ഫാറൂഖ് കോളേജ് സംഘര്‍ഷം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

ഫാറൂഖ് കോളജില്‍ അധ്യാപക അനധ്യാപക ജീവനക്കാരും വിദ്യാര്‍ഥികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് അധ്യാപകര്‍ക്കും ഒരു അനധ്യാപകനുമെതിരെ പൊലിസ്...

ഫാറൂഖ് കോളേജ് സംഘര്‍ഷം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

ഫാറൂഖ് കോളജില്‍ അധ്യാപക അനധ്യാപക ജീവനക്കാരും വിദ്യാര്‍ഥികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് അധ്യാപകര്‍ക്കും ഒരു അനധ്യാപകനുമെതിരെ പൊലിസ് കേസെടുത്തു. വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്.

സജീര്‍, നിഷാദ്, ഇബ്രാഹിംകുട്ടി എന്നിവരടക്കം നാല് പേര്‍ക്കെതിരെയാണ് കേസ്. ഇതിന് പുറമെ ഇബ്രാഹിംകുട്ടി എന്ന ലാബ് അസിസ്റ്റന്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ വാഹനമിടിപ്പിച്ചു എന്ന കുറ്റം ചുമത്തി ഒരു വിദ്യാര്‍ത്ഥിക്കെതിരെയും കേസെടുത്തിട്ടുണ്ട്.

രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ ഹോളി ആഘോഷിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ എട്ടു വിദ്യാര്‍ഥികള്‍ക്കും ജീവനക്കാരനും പരുക്കേറ്റിരുന്നു.

വാദ്യങ്ങളുമായി എത്തിയ വിദ്യാര്‍ഥികളുടെ കാര്‍ സുവോളജി ലാബ് അസിസ്റ്റന്റ് എ.പി ഇബ്രാഹിംകുട്ടി തടഞ്ഞുവച്ചതോടെയാണ് പ്രശ്നത്തിന് തുടക്കം. വാക്കേറ്റത്തിനിടെ ഇബ്രാഹിംകുട്ടി ഷബാബ് എന്ന വിദ്യാര്‍ഥിയുടെ മുഖത്ത് അടിച്ചു. പിന്നീട് അധ്യാപക അനധ്യാപകര്‍ കൂട്ടത്തോടെയെത്തി ഗെയ്റ്റിനു പുറത്തുവന്ന് ഹോളി ആഘോഷത്തിന്റെ ഭാഗമായി ചായം പൂശിയ വിദ്യാര്‍ഥികളെ മര്‍ദിക്കുകയായിരുന്നു.

കോളജ് ഹോസ്റ്റലിലും കാന്റീനിലും ഫാറൂഖ് കോളജ് അങ്ങാടിയിലും വിദ്യാര്‍ഥികള്‍ക്കു നേരെ അക്രമമുണ്ടായി. ഇതില്‍ ഏഴു വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. വാദ്യോപകരണങ്ങള്‍ കോളജിനകത്തു പ്രവേശിപ്പിച്ചത് ചോദ്യം ചെയ്ത തന്നെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ഇബ്രാഹിംകുട്ടി പറഞ്ഞു.

ഫാറൂഖ് കോളജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ നടത്തിയ ഹോളി ആഘോഷത്തിനെതിരേ നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. റസിഡന്‍സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ ജാഗ്രതാ സമിതി രൂപീകരിച്ചാണ് പൊലിസിലും കോളജ് അധികൃതര്‍ക്കും പരാതി നല്‍കിയത്. വിദ്യാര്‍ഥികളുടെ ആഘോഷം അതിരുവിടുന്നെന്നും ശല്യമാവുന്നുവെന്നുമാണ് നാട്ടുകാരുടെ പരാതി.

Story by
Read More >>