത്തും. അത് അന്വേഷിച്ചു വരുന്ന പ്രാദേശിക പത്ര ലേഖകര്‍ക്കു കൊടുക്കും. ഫോട്ടോ ആര്‍ക്കൊക്കെയോ എന്തിനൊക്കെയോ ഉപകാരപ്പെടുന്നു എന്നു മനസ്സിലായി.

രണ്ടായിരാമാണ്ടില്‍ ഗുജറാത്തില്‍ ഭൂകമ്പ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതോടെയാണ് അജീബിന്റെ ഫോട്ടോഗ്രഫി ജീവിതം മാറി മറിയുന്നത്. കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ ജേണലിസം വിദ്യാര്‍ഥികളായിരുന്ന അബ്ബാസ് പനയ്ക്കല്‍, ഉമര്‍ മേല്‍മുറി, രേഷ്മാ ഷാ എന്നിവര്‍ക്കൊപ്പമായിരുന്നു ഗുജറാത്ത് യാത്ര.

അതു വരെ കമേഴ്സ്യല്‍ ഫോട്ടോഗ്രഫിയെ കുറിച്ചായിരുന്നു അജീബിന്റെ ചിന്ത. ക്യാമറയ്ക്കു അതില്‍പരം ഒരുപാട് ചെയ്യാനുണ്ടെന്ന് തിരിച്ചറിഞ്ഞത് ആ യാത്രയിലാണ്. പിന്നീട് ക്യാമറയിലൂടെ കാണാന്‍ ശ്രമിച്ചതത്രയും സഹജീവികളുടെ കണ്ണീരാണ്. മണ്ണും പ്രകൃതിയും മിണ്ടാ പ്രാണികളും അജീബിന്റെ ക്യാമറയുടെ കാരുണ്യത്തിന്റെ ഫ്രെയിമില്‍ ആശ്വാസം തേടി.

ആ യാത്ര എങ്ങനെയാണ് സ്വാധീനിച്ചത്?

ആയിരക്കണക്കിനു കുട്ടികളാണ് ഭൂകമ്പത്തില്‍ അനാഥരായത്.ഫ്ളാറ്റില്‍ കുടുങ്ങിയ കുട്ടികള്‍. ജീവിതത്തിലേക്കു തിരിച്ചു വരാന്‍ കഴിയാതെ മണ്ണിലൊടുങ്ങിയ അനേകര്‍. ഫോട്ടോ എടുത്തുകൊണ്ടിരിക്കെ ചെറിയ കുലുക്കം സംഭവിച്ചു എനിക്കു തന്നെ കാലിനു പരിക്കു പറ്റിയിരുന്നു. അതിനിടയിലും മതവൈരവുമായി നടക്കുന്നവരെ കണ്ടു. മൃതദേഹങ്ങളുടെ ഒരു ഫോട്ടോ പോലും എടുത്തില്ല. ജീവിച്ചിരിക്കുന്നവരുടെ അതിജീവനത്തിനുള്ള അഭിവാഞ്ജയായിരുന്നു ഓരോ ചിത്രവും. ദുരന്ത ഭൂമിയിലൂടെ എന്ന പേരില്‍ ആയിരത്തിലേറെ വേദികളില്‍ അവയുടെ പ്രദര്‍ശനം നടന്നു. ദുരന്ത ബാധിതര്‍ക്ക് സഹായം ലഭ്യമാക്കുക എന്നതായിരുന്നു ലക്ഷ്യം.

അതിനു ശേഷമല്ലേ ന്യൂസ് ഫോട്ടോഗ്രഫിയിലേക്കു വരുന്നത്?

അതോടെ ന്യൂസ് ഫോട്ടോഗ്രാഫിയെ കുറേക്കൂടി ഗൗരവത്തില്‍ സമീപിക്കണമെന്നു തോന്നി. ആ സമയത്താണ് മാധ്യമത്തില്‍നിന്നു ക്ഷണം വന്നത്. 2002 മുതല്‍ 2008 വരെ മാധ്യമത്തില്‍ ഫോട്ടോ ജേണലിസ്റ്റായി. അക്കാലത്താണ് മുത്തങ്ങ വെടിവെപ്പും മാറാട് കലാപവും കടലുണ്ടി ദുരന്തവുമൊക്കെ സംഭവിക്കുന്നത്. പിന്‍പോയിന്റില്‍ നില്‍ക്കുന്ന ഫോട്ടോഗ്രാഫര്‍ക്കേ നല്ല ഫോട്ടോ കിട്ടൂ. അടിക്കുന്നവന്റെയും അടി കൊള്ളുന്നവന്റേയും ഇടയില്‍ നില്‍ക്കണം ഫോട്ടോഗ്രാഫര്‍.

വിദേശ യാത്രക്ക് അവസരം ലഭിച്ചതോടെ മാധ്യമം വിട്ടു. ഗുജറാത്തില്‍ പോയ അതേ ടീമിനൊപ്പമായിരുന്നു വിദേശ യാത്ര. ഇതുവരെ 35 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. നമ്മള്‍ പാഠ പുസ്തകങ്ങളില്‍ പഠിച്ച സംസ്‌ക്കാര, ചരിത്ര പാഠങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു ലക്ഷ്യം. അതിനായി അഞ്ചു തവണ പല രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 20 മിനിറ്റു വീതമുള്ള ഡോക്യുമെന്ററികളായിരുന്നു ഓരോന്നും. പത്രം വിട്ട ശേഷം ഇന്ത്യക്ക് അകത്തും പുറത്തുമുള്ള 32 മാഗസിനുകളുമായി കരാറിലെത്തി. അവര്‍ക്കു വേണ്ടി മലബാറില്‍നിന്നുള്ള ഫോട്ടോകള്‍ എടുക്കുന്നുണ്ട്.

അഞ്ചു തീമുകളിലായി 4500 ലേറെ പ്രദര്‍ശനങ്ങള്‍. അവ തരുന്ന അനുഭവമെന്താണ്?

നമ്മള്‍ എടുക്കുന്ന നല്ല ഫോട്ടോകള്‍ ആയിരിക്കണമെന്നില്ല മിക്കവാറും പത്രങ്ങളില്‍ അച്ചടിച്ചു വരുന്നത്. അങ്ങനെയാണ് ഓരോ ആശയം അടിസ്ഥാനമാക്കി ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കുക എന്ന ചിന്തയുണ്ടാകുന്നത്. കടലുണ്ടി ദുരന്തം നടന്നപ്പോള്‍ ദുരന്തപാതയിലൂടെ എന്ന പേരില്‍ ഫോട്ടോ പ്രദര്‍ശനം നടത്താന്‍ ആളുകള്‍ ക്ഷണിച്ചു. ദുരന്തങ്ങള്‍ തേടി നടക്കുന്ന കഴുകന്മാരാണ് ഫോട്ടോഗ്രാഫര്‍ എന്നാണ് അവരുടെ ധാരണ. അത് ചെയ്തില്ല. ആ ചിന്ത മാറ്റിയെടുക്കണം.

നഷ്ടബാല്യം എന്ന പേരില്‍ നടത്തിയ ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമായിരുന്നു. പല കാരണങ്ങള്‍ കൊണ്ട് ബാല്യം സങ്കടത്തില്‍ മുങ്ങിപ്പോയവരുടെ കഥയായിരുന്നു അത്. ഫോട്ടോയ്ക്ക് സാങ്കേതിക ഭംഗിയൊരുക്കുന്നതിനേക്കാള്‍ ആ ഫോട്ടോക്ക് സമൂഹത്തോട് എന്തു പറയാനുണ്ടെന്നാണ് ഞാന്‍ നോക്കുന്നത്. കഥ പറയുന്ന ചിത്രങ്ങളാണ് ഞാനെടുക്കുന്നത്. ആയിരത്തിലധികം വേദികളില്‍ നഷ്ടബാല്യം പ്രദര്‍ശിപ്പിച്ചു.

പെണ്‍നോവായിരുന്നു അടുത്തത്. ദുരിത ജീവിതം നയിക്കുന്ന അനേകം സ്ത്രീ ജീവിതങ്ങളാണ് ആ വിഭാഗത്തില്‍ പകര്‍ത്തിയത്. മൂന്നാമത്തെ പെണ്‍കുട്ടിയും പെണ്ണായതിന്റെ പേരില്‍ ഉപേക്ഷിക്കപ്പെട്ട ഒരു പെണ്ണുണ്ടായിരുന്നു അതില്‍. കുഷ്ഠ രോഗം മാറി അനേക വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉറ്റവര്‍ തിരിഞ്ഞു നോക്കാത്ത മറ്റൊരു സ്ത്രീ. അങ്ങിനെ നോവിന്റെ അനേകം മുഖങ്ങള്‍.

കാക്കത്തൊള്ളായിരത്തി ഒന്നായിരുന്നു അടുത്ത പ്രദര്‍ശനം. വര്‍ണ വിവേചനത്തിനെതിരെ കാക്കകളുടെ ചിത്രങ്ങളിലൂടെ ഒരു പ്രതിഷേധം. കാക്ക കുളിച്ചാല്‍ കൊക്കാകുമോ എന്നാണ് പഴഞ്ചൊല്ലു. മൂന്നു നേരം കുളിച്ച എത്ര മലയാളികള്‍ വെള്ളക്കാരായെന്നും വിശക്കുമ്പോള്‍ വാതില്‍ക്കല്‍ വന്നപ്പോള്‍ ആട്ടിയോടിച്ച കാക്കയെ ബലിച്ചോര്‍ ഒരുക്കി കൈകൊട്ടി വിളിക്കുന്നതിനേയും ചിത്രങ്ങളില്‍ അവതരിപ്പിച്ചപ്പോള്‍ അതു കറുപ്പിനെ അവഗണിക്കുന്നവര്‍ക്കുള്ള താക്കീതായി വിലയിരുത്തപ്പെട്ടു.

ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയില്‍ മലയാളികളുടെ വൃത്തികെട്ട വശം വെളിപ്പെടുത്തുന്ന ഫോട്ടോകളാണ് പ്രദര്‍ശിപ്പിച്ചത്. അറബി മലയാളം എന്ന പേരിലായിരുന്നു മറ്റൊരു പ്രദര്‍ശനം. ഈജിപ്തിലെ മമ്മി തുറന്നപ്പോള്‍ കണ്ട കുരുമുളക്. സലാലയിലെ ചേരമാന്‍ പെരുമാളിന്റെ ഖബറിടം. സിറിയയില്‍ ചെന്നപ്പോള്‍ കണ്ട ഇന്ത്യന്‍ സുഗന്ധ വ്യഞ്ജനങ്ങളുടെ കച്ചവടം. അതാണ് അറബി മലയാളത്തിന്റ പ്രചോദനം.

അജീബിന്റെ കുടുംബം മുഴുവന്‍ ഇന്നു ക്യാമറക്കുള്ളിലാണ്. അനിയന്മാരായ അസീമും അനീമും അറിയപ്പെടുന്ന ഫോട്ടോഗ്രാഫര്‍മാര്‍ തന്നെ. അസീം സോണി ക്യാമറ കമ്പനിയില്‍ മെന്ററും ഫോട്ടോഗ്രാഫറുമാണ്. അനീം ജിദ്ദയില്‍ ഡിസൈനറായി ജോലി നോക്കുന്നു. പത്താം ക്ലാസു കഴിഞ്ഞപ്പോഴാണ് മൂത്ത മകന്‍ അഖില്‍ ഫോട്ടോഗ്രഫിയിലേക്ക് വന്നത്. ട്രാവല്‍ ഫോട്ടോഗ്രഫിയില്‍ പേരെടുത്ത ഫോട്ടോഗ്രാഫറാണ്. അമേരിക്കയിലെ ആഢംബര കപ്പലായ കരീബിയന്‍ ക്രൂയിസില്‍ ഫോട്ടോഗ്രാഫറായിരുന്നു. ഇപ്പോള്‍ നാട്ടില്‍ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറാണ്.

രണ്ടാമന്‍ അഗിന്‍ എട്ടാം ക്ലാസിലേ ഫോട്ടോ പിടുത്തം തുടങ്ങി. സ്‌കൂളില്‍നിന്നു ടൂര്‍ പോയപ്പോഴാണ് അഗിന്‍ ഫോട്ടോഗ്രഫി വൈഭവം പുറത്തെടുത്തത്. ടൂര്‍ പോകാത്ത കുട്ടികള്‍ക്കായി യാത്രക്കിടയില്‍ കണ്ട കാഴ്ചകള്‍ അഗിന്‍ ക്യാമറയില്‍ പകര്‍ത്തി. എന്നിട്ട് സ്‌കൂളില്‍ പ്രദര്‍ശനം നടത്തി. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ഉയര്‍ത്തിയ സന്ദേഹങ്ങളുമായി കണ്‍ഫ്യൂഷന്‍ എന്ന പേരില്‍ അഗിന്‍ നടത്തിയ പ്രദര്‍ശനം ഏറെ ശ്രദ്ധേമായിരുന്നു. അഗിന്‍ ഇപ്പോള്‍ ഫറോഖ് ബി.എം.എം.സിയില്‍ രണ്ടാം വര്‍ഷ മാസ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിയാണ്. ഏറ്റവും ഒടുവില്‍ ഇളയ മകള്‍ അകിയ. ഫാറൂഖ് കോളജ് വെറേനറി സ്കൂളില്‍ ആറാം ക്ലാസുകാരി. കോഴിക്കോട് ലളിത കലാ ആര്‍ട് ഗാലറിയില്‍ കഴിഞ്ഞ ആഴ്ച സമാപിച്ച നെയിബറിംഗ് എന്ന ഫോട്ടോ പ്രദര്‍ശനം മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍മാരേയും കാഴ്ചക്കാരേയും ഒരുപോലെ അമ്പരിപ്പിച്ചു. തികച്ച സാങ്കേതികത്തികവോടെ പകര്‍ത്തിയ ചിത്രങ്ങളില്‍ പ്രകൃതിടോയുള്ള പ്രണയം നിറഞ്ഞു നില്‍ക്കുന്നു. വീടിനു ചുറ്റുപാടുമുള്ള കാഴ്ചകളാണ് അകിയ പകര്‍ത്തിയത്. സ്റ്റുഡിയോക്കു കണ്ടെത്തിയ കൊമാച്ചി എല്ലാവരും പേരിനൊപ്പം ചേര്‍ത്തു. ഫറോക്ക് പേട്ടയിലെ പുളിക്കല്‍ ആ പഴയു കുടുംബപ്പേര് അങ്ങിനെ മാഞ്ഞു പോയി.

ഈ ക്യാമറകള്‍ക്കു പിന്നില്‍ സ്റ്റാര്‍ട്ടും ആക്ഷനും പറഞ്ഞു അജീബിന്റെ പത്‌നി ജസീനയുണ്ട്. അവരെക്കുറിച്ചു അജീബ്: എല്ലാവരും ഫോട്ടോഗ്രാഫര്‍മാരായതുകൊണ്ടു എന്നും യാത്രയാണ്. സൂര്യന്‍ ഉദിച്ചു വരുന്ന നേരത്താണ് നല്ല ഫോട്ടോകള്‍ കിട്ടുക. അതിനായി അതിരാവിലെ പുറപ്പെടേണ്ടി വരും. പുലര്‍ച്ചെ മുന്നു മണിക്കൊക്കെ എണീറ്റ് ദൂര യാത്രക്കു പോകുന്ന എന്നേയും മക്കളേയും ഒരുക്കിയിറക്കുന്നത് അവരാണ്. വീട്ടില്‍ പ്രൊജക്ട് ഷൂട്ടും പ്രൊഫൈല്‍ ഷൂട്ടുമൊക്കെ നടക്കുമ്പോള്‍ അവരുടെ സഹായം ഏറെ വിലപ്പെട്ടതാണ്. അത്യാവശ്യം ഫോട്ടോഗ്രഫിയൊക്കെ അറിയുകയും ചെയ്യും.

സഹോദരങ്ങള്‍ക്കും മക്കള്‍ക്കും അജീബ് നല്‍കുന്ന ഫോട്ടോഗ്രഫി പാഠമെന്താണ്?

ഫോട്ടോഗ്രഫി എനിക്ക് ഒട്ടും കച്ചവടമല്ല. അതു മാത്രമേ ഞാന്‍ അവരോടും പറയാറുള്ളു. ഇതിനെ കമേഴ്‌സ്യലായി കാണരുത്. ഫോട്ടോഗ്രാഫര്‍ അനുഭവിക്കുന്ന വേദന കാഴ്ചക്കാരനെ കൂടി അനുഭവിപ്പിക്കാന്‍ കഴിയണം. ഓരോ ഫോട്ടോയും സമൂഹത്തിനൊരു സന്ദേശമാകണം. അവരുടെ ചിത്രങ്ങളിലും സമൂഹത്തിനു മികച്ച സന്ദേശങ്ങളുണ്ട്. അതാണൊരു സന്തോഷം.നിരവധി പുരസ്ക്കാരങ്ങള്‍ നേടിയ അജീബിന്റെ അടുത്ത പ്രൊജക്ട് ചോലനായ്ക്കരുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ്.

Read More >>