തേയില,റബര്‍, കാപ്പി കയറ്റുമതി പ്രോത്സാഹിക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കും- മുഖ്യമന്ത്രി

Published On: 9 May 2018 8:30 AM GMT
തേയില,റബര്‍, കാപ്പി കയറ്റുമതി പ്രോത്സാഹിക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കും- മുഖ്യമന്ത്രി

തിരുവനന്തപുരം: കാര്‍ഷികോല്‍പ്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹനത്തിന് കേന്ദ്രവാണിജ്യമന്ത്രാലയം പുറത്തിറക്കിയ കരട് നയത്തില്‍ കേരളത്തിലെ റബ്ബര്‍, തേയില, കാപ്പി എന്നീ വിളകള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

രാജ്യത്തെ റബ്ബര്‍ ഉല്‍പാദനത്തിന്‍റെ 80 ശതമാനത്തിലധികം കേരളത്തിലാണെങ്കിലും ഇവിടുത്തെ ഒരു ജില്ലയെപോലും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുളള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ത്രിപുരയിലെ ചില ജില്ലകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്‍റെ കാര്‍ഷിക സമ്പദ്ഘടനയില്‍ പ്രധാന പങ്ക് വഹിക്കുന്ന മറ്റ് രണ്ട് വിളകളാണ് തേയിലയും കാപ്പിയും. ഈ വിളകളടെ കാര്യത്തിലും കേരളത്തെ ഒഴിവാക്കിയിരിക്കുകയാണ്. പൈനാപ്പിള്‍ കൃഷിക്ക് എറണാകുളവും ഇഞ്ചിക്കൃഷിക്ക് വയനാടും മാത്രമാണ് വാണിജ്യമന്ത്രാലയത്തിന്‍റെ കരട് പട്ടികയിലുളളത്.

റബ്ബര്‍ ഉല്‍പാദനത്തിന് അനുയോജ്യമായ ആവാസ വ്യവസ്ഥയുളള സംസ്ഥാനങ്ങളില്‍ ഈ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനോട് വിയോജിപ്പില്ല. എന്നാല്‍ 80 ശതമാനത്തിലേറെ ഗുണമേന്മയുളള റബ്ബര്‍ ഉല്‍പാദിപ്പിക്കുന്ന കേരളത്തെ ഒഴിവാക്കിയത് അംഗീകരിക്കാനാവില്ല.

വിലക്കുറവ് കാരണം ഇപ്പോള്‍ത്തന്നെ സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകര്‍ പ്രയാസം നേരിടുകയാണ്. റബ്ബര്‍ കര്‍ഷകരില്‍ ലക്ഷക്കണക്കിനാളുകള്‍ ചെറുകിടക്കാരും നാമമാത്ര കൃഷിക്കാരുമാണ്. അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് കാര്യമായ പ്രോത്സാഹനം നല്‍കേണ്ടതുണ്ട്. തേയില, കാപ്പി എന്നിവയുടെ കാര്യത്തിലും ഇത് ബാധകമാണ്. അതുകണക്കിലെടുത്ത് കാര്‍ഷികോല്‍പ്പന്ന കയറ്റുമതി പ്രോത്സാഹനത്തിനുളള കരട് നയത്തില്‍ മാറ്റം വരുത്തണമെന്നും റബ്ബറും തേയിലയും കാപ്പിയും വലിയതോതില്‍ ഉല്‍പാദിപ്പിക്കുന്ന കേരളത്തെ ഉള്‍പ്പെടുത്തണമെന്നും കേന്ദ്രവാണിജ്യമന്ത്രി സുരേഷ് പ്രഭുവിനയച്ച കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Top Stories
Share it
Top