യു.പിയില്‍ മഹാസഖ്യം രൂപീകരിച്ചാല്‍ ബി.ജെ.പി അപ്രസക്തമാകും- ദാരാപുരി ഐ.പി.എസ്

ഈ കലാപത്തിന്റെ തുടര്‍ച്ചയായി മുസ്ലിം സമുദായക്കാരുടെ ധാരാളം കച്ചവട സ്ഥാപനങ്ങള്‍ അഗ്‌നിക്കിരയായി. നിരവധി മുസ്ലിംകള്‍ ഇപ്പോഴും ജയിലിലാണ്. ദലിതുകളും വലിയ പീഡനങ്ങള്‍ നേരിടുന്നു. തന്റെ വിവാഹത്തിന്റെ അന്ന് കുതിരപ്പുറത്ത് കയറാന്‍ ഹൈകോടതി വരെ പോകേണ്ടി വന്ന ഒരു ദലിത് വരനെക്കുറിച്ച് നിങ്ങള്‍ വായിച്ചിട്ടുണ്ടാകും. ദലിതകുള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ യു.പിയില്‍ വളരെ വ്യാപകമാണ്.

യു.പിയില്‍ മഹാസഖ്യം രൂപീകരിച്ചാല്‍ ബി.ജെ.പി അപ്രസക്തമാകും- ദാരാപുരി ഐ.പി.എസ്

ഉത്തര്‍പ്രദേശ് പൊലീസില്‍ നിന്നും ഐ.ജിയായി വിരമിച്ച എസ്.ആര്‍ ദാരാപുരി ഐ.പി.എസ് സംസ്ഥാനത്തെ ദലിത്-പിന്നോക്ക മുന്നേറ്റങ്ങളില്‍ ഒഴിച്ചൂകുടാനാകാത്ത സാന്നിദ്ധ്യമാണ്. പഞ്ചാബില്‍ ജനിച്ചുവളര്‍ന്ന ഇദ്ദേഹം 40 വര്‍ഷത്തോളം യു.പി പൊലീസിലെ പല ഉന്നത തസ്തികകളിലും സേവനമനുഷ്ടിച്ചു. യു.പിയിലെ ലഖ്നോവില്‍ സ്ഥിരതാമസം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയുള്ള ഒരു പ്രതിഷേധ പരിപാടിക്കിടെ അദ്ദേഹത്തെ ഏതാനും മാസങ്ങള്‍ക്കു മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടെത്തിയ ദാരാപുരി തല്‍സമയത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ നിന്നും:

അടുത്തിടെ ഒരു പ്രതിഷേധ പരിപാടിയുടെ ഭാഗമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് 125 കിലോഗ്രാമിന്റെ സോപ്പ് എത്തിക്കാന്‍ ഒരു സംഘം ശ്രമിക്കുന്നതിനിടെ താങ്കളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നല്ലോ. ഈ സംഭവത്തെക്കുറിച്ച് വിവരിക്കാമോ?

യഥാര്‍ത്ഥത്തില്‍ ഗുജറാത്തിലെ ദലിതുകളാണ് ആ സോപ്പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എത്തിക്കാന്‍ ശ്രമിച്ചത്. അത് ഒരു പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു. യു.പിയിലെ ബുദ്ധകേന്ദ്രമായ കുഷിനഗര്‍ സന്ദര്‍ശിക്കാന്‍ യോഗി ആദിത്യനാഥ് എത്തിയിരുന്നു. അദ്ദേഹം വരുന്നതിന് മുമ്പ് അവിടെ ചില ആളുകള്‍ വന്ന് അവിടുത്തെ ദലിതര്‍ക്ക് സോപ്പ് വിതരണം ചെയ്യുകയും കുളിച്ചിട്ട് മുഖ്യമന്ത്രിയുടെ പരിപാടിക്ക് വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു യോഗി ആദിത്യനാഥിന് സോപ്പ് എത്തിക്കാനുള്ള ശ്രമം. ബുദ്ധന്റെ മുഖം ആലേഖനം ചെയ്ത് ബുദ്ധ സോപ്പ് എന്നു ഇതിനെ നാമകരണം ചെയ്തിരുന്നു. ഡോ. അംബേദ്കറിന്റെ 125ാം ജന്മ വാര്‍ഷികത്തെ അടയാളപ്പെടുത്താനായിരുന്നു 125 കിലോ വലുപ്പത്തില്‍ സോപ്പ് നിര്‍മ്മിച്ചത്. സോപ്പുമായി ഇവര്‍ ജാന്‍സിയിലെത്തിയപ്പോള്‍ പൊലീസ് അവരെ കസ്റ്റഡിയിലെടുത്തു. ഇതുമായി ബന്ധപ്പെട്ട് ലഖ്നോവില്‍ ഞങ്ങള്‍ ഒരു പത്രസമ്മേളനം വിളിച്ചിരുന്നു. എന്നാല്‍ പ്രസ്‌ക്ലബ്ബില്‍ എത്തിയപ്പോള്‍ പൊലീസിന്റെ നിര്‍ദ്ദേശ പ്രകാരം പത്രസമ്മേളനം റദ്ദാക്കിയതായാണ് ഞങ്ങള്‍ അറിയുന്നത്. പൊലീസ് ഉടനെ പ്രസ്‌ക്ലബ്ബില്‍ വച്ച് ഞങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

യു.പിയിലെ വിരമിച്ച ഐ.ജി എന്ന നിലയില്‍ നിലവിലെ സംസ്ഥാന സര്‍ക്കാറിനെ എങ്ങനെയാണ് വിലയിരുത്തുന്നത്?

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കീഴിലുള്ള നിലവിലെ ബി.ജെ.പി സര്‍ക്കാര്‍ ഹിന്ദുത്വ അജണ്ടയോടുകൂടിയാണ് പ്രവര്‍ത്തിക്കുന്നത്. കെട്ടിടങ്ങള്‍ വരെ കാവിപൂശിക്കൊണ്ടിരിക്കുകയാണ്. എന്തിന്, ഡോ. അംബേദ്കറുടയെും ഗാന്ധിയുടെയും പ്രതിമകള്‍ വരെ കാവിപൂശിയിരിക്കുന്നു. മുകുള്‍സറായി റെയില്‍വെ സ്റ്റേഷന്‍ ബി.ജെ.പി സ്ഥാപകന്‍ ദീന്‍ധയാല്‍ ഉപാദ്ധ്യായയുടെ പേരിലേക്ക് മാറ്റിയിരിക്കുകയാണ്. ലവ് ജിഹാദ് ആരോപണങ്ങള്‍, റോമിയോ ജൂലിയറ്റ് എന്ന പേരിലുള്ള സദാചാര സ്‌ക്വാഡ്, പശുക്കളുടെ പേരിലുള്ള കൊലകള്‍, മുസ്ലിംകളുടെയും ദലിതുകളുടെയും പേരില്‍ കേസെടുക്കുക.. ഇതൊക്കെയാണ് ഈ സര്‍ക്കാറിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍.

പശുക്കളുടെ പേരിലുള്ള ആള്‍ക്കൂട്ടക്കൊലകള്‍ യു.പിയില്‍ സാധാരണമായിരിക്കുകയാണല്ലോ. ഇതിനെതിരെ താഴെത്തട്ടില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു വരുന്നുണ്ടോ?

തീര്‍ച്ചയായും. നിരവധി പ്രതിഷേധ പരിപാടികളാണ് ഇതിനെതിരായി യു.പിയില്‍ നടന്നുവരുന്നത്. ഈ ആള്‍ക്കൂട്ടക്കൊലകള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വരുന്ന ആഗസ്റ്റ് ഒമ്പതിന് ഞങ്ങള്‍ ഒരു ഭാരത് ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. ആള്‍ക്കൊട്ടക്കൊല അവസാനിപ്പിക്കണമെന്നാണ് ഞങ്ങളുടെ പ്രധാന ആവശ്യം.

സംസ്ഥാനത്തെ ദലിതുകളുടെയും ന്യൂനപക്ഷങ്ങളുടെയും സ്ഥിതിയെക്കുറിച്ച് വിശദീകരിക്കാമോ?

ദലിതുകളും ന്യൂനപക്ഷങ്ങളും ഇവിടെ ടാര്‍ഗറ്റ് ചെയ്യപ്പെടുകയാണ്. ജനുവരി 26ന്് കാസ്ഗഞ്ചില്‍ ഒരു കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഹിന്ദുത്വ സംഘടനകളായിരുന്നു അതിനു പിന്നില്‍. അവര്‍ മുസ്ലിംകള്‍ താമസിക്കുന്ന പ്രദേശത്തു പോയി അവിടുത്തെ റിപബ്ലിക് ദിന പരിപാടികള്‍ മന:പൂര്‍വ്വം അലങ്കോലപ്പെടുത്തുകയായിരുന്നു. ഇവിടെ ദേശീയപതാക ഉയര്‍ത്തുന്നത് അവര്‍ തടഞ്ഞു. കാസ്ഗഞ്ചിലെ മുസ്ലിം സമുദായക്കാരനായ ഒരു ചെറുപ്പക്കാരന്‍ വെടിയേറ്റ് മരിച്ചു. പൊലീസാകട്ടെ പക്ഷപാതിത്വത്തോടെയാണ് ഈ വിഷയം കൊകാര്യം ചെയ്തത്. മുസ്ലിം സമുദായത്തില്‍പ്പെട്ട പലരെയും അറസ്റ്റ് ചെയ്ത പൊലീസ് ഹിന്ദുത്വക്കാരെ വെറുതെ വിടുകയായിരുന്നു. ഈ കലാപത്തിന്റെ തുടര്‍ച്ചയായി മുസ്ലിം സമുദായക്കാരുടെ ധാരാളം കച്ചവട സ്ഥാപനങ്ങള്‍ അഗ്‌നിക്കിരയായി. നിരവധി മുസ്ലിംകള്‍ ഇപ്പോഴും ജയിലിലാണ്. ദലിതുകളും വലിയ പീഡനങ്ങള്‍ നേരിടുന്നു. തന്റെ വിവാഹത്തിന്റെ അന്ന് കുതിരപ്പുറത്ത് കയറാന്‍ ഹൈകോടതി വരെ പോകേണ്ടി വന്ന ഒരു ദലിത് വരനെക്കുറിച്ച് നിങ്ങള്‍ വായിച്ചിട്ടുണ്ടാകും. ദലിതകുള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ യു.പിയില്‍ വളരെ വ്യാപകമാണ്.

ഐ.ജിയായി പിരിഞ്ഞ ശേഷം താങ്കള്‍ ഏതെല്ലാം പ്രവര്‍ത്തന മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്?

സര്‍വീസിലിരിക്കുമ്പോഴും ഞാന്‍ സാമൂഹിക പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്നു. സര്‍വീസില്‍ നിന്നും പിരിഞ്ഞശേഷം ഞാന്‍ രാഷ്ട്രീയത്തിലും ഇറങ്ങിയിട്ടുണ്ട്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഞാന്‍ മല്‍സരിച്ചിരുന്നു. അടുത്ത ഇലക്ഷനിലും മല്‍സരിക്കാനാണ് തീരുമാനം. ദലിത് അവകാശങ്ങള്‍, ഭക്ഷണത്തിനുള്ള അവകാശം, വിവരാവകാശം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും ഞാന്‍ പ്രവര്‍ത്തിക്കുന്നത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകളുമായും ഞാന്‍ സഹകരിക്കുന്നുണ്ട്.

ഉയര്‍ന്ന സ്ഥാനത്തെത്തിയ ദലിതന്‍ എന്ന നിലയ്ക്ക് വളര്‍ന്നുവന്നതിന്റെ അനുഭവങ്ങള്‍ പറയാമോ?

പഞ്ചാബിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം. യു.പിയെ താരതമ്യം ചെയ്യുമ്പോള്‍ പഞ്ചാബില്‍ ദലിതുകളോട് ആളുകളുടെ പൊതുസമീപനം അത്ര ഭീകരമല്ല. വിവേചനം ഇല്ലായെന്നല്ല. ബിഹാറും യു.പിയുമൊക്കെയാണ് ദലിതരോടുള്ള സമീപനത്തില്‍ വളരെ മോശം സംസ്ഥാനങ്ങള്‍. യു.പിയില്‍ സര്‍വീസിലിരിക്കുമ്പോള്‍ എനിക്ക് ധാരാളം വിവേചനം നേരിടേണ്ടി വന്നിട്ടുണ്ട്. ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ട പല ഉന്നത പദവികളില്‍ നിന്നും എന്നെ തഴഞ്ഞിട്ടുണ്ട്. പൊലീസിനകത്തും നിരവധി വിവേചനങ്ങള്‍ ഞാന്‍ നേരിട്ടിട്ടുണ്ട്.

യു.പിയിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങളാണ് സൃഷ്ടിക്കുക. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ ഒന്നിച്ച് നേരിടാന്‍ യു.പിയിലെ പ്രമുഖ പാര്‍ട്ടികളായ എസ്.പി, ബി.എസ്.പി, കോണ്‍ഗ്രസ് എന്നിവര്‍ ആലോചിക്കുന്നുണ്ടല്ലോ. താങ്കള്‍ ഇതിനെ എങ്ങനെ കാണുന്നു?

ഇവര്‍ ഒന്നിച്ച് തിരഞ്ഞെടുപ്പിനെ നേരിടുകയാണെങ്കില്‍ തീര്‍ച്ചയായും ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കഴിയും. വെറും 32 ശതമാനം വോട്ടുകള്‍ നേടിയാണ് ബി.ജെ.പി അധികാരത്തിലേറിയത്. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ഈ സഖ്യത്തിന് കഴിഞ്ഞിരുന്നു. ദലിതുകള്‍, മുസ്ലിംകള്‍, പിന്നാക്ക വിഭാഗങ്ങള്‍ എന്നിവരുടെ വോട്ടുകള്‍ നേടാന്‍ ഈ സഖ്യത്തിന് കഴിഞ്ഞാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ബി.ജെ.പി അപ്രസക്തമാകും.

ഇലക്‌ട്രോണിക് വോട്ടിങ് മെഷീനില്‍ വ്യാപകമായി കൃത്രിമം നടക്കുന്നതായുള്ള ആരോപണങ്ങള്‍ പല രാഷ്ട്രീയപ്പാര്‍ട്ടികളും ഉന്നയിക്കുന്നുണ്ടല്ലോ? ഈ ആരോപണത്തോട് യോജിക്കുന്നുണ്ടോ?

ഇലക്‌ട്രോണിക് വോട്ടിങ് മെഷീനില്‍ കൃത്രിമം നടക്കുന്നതായി എനിക്ക് തോന്നുന്നില്ല. ഞാനും ഇലക്ഷനില്‍ മല്‍സരിച്ച ആളാണല്ലോ. മെഷീന്‍ പരിശോധിക്കാനുള്ള അവസരം എല്ലാ പാര്‍ട്ടികള്‍ക്കും ലഭിക്കാറുണ്ട്. ഇലക്ഷന്‍ വരണാധികാരി, എല്ലാ പാര്‍ട്ടികളുടെയും പോളിങ് ഏജന്റുമാര്‍ തുടങ്ങിയവര്‍ ഇത് പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയ ശേഷമാണ് മെഷീന്‍ ഉപയോഗിക്കുക. വോട്ടിങ് കഴിഞ്ഞാല്‍ മെഷീന്‍ സീല്‍ ചെയ്യും. പിന്നെ വോട്ട് എണ്ണുന്ന ദിവസമാണ് അതു തുറക്കുക. മാത്രമല്ല, വോട്ടിങ് മെഷീനിനെ ഇന്റനെറ്റുമായും വൈഫൈയുമായി ബന്ധിപ്പിക്കുവാനും കഴിയില്ല. അതുകൊണ്ട് എനിക്ക് തോന്നുന്നത് ഇത് പാര്‍ട്ടികള്‍ തോല്‍ക്കുമ്പോള്‍ പറയുന്നതാണെന്നാണ്.

Next Story
Read More >>