കൊട്ടിയൂരില്‍ വൈശാഖോത്സവച്ചടങ്ങുകള്‍ തുടരുന്നു ; തൃക്കൂർ അരിയളവ് നാളെ

Published On: 15 Jun 2018 2:45 PM GMT
കൊട്ടിയൂരില്‍ വൈശാഖോത്സവച്ചടങ്ങുകള്‍  തുടരുന്നു ; തൃക്കൂർ അരിയളവ് നാളെ

കണ്ണൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ നാല് ചതുശ്ശതങ്ങളിൽ ആദ്യത്തേതായ തിരുവാതിര ചതുശ്ശതം വലിയ വട്ടളം പായസം ഭഗവാന് സമർപ്പിച്ചു. കരിമ്പനയ്ക്കൽ ചാത്തോത്ത് തറവാട്ടു വകയായിരുന്നു ആദ്യ ചതുശ്ശതം നിവേദ്യം. 100 ഇടങ്ങഴി അരി,100 നാളികേരം, 100 കിലോ ശർക്കരയും നെയ്യും ചേർത്താണ് പായസം തയ്യാറിക്കിയത്. നാളെയാണ് തൃക്കൂർ അരിയളവ്. കോട്ടയം സ്വരൂപത്തിലെ സുഭദ്ര തമ്പുരാട്ടിക്ക് നാളെ ഉച്ചക്കഴിഞ്ഞ് പന്തീരടി പൂജയ്ക്ക് ശേഷം ശ്രീകോവിലിനുള്ളിൽ വെച്ചാണ് അരി അളന്നു നൽകുക. പന്തീരടി കാമ്പ്രം സ്ഥാനികനാണ് അരി അളന്നു നൽകുക..ബാക്കിയുള്ളവർക്ക് രാത്രി തിരുവത്താഴ ശീവേലിക്കുശേഷം പാലക്കുന്നു സ്ഥാനികനും നൽകും. തിങ്കളാഴ്ച ഉച്ചവരെ മാത്രമെ സ്ത്രീകൾക്ക് അക്കരെ സന്നിധാനത്ത് പ്രവേശനമുണ്ടാകു.

കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂരില്‍ ബാവലി നദിയുടെ ഇരുകരകളിലുള്ള രണ്ടു ക്ഷേത്രങ്ങള്‍ - അക്കരെ കൊട്ടിയൂര്‍, ഇക്കരെ കൊട്ടിയൂര്‍ ചേര്‍ന്നു നടത്തുന്നതാണ് കൊട്ടിയൂര്‍ മഹോത്സവം. പ്രകൃതിയുടെ മടിത്തട്ടില്‍ 28 ദിവസം നീണ്ടുനില്‍ക്കുന്ന ഈ ഉത്സവം മെയ് - ജൂണ്‍ മാസങ്ങളിലാണ് നടത്തുന്നത്. നെയ്യാട്ടത്തില്‍ ആരംഭിച്ച് തൃക്കലശാട്ടില്‍ അവസാനിക്കുന്ന ഈ ഉത്സവമഹാമഹം കാണുവാന്‍ ആയിരക്കണക്കിനാളുകളാണ് വിവിധ നാടുകളില്‍ നിന്നായി എത്തുന്നത്.
സ്വയംഭൂലിംഗം ആരാധനാമൂര്‍ത്തിയായുള്ള അക്കരെ കൊട്ടിയൂരില്‍ പക്ഷെ ക്ഷേത്രസംബന്ധിയായ നിര്‍മ്മിതികള്‍ ഒന്നും തന്നെയില്ല. കല്ലുകള്‍ കൂട്ടി വച്ച മണിത്തറ എന്നു വിശേഷിപ്പിക്കുന്ന പവിത്രസ്ഥാനത്താണ് സ്വയംഭൂലിംഗ പ്രതിഷ്ഠ സ്ഥാപിച്ചിരിക്കുന്നത്. അക്കരെ കൊട്ടിയൂരിലെ ഈ ക്ഷേത്രത്തില്‍ ഉത്സവകാലത്തു മാത്രമേ ആരാധന നടത്താറുള്ളൂ.

Top Stories
Share it
Top