പങ്കജ മുണ്ടെ ബിജെപി വിടുമോയെന്ന് ഇന്നറിയാം; പിതാവിൻെറ ജന്മ വാർഷികത്തിൽ സുപ്രധാന പ്രഖ്യാപനം

വെെകീട്ടോടെ ഗോപിനാഥ് ഗാഡിലാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. ബി.ജെ.പി നേതാക്കളായ ഏകനാഥ് ഖാദ്സെ, പ്രകാശ് മേത്ത എന്നിവരും ഈ റാലിയുടെ ഭാഗമാകും.

പങ്കജ മുണ്ടെ ബിജെപി വിടുമോയെന്ന് ഇന്നറിയാം; പിതാവിൻെറ ജന്മ വാർഷികത്തിൽ സുപ്രധാന പ്രഖ്യാപനം

മഹാരാഷ്ട്രയിൽ ബിജെപിക്ക് തിരിച്ചടി നൽകി മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഗോപിനാഥ് മുണ്ടെയുടെ മകള്‍ പങ്കജ മുണ്ടെ പാർട്ടി വിടുമോയെന്ന് ഇന്നറിയാം. ഗോപിനാഥ് മുണ്ടെയുടെ ജന്മ വാർഷിക ദിനത്തിൽ പങ്കജ നടത്തുന്ന റാലിയിൽ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് രാഷ്ട്രീയ വ‍ൃത്തങ്ങളുടെ അനുമാനം. നേരത്തെ തന്നെ താൻ ബിജെപി വിടുമെന്ന തരത്തിലുള്ള സൂചനകൾ പങ്കജ നൽകിയിരുന്നു.

ട്വിറ്ററിലെ വ്യക്തിവിവരങ്ങളില്‍ നിന്ന് ഇവര്‍ ബി.ജെ.പിയുമായി ബന്ധപ്പെട്ട എല്ലാ വിശേഷണങ്ങളും നീക്കം ചെയ്തിരുന്നു. തുടർന്ന് മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ വരും യാത്രയില്‍ ചിന്തിച്ച് തീരുമാനമെടുക്കേണ്ടതുണ്ട് എന്ന് ഫേസ്ബുക്കിലും പോസ്റ്റിട്ടു. ഫേസ്ബുക്ക് പ്രൊഫൈലിലും ഇവര്‍ മാറ്റം വരുത്തി പൊതു വ്യക്തിത്വം എന്നാക്കി മാറ്റിയിട്ടുണ്ട്.

വെെകീട്ടോടെ ഗോപിനാഥ് ഗാഡിലാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. ബി.ജെ.പി നേതാക്കളായ ഏകനാഥ് ഖാദ്സെ, പ്രകാശ് മേത്ത എന്നിവരും ഈ റാലിയുടെ ഭാഗമാകും. "ഇന്ന് ഗോപിനാഥ് മുണ്ടെ ജിയുടെ ജന്മവാർഷികമാണ്. ഈ ആഘോഷത്തെ രാഷ്ട്രീയത്തിൻെറ അടിസ്ഥാനത്തിൽ നോക്കിക്കാണുന്നത് ശരിയല്ല "- ഗോപിനാഥ് മുണ്ടെയുടെ മകൾ പ്രീതം മുണ്ടെ പറഞ്ഞു.

കൂടുതൽ അണികളെ നിരത്തി സ്വന്തം കരുത്ത് തെളിയിക്കുകയാണ് റാലിയിലൂടെ പങ്കജ ലക്ഷ്യമിടുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. സംസ്ഥാനത്തെ ഒ.ബി.സികള്‍ക്കിടയില്‍ സ്വാധീനമുള്ള നേതാവാണ് പങ്കജ. വന്‍ജാറിസ് എന്നറിയപ്പെടുന്ന സമുദായത്തില്‍ ഇവര്‍ക്ക് വലിയ സ്വാധീനമുണ്ട്. കഴിഞ്ഞ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ പാർലി മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും അർധസഹോദരനും എൻ.സി.പി നേതാവുമായ ധനഞ്ജയ് മുണ്ഡെയോട് 30000 ത്തിലധികം വോട്ടിന് പരാജയപ്പെട്ടിരുന്നു.

Next Story
Read More >>