താമരശ്ശേരി ചുരം ; ഗതാഗതം പുനഃസ്ഥാപിക്കാന്‍ അടിയന്തിര നടപടി

കോഴിക്കോട് : കാലവര്‍ഷത്തിലും ഉരുള്‍പൊട്ടലിലും തകര്‍ന്ന താമരശ്ശേരി ചുരം റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ തീരുമാനം. ...

താമരശ്ശേരി ചുരം ;  ഗതാഗതം പുനഃസ്ഥാപിക്കാന്‍ അടിയന്തിര നടപടി

കോഴിക്കോട് : കാലവര്‍ഷത്തിലും ഉരുള്‍പൊട്ടലിലും തകര്‍ന്ന താമരശ്ശേരി ചുരം റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ തീരുമാനം. ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി എന്നിവരുടെ സാന്നിധ്യത്തില്‍ ചുരത്തിന് സമീപം ചിപ്പിലിതോട് സെന്റ് മേരീസ് ചര്‍ച്ച് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്.

തകര്‍ന്ന ചുരം റോഡിലൂടെ ഒരു ഭാഗത്തുകൂടി വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് ഒരാഴ്ചക്കകം സൗകര്യമൊരുക്കുന്നതിന് പൊതുമരാമത്ത് ദേശീയ പാത വിഭാഗത്തെ ചുമുതലപ്പെടുത്തി. കുറ്റ്യാടി – മാനന്തവാടി ചുരം റോഡിലൂടെ വയനാട്ടിലേക്ക് പോകുന്ന വാഹനങ്ങള്‍ യാത്ര സുഗമമാകുന്നതിന് ഈ റോഡിന്റെയും അനുബന്ധ റോഡുകളുടേയും അറ്റകുറ്റപണി ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കും. ഇതിനായി കോഴിക്കോട് ജില്ലയുടേയും വയനാടിന്റേയും ഭാഗങ്ങളുടേയും പ്രവൃത്തികള്‍ സമയബന്ധിതമാക്കുന്നതിന് അതത് ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തി.

തകര്‍ന്ന ചുരം റോഡ് മൂന്ന് മാസത്തിനകം പൂനര്‍ നിര്‍മ്മിച്ച് ഗതാഗത യോഗ്യമാക്കാനും തീരുമാനിച്ചു. ചുരം റോഡിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ പൂര്‍ണ്ണമായ പരിശോധന നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രിമാര്‍ പൊതുമരാമത്ത് ദേയീശപാത വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശനം നല്‍കി. ചിപ്പിലിതോടില്‍ ചുരം റോഡില്‍ തടസ്സപ്പെട്ട ഡ്രെയിനേജ് സംവിധാനം പുനഃസ്ഥാപിക്കും. ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ നടപടി സ്വീകരിക്കാന്‍ മന്ത്രിമാര്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി.

യുദ്ധ കാലാടിസ്ഥാനത്തില്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ വകുപ്പുകള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രിമാര്‍ പറഞ്ഞു. യോഗത്തില്‍ എം.എല്‍.എമാരായ ജോര്‍ജ്ജ് എം തോമസ്, സി.കെ ശശീന്ദ്രന്‍, കോഴിക്കോട് ജില്ലാ കലക്ടര്‍ യു.വി ജോസ്, വയനാട് ജില്ലാ കലക്ടര്‍ അജയകുമാര്‍, പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ത്രിതലപഞ്ചായത്ത് പ്രതിനിധികള്‍, പൊതുമരാമത്ത്, ഗതാഗതം, വനം, പൊലീസ്, എക്‌സൈസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Read More >>