പൂരക്കാഴ്ചയിലേയ്ക്ക് മിഴി തുറന്ന് സാംസ്‌കാരിക നഗരി 

ആളും ആരവവും അകമ്പടിയേകുന്ന പൂരക്കാഴ്ചയുടെ വര്‍ണ്ണ മേള വിസ്മയങ്ങള്‍ക്ക് സാംസ്‌കാരിക നഗരി ഒരുങ്ങി കഴിഞ്ഞു. ഇലഞ്ഞിത്തറ മേളവും മഠത്തില്‍ വരവും...

പൂരക്കാഴ്ചയിലേയ്ക്ക് മിഴി തുറന്ന് സാംസ്‌കാരിക നഗരി 

ആളും ആരവവും അകമ്പടിയേകുന്ന പൂരക്കാഴ്ചയുടെ വര്‍ണ്ണ മേള വിസ്മയങ്ങള്‍ക്ക് സാംസ്‌കാരിക നഗരി ഒരുങ്ങി കഴിഞ്ഞു. ഇലഞ്ഞിത്തറ മേളവും മഠത്തില്‍ വരവും കുടമാറ്റവും നല്‍കുന്ന നിറക്കാഴ്ചകള്‍ കാണാന്‍ ജനലക്ഷങ്ങളാണ് വടക്കുംനാഥന്റെ മണ്ണിലേയ്ക്ക് ഒഴുകിയെത്തുന്നത്. ആണുങ്ങളുടെ പൂരം എന്നറിയപ്പെടുന്ന തൃശ്ശൂര്‍ പൂരത്തിന് പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ നിരവധി സ്ത്രീകളും കുട്ടികളും എത്തിയിട്ടുണ്ട്.

കൊന്നയും വാകയും ഇലഞ്ഞിയും പൂത്തുനില്‍ക്കുന്ന വടക്കുംനാഥന്റെ മുറ്റത്ത് നടക്കുന്ന പൂരപ്പെരുമ എന്നും മലയാളിയുടെ അഭിമാനമാണ്. നിരത്തുകളില്‍ നിറയുന്ന പുരുഷാരവും മേളപ്പെരുമയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കരിവീരന്‍മാരും മാനത്തു നിറയുന്ന കരിമരുന്നിന്റെ കലാവിരുതും കാണേണ്ട കാഴ്ച തന്നെയാണ്.

ദേവകളെയും അതിഥികളേയും സ്വാഗതം ചെയ്തുകൊണ്ട് നെയ്ത്തലക്കാവിലമ്മ ആന-വാദ്യമേളങ്ങളോടെ തെക്കേഗോപുര നട തുറക്കുന്നതോടൊയാണ് പൂരാചാരങ്ങള്‍ക്ക് ആരംഭം കുറിക്കുക. അതിന് ശേഷം കണ്മംഗലം ശാസ്താവ് വടക്കുംനാഥനെ തൊഴുത് മടങ്ങുന്നതോടെ ആഘോഷങ്ങള്‍ക്ക് കൊടിയേറും.

പിന്നാലെ ചെറു പൂരങ്ങള്‍ ഓരോന്നായി വടക്കുനാഥന് മുന്നില്‍ അണിനിരക്കും. തിരുവമ്പാടി ഭഗവതിയും പാറമേക്കാവിലമ്മയും വടക്കുംനാഥന് മുന്നിലെത്തി പ്രണാമം ചെയ്യുന്നതോടെ പൂരം കൊട്ടി കയറും. തിരുമ്പാടിയുടെ മഠത്തില്‍ വരവും പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളവുമാണ് പൂരത്തിന് ആളുകളെ ആകര്‍ഷിക്കുന്ന പ്രധാനഘടകം.

മഴവില്‍ അഴകിലരങ്ങേറുന്ന കുടമാറ്റവും മാനത്ത് വിരിയുന്ന ചെറു പൂരവും കാണികള്‍ക്ക് ആവേശം തന്നെ. ഒരു രാത്രി നീണ്ടു നില്‍ക്കുന്ന ആവേശത്തിര കെട്ടടങ്ങി ചെറു പൂരങ്ങള്‍ തുടങ്ങും. ശേഷം ഇരു ദേവതകളും ഉപചാരം ചൊല്ലി വടക്കുംനാഥനോട് ഇനി അടുത്ത വര്‍ഷം കണ്ടുമുട്ടാമെന്ന് ഉപചാരം ചൊല്ലി മടങ്ങുന്നതോടെ പൂരത്തിന് കൊടിയിറങ്ങും. ശേഷം അടുത്ത പൂരമഴ നനയാന്‍ വര്‍ഷം നീണ്ട കാത്തിരിപ്പായി.

Read More >>