ആവശ്യമെങ്കില്‍ അവര്‍ കൊല്ലുകയും ചെയ്യും

എന്നെ വധിക്കുമെന്നു പറയുന്നത് ഞാന്‍ അഭിപ്രായം പറയുന്നതു കൊണ്ടു മാത്രമല്ല. ഒരു ദലിതന്‍ ആയി എന്നതു തന്നെ ഞാന്‍ കൊല്ലപ്പെടാനുള്ള സാദ്ധ്യതയാണ്, പ്രത്യേകിച്ചും ഹിന്ദുത്വം ശക്തിപ്പെട്ടാല്‍. ഒരു അംബേദ്കറൈറ്റ് എന്ന നിലയിലും കൊല്ലപ്പെടാന്‍ സാദ്ധ്യതയുള്ളയാളാണ് ഞാന്‍. ഹിന്ദു മൂല്യമണ്ഡലത്തിനു വെളിയില്‍ ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ഒരു സമുദായമാണ് ദലിതര്‍. അവര്‍ എപ്പോഴും ആക്രമിക്കപ്പെട്ടേക്കാം.

ആവശ്യമെങ്കില്‍ അവര്‍ കൊല്ലുകയും ചെയ്യും

കേരളത്തിലെ അറിയപ്പെടുന്ന പ്രഭാഷകനും എഴുത്തുകാരനും ദലിത് ചിന്തകനുമാണ് സണ്ണി എം.കപിക്കാട്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കടുത്ത വിമര്‍ശകനാണ്. ശബരിമല വിഷയത്തില്‍ നിലപാട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തനിക്കെതിരെയുണ്ടായ വധഭീഷണിയുടെ പശ്ചാത്തലത്തില്‍ സണ്ണി എം. കപിക്കാട് തത്സമയത്തിനു നല്‍കിയ അഭിമുഖം.

കേരളത്തില്‍ ഇന്നും ജാതി വിവേചനം നിലനില്‍ക്കുന്നണ്ടോ?

കേരളത്തില്‍ വളരെ സുശക്തമായി തന്നെ പല പുതിയ രീതികളിലും ജാതി വിവേചനം നിലനില്‍ക്കുന്നുണ്ട്. പഴയ രൂപത്തില്‍ നില്‍ക്കുന്നില്ല എന്നല്ല. പഴയ രൂപം എന്നു പറഞ്ഞാല്‍ വളരെ വ്യക്തമായും പരസ്യമായും വിവേചനം കാണിക്കുന്ന രീതികളായിരുന്നു. വളരെ ആസൂത്രിതമായും രഹസ്യമായും ജാതി വിവേചനം സൂക്ഷിക്കുന്ന സമൂഹമാണ് കേരളം. അതിന് നിരവധിയായ ഉദാഹരണങ്ങളുണ്ട്. ചില വിവാഹ പരസ്യങ്ങളില്‍ പട്ടികജാതിക്കാര്‍ വേണ്ട എന്നു കാണാം. ഇതു വളരെ കൃത്യമായ ജാതി വിവേചനമാണ്. പ്രമുഖ പത്രങ്ങളിലാണ് ഇത്തരത്തിലുള്ള പരസ്യങ്ങള്‍ വരുന്നത്. വഴിനടക്കാന്‍ അനുവദിക്കില്ല എന്നതു പോലുള്ള ആക്രമണോത്സുകത മാത്രമല്ല ഒരാള്‍ മറ്റൊരാള്‍ക്ക് തുല്ല്യനല്ല എന്നു കരുതുന്നതു പോലും ജാതി വിവേചനമാണ്. മറ്റു സമൂഹങ്ങള്‍ക്ക് നല്‍കുന്നതു പോലുള്ള പരിഗണന കേരളത്തില്‍ ദലിതര്‍ക്ക് കിട്ടുന്നില്ല.

ജാതിയുടെ പേരില്‍ താങ്കള്‍ വിവേചനത്തിന് ഇരയായിട്ടുണ്ടോ?

വ്യക്തിപരമായി നിരവധിയായ ജാതി വിവേചനങ്ങള്‍ക്ക് ഞാന്‍ ഇപ്പോഴും ഇരയായിക്കൊണ്ടിരിക്കുന്നുണ്ട്. പലപ്പോഴും ഈ വിവേചനങ്ങള്‍ ബോധപൂര്‍വ്വമായിരിക്കണമെന്നില്ല. ഒരിക്കല്‍ എന്നെക്കുറിച്ച് ഒരു സുഹൃത്ത് അവന്റെ വീട്ടില്‍ പറയുകയുണ്ടായി. എനിക്കൊരു സുഹൃത്തുണ്ട്, നല്ല ആളാണ് എന്നൊക്കെ. അങ്ങനെ ആ വീട്ടില്‍ എനിക്കൊരു പ്രതിച്ഛായ കിട്ടുന്നു. എന്നാല്‍ ഞാന്‍ ആ വീട്ടില്‍ നേരിട്ട് എത്തിയപ്പോള്‍ എന്റെ രൂപത്തില്‍ അവര്‍ തൃപ്തരല്ല എന്നു എനിക്ക് മനസ്സിലായി. അവര്‍ പ്രതീക്ഷിക്കുന്ന ആളല്ല ഞാന്‍. അവര്‍ വേറെ ഒരു രൂപത്തിലുള്ള ആളെയാണ് പ്രതീക്ഷിക്കുന്നത്. എഴുതുകയും പ്രസംഗിക്കുകയും ഒക്കെ ചെയ്യുന്ന ഒരാള്‍ എന്ന നിലയില്‍ എന്റെ രൂപത്തോട് അവര്‍ക്ക് പൊരുത്തക്കേട് തോന്നുന്നു. ഇത് കൃത്യമായി അവരുടെ ഉള്ളില്‍ നില്‍ക്കുന്ന ജാതിയുടെ പ്രശ്നമാണ്. സ്‌കൂളിലൊക്കെ പഠിക്കുമ്പോള്‍ ഇതുവളരെ പ്രത്യക്ഷമായിരുന്നു. സ്റ്റൈപ്പന്റ് വാങ്ങുന്നവര്‍ എണീറ്റു നില്‍ക്കെടാ എന്നാണ് ചില അദ്ധ്യാപകര്‍ പറയുക. പട്ടികവിഭാഗക്കാര്‍ക്കുള്ള സ്റ്റൈപ്പന്റിനെ പറ്റിയാണ് ഇത്. അപ്പോള്‍ നമ്മള്‍ കുറ്റവാളികളെ പോലെ എഴുന്നേറ്റു നില്‍ക്കണം.

ശബരിമലയില്‍ ബ്രാഹ്മണാധിപത്യം അനുവദിക്കരുതെന്നും അവിടെ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നുമുള്ള നിലപാടണല്ലോ താങ്കള്‍ക്കെതിരെയുള്ള വധഭീഷണിക്ക് കാരണമായത്. വധഭീഷണിയെ എങ്ങനെ കാണുന്നു?

വധഭീഷണി എന്നു പറയുന്നത് സംഘപരിവാര്‍ ശക്തികള്‍ നാളുകളായി ചെയ്യുന്ന ഒരു കാര്യമാണ്. ഭീതിപ്പെടുത്തി മനുഷ്യനെ നിര്‍വ്വീര്യമാക്കുക എന്നത് അവരുടെ പ്രധാനപ്പെട്ട ഒരു തന്ത്രമാണ്. ഭീതിപ്പെടുത്തുക മാത്രമല്ല ആവശ്യമാണെങ്കില്‍ അവര്‍ കൊല്ലുകയും ചെയ്യും. അവര്‍ എന്നെ കൊല്ലുമെന്നും കത്തിക്കുമെന്നും ഭീഷണിപ്പെടുത്തുന്നതിന്റെ പ്രധാന കാരണം ഞാന്‍ വര്‍ഷങ്ങളായി ഹിന്ദുത്വത്തെ നിതാന്തമായി വിമര്‍ശിക്കുന്ന ഒരാളാണ് എന്നതാണ്. ശബരിമല വിഷയത്തില്‍ തുടങ്ങിയതല്ല എന്റെ ഈ വിമര്‍ശനം. ഹിന്ദുത്വ തത്വശാസ്ത്രത്തെ പരിപൂര്‍ണ്ണമായി തുടച്ചു നീക്കിയാലേ ഇന്ത്യക്ക് ജനാധിപത്യത്തിലേക്കു കടക്കാന്‍ കഴിയൂ എന്ന ബി.ആര്‍ അംബേദ്കറിന്റെ തത്വത്തില്‍ വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അത് ഇവര്‍ക്ക് ഒരു ഭീഷണിയാണ് എന്നതിനാല്‍ തന്നെയാണ് എന്നെ ലക്ഷ്യം വെക്കുന്നത്.

വധഭീഷണിയുയര്‍ന്ന സാഹചര്യത്തില്‍ 'മൂന്നു വയസ്സുള്ള കുട്ടി പോലും എന്റെ സമുദായത്തില്‍ ചുട്ടെരിക്കപ്പെട്ടത് എന്ത് അഭിപ്രായം പറഞ്ഞിട്ടാണ്' എന്ന താങ്കളുടെ ചോദ്യം സാമൂഹ്യമാദ്ധ്യമങ്ങളില്‍ വളരെയധികം പങ്കുവയ്ക്കപ്പെട്ടിരുന്നു. ഏതു സംഭവമായിരുന്നു താങ്കള്‍ പ്രതിപാദിച്ചത്?

എന്നെ വധിക്കുമെന്നു പറയുന്നത് ഞാന്‍ അഭിപ്രായം പറയുന്നതു കൊണ്ടു മാത്രമല്ല. ഒരു ദലിതന്‍ ആയി എന്നതു തന്നെ ഞാന്‍ കൊല്ലപ്പെടാനുള്ള സാദ്ധ്യതയാണ്, പ്രത്യേകിച്ചും ഹിന്ദുത്വം ശക്തിപ്പെട്ടാല്‍. ഒരു അംബേദ്കറൈറ്റ് എന്ന നിലയിലും കൊല്ലപ്പെടാന്‍ സാദ്ധ്യതയുള്ളയാളാണ് ഞാന്‍. ഹിന്ദു മൂല്യമണ്ഡലത്തിനു വെളിയില്‍ ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ഒരു സമുദായമാണ് ദലിതര്‍. അവര്‍ എപ്പോഴും ആക്രമിക്കപ്പെട്ടേക്കാം.

മൂന്നു വയസ്സുള്ള കുട്ടി എന്നു ഞാന്‍ പറഞ്ഞത് ഹരിയാനയില്‍ രണ്ടുവര്‍ഷത്തിനു മുമ്പ് നടന്ന ഒരു സംഭവമാണ്. ഏതാണ്ട് 500ഓളം വരുന്ന ആള്‍ക്കൂട്ടമാണ് ആ വീടിനകത്തേക്ക് പെട്രോള്‍ ഒഴിച്ചു തീവെക്കുന്നത്. ആ വീടിനകത്ത് ഉറങ്ങുകയായിരുന്ന പിഞ്ചുകുഞ്ഞ് വെന്തു മരിച്ചു. ഈ കുട്ടി എന്തു പറഞ്ഞിട്ടാണ് കൊല്ലപ്പെട്ടത്. ജാതി വിവേചനത്തിന് കുട്ടിയെന്നോ വലിയവനെന്നോ അഭിപ്രായം പറയുന്നവനെന്നോ പറയാത്തവനെന്നോ എന്ന വ്യത്യാസമില്ല. ദലിതരെ കൊല്ലാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നു വിശ്വസിക്കുന്നവരാണ് ഹിന്ദുത്വത്തിന്റെ വക്താക്കള്‍.

ശബരിമല വിഷയത്തില്‍ കൊലവിളിയും ആക്രോ ശവുമല്ലാതെ എന്തുകൊണ്ടാണ് ഇതുവരെയും ക്രിയാത്മക സംവാദത്തിനുള്ള സാഹചര്യം ഉരിത്തിരിഞ്ഞു വരാത്തത്?

സംഘപരിവാര്‍ ശക്തികള്‍ സാധാരണ പൊതുസമൂഹം ഇടപെടുന്ന തരത്തിലുള്ള യുക്തിഭദ്രമായ വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടുന്നവരല്ല. അവര്‍ അന്ധവിശ്വാസങ്ങളിലും നുണകളിലും ജീവിക്കുന്ന ഒരു ജനക്കൂട്ടമാണ്. അത്തരമൊരു ജനക്കൂട്ടത്തെ നിര്‍മ്മിക്കലാണ് അവരുടെ പ്രധാന ജോലി. ആ ജനക്കൂട്ടവുമായി ഒരിക്കലും യുക്തിഭദ്രമായ ഒരു സംവാദം നടത്താന്‍ കഴിയില്ല. നമ്മള്‍ ഒരു കാര്യം പറഞ്ഞാല്‍ വേറെ വേറെ ചിലതാണ് ഉള്‍ക്കൊള്ളുക. എന്നിട്ട് ഇതെല്ലാം ഹിന്ദു മതത്തെ തകര്‍ക്കാനുള്ള ശ്രമമാണ് എന്നു പ്രചരിപ്പിക്കും. അതുകൊണ്ടു തന്നെ ആരോഗ്യകരമായ ഒരു സംവാദവും സാദ്ധ്യമാകില്ല.

പുരുഷാധിപത്യം നമ്മുടെ സമൂഹത്തിന്റെയും മതവ്യവസ്ഥയുടെയും ഭാഗമാണല്ലോ. ഈ പുരുഷാധിപത്യത്തെ എങ്ങനെയാണ് മറികടക്കാന്‍ കഴിയുക?

പുരുഷാധിപത്യം എന്ന കേവലമായ വാക്കു കൊണ്ട് ഇവിടുത്തെ പുരുഷാധിപത്യത്തെ വിശദീകരിക്കാന്‍ കഴിയില്ല. അത് ഇവിടുത്തെ ബ്രാഹ്മണിക പുരുഷാധിപത്യത്തിന്റെ ബാക്കിയാണ്. ജാതിബദ്ധമായ ബ്രാഹ്മണിക ആശയപ്രപഞ്ചത്തില്‍ നില്‍ക്കുന്ന ഒരു പുരുഷാധിപത്യമാണത്. അത് വളരെ സങ്കീര്‍ണ്ണമാണ്. കേരളത്തിലെ ഓരോ സമുദായത്തിലെയും സ്ത്രീകള്‍ അനുഭവിക്കുന്ന പുരുഷാധിപത്യത്തിന്റെ രൂപങ്ങളില്‍ വ്യത്യാസമുണ്ട്. അതുകൊണ്ട് ഇവിടെ ഏകപക്ഷീയമായ പൊതുവായ ഒരു പുരുഷാധിപത്യമാണ് നിലനില്‍ക്കുന്നതെന്നും അതിനു കീഴിലാണ് സ്ത്രീകള്‍ എന്നുമുള്ള വാദങ്ങള്‍ തെറ്റാണ്. ഈ വാദങ്ങള്‍ ഇന്ത്യ പോലെ ജാതിക്കകത്തു പ്രവര്‍ത്തിക്കുന്ന ഒരു പുരുഷാധിപത്യ വ്യവസ്ഥിതിയെ മനസ്സിലാക്കാന്‍ പര്യാപ്തമല്ല. ഇന്ത്യയിലെ സ്ത്രീ സമത്വത്തിനു വേണ്ടിയുള്ള ഏതൊരു വാദവും ബ്രാഹ്മണിസത്തിനെതിരായുള്ള വാദം കൂടിയായിരിക്കേണ്ടതുണ്ട്. എങ്ങനെയാണെങ്കിലേ സ്ത്രീ സമത്വത്തിലേക്കു നമുക്ക് പ്രവേശിക്കാന്‍ കഴിയൂ.

ദലിതുകളും ന്യൂനപക്ഷങ്ങളും രാജ്യത്താകമാനം ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. എന്നാല്‍ വിശാലമായ അര്‍ത്ഥത്തില്‍ ദലിത്-ന്യൂനപക്ഷ മുന്നേറ്റങ്ങള്‍ ഇതുവരെയും രൂപപ്പെട്ടിട്ടില്ലല്ലോ..

ദലിത്-ന്യൂനപക്ഷ മുന്നേറ്റങ്ങള്‍ രൂപപ്പെട്ടിട്ടില്ല എന്നൊന്നും പറയാന്‍ കഴിയില്ല. എന്നാല്‍ വിശാലമായ അര്‍ത്ഥത്തില്‍ രൂപപ്പെട്ടിട്ടില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. അതിനു പല കാരണങ്ങളുണ്ട്. കേരളത്തിലെ സ്ഥിതിയാണെങ്കില്‍ മുസ്ലിങ്ങള്‍ താരതമ്യേന സംഘടിതരാണ്. അവര്‍ക്ക് ഭരണത്തിലൊക്കെ ചെറിയ പങ്ക് ലഭിക്കുന്നുണ്ട്. അവര്‍ക്ക് ഇവിടെ രാഷ്ട്രീയ സംവിധാനങ്ങളുമുണ്ട്. ഇതിനു സമാനമായ സംഘടിതമായ ഒരു രാഷ്ട്രീയ ശക്തിയല്ല കേരളത്തിലെ ദലിതര്‍. അത് ഒരു തടസ്സമാണ്. അഖിലേന്ത്യാതലത്തില്‍ ചെറുതും വലുതുമായ നിരവധി കൂട്ടായ്മകള്‍ മുസ്ലിങ്ങളും ദലിതുകളും തമ്മില്‍ ഉണ്ടാകുന്നുണ്ട്. ഇത്തരത്തിലുള്ള മുന്നേറ്റങ്ങളാണ് ഭാവി എന്നു വിശ്വസിക്കുന്നയാളാണ് ഞാന്‍. മുസ്ലിങ്ങള്‍ മാത്രമല്ല, ദലിതരും ആദിവാസികളും മറ്റെല്ലാ ന്യൂനപക്ഷങ്ങളും ഒന്നിക്കുന്ന വിശാലമായ രാഷ്ട്രീയ കൂട്ടായ്മയ്ക്കു മാത്രമേ സംഘപരിവാര്‍ രാഷ്ട്രീയത്തെ പരാജയപ്പെടുത്താന്‍ പറ്റൂ.

ജാതി സംവരണത്തിനെതിരെ വ്യാപകമായ പ്രചാരണങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. കേരള സര്‍ക്കാര്‍ പുതുതായി രൂപം കൊടുത്ത കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ സ്ഥാനക്കയറ്റത്തിന് സംവരണ മാനദണ്ഡങ്ങള്‍ ബാധകമാക്കേണ്ടതില്ല എന്നാണല്ലോ തീരുമാനം. യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ ഇന്നു സംവരണം ആവശ്യമുണ്ടോ?

സംവരണത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യമെന്നു പറയുന്നത് സ്വാഭാവിക നീതി ലഭിക്കാത്ത വിഭാഗങ്ങള്‍ക്ക് നിയമപരമായി നീതി ഉറപ്പിക്കുക എന്നതാണ്. അതൊരു ഭരണഘടനാപരമായ സംവിധാനമാണ്. ജാതി സംവരണം വേണോ വേണ്ടേ എന്നു ചര്‍ച്ച ചെയ്യുന്നതിനു മുമ്പ് നമ്മള്‍ ആദ്യം പരിശോധിക്കേണ്ടത് കേരളീയ സമൂഹത്തില്‍ ജാതീയവും സാമുദായികവുമായ നീതി നിലനില്‍ക്കുന്നുണ്ടോ എന്നാണ്. അങ്ങനെ നോക്കിയാല്‍ സാമുദായിക നീതി നിലനില്‍ക്കാത്ത സംസ്ഥാനമാണ് കേരളം. സമ്പത്ത്, വിദ്യാഭ്യാസം, ജോലി, അധികാരം എന്നീ കാര്യങ്ങളിലെല്ലാം നീതി പൂര്‍ണ്ണമായും ലഭിക്കാത്ത സ്ഥിതി വിശേഷം കേരളത്തില്‍ ഉള്ളിടത്തോളം സാമുദായിക സംവരണം ആവശ്യമാണ്.

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ 30 ശതമാനത്തിനു താഴെ മാത്രമാണ് സംവരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ബാക്കി എഴുപതു ശതമാനത്തിനു സംവരണം വേണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനം. ഇതു തികച്ചും ഭരണഘടനാവിരുദ്ധമാണ്. ശബരിമലയുടെ കാര്യത്തില്‍ ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ എന്തുകൊണ്ടാണ് സംവരണ വിഷയത്തില്‍ ഭരണഘടനയെ അംഗീകരിക്കാന്‍ തയ്യാറാകാത്തത്. ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പാണ് ഇവിടെ പുറത്തുവരുന്നത്. മാത്രവുമല്ല കേരളത്തിലെ സംവരണീയരായ ഭൂരിപക്ഷ വിഭാഗത്തെ പരസ്യമായി വഞ്ചിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. 12 ശതമാനത്തില്‍ താഴെ വരുന്ന സവര്‍ണ്ണ വിഭാഗങ്ങളുടെ മുന്നില്‍ ഈ സര്‍ക്കാര്‍ പരാജയപ്പെടുന്നു എന്നു കൂടിയാണ് ഇതിന്റെ അര്‍ത്ഥം.

ഇത് എങ്ങനെയാണ് ഭരണഘടനാ വിരുദ്ധമാകുന്നത് എന്നു വിശദീകരിക്കാമോ?

ആര്‍ക്കാണ് സംവരണം ഏര്‍പ്പെടുത്തേണ്ടത് എന്ന കാര്യത്തില്‍ ചില മാനദണ്ഡങ്ങളുണ്ട്. ആ മാനദണ്ഡങ്ങളില്‍ സാമ്പത്തികം വരുന്നതേയില്ല. അതു കൊണ്ട് സാമ്പത്തികം മാനദണ്ഡമാക്കി ദരിദ്രര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുക എന്നത് ഭരണഘടനാവിരുദ്ധമാണ്.

Read More >>