പ്ലസ്‌വണ്‍ പ്രവേശനം: ആദ്യ അലോട്ട്‌മെന്റ് ഈ മാസം 12ന് 

Published On: 2018-06-01T09:00:00+05:30
പ്ലസ്‌വണ്‍ പ്രവേശനം: ആദ്യ അലോട്ട്‌മെന്റ് ഈ മാസം 12ന് 

വെബ്ഡസ്‌ക്: സംസ്ഥാനത്തെ ഒന്നാംവര്‍ഷ ഹയ്യര്‍ സെക്കണ്ടറി പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ഈ മാസം 12ന്. സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ക്കായി അപേക്ഷാ തിയതി ഒരുദിവസം അധികം അനുവദിച്ചിരുന്നെങ്കിലും ഇത് അലോട്ട്മെന്റ് നടപടികളെ ബാധിക്കില്ലെന്നാണ് ഹയര്‍സെക്കന്‍ഡറി വകുപ്പ്് പറയുന്നത്. ആദ്യ അലോട്ട്മെന്റിന്റെ മുന്നോടിയായുള്ള ട്രയല്‍ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന് നടക്കും. ഇതിനുശേഷം വിദ്യാര്‍ഥികള്‍ക്ക് ഒപ്ഷന്‍ മാറ്റുന്നതിനുള്ള അവസരമുണ്ടാകും. ഇതിന്റെ അടിസ്ഥാനത്തിലാവും 12ന് ആദ്യഅലോട്ട്മെന്റ്. തുടര്‍ന്ന് രണ്ടുദിവസം സ്‌കൂളുകളില്‍ അഡ്മിഷന്‍ നേടാന്‍ സമയം അനുവധിക്കും.

ഈ ഘട്ടത്തില്‍ ആദ്യഒപ്ഷന്‍ ലഭിച്ചവര്‍ സ്ഥിര പ്രവേശനവും മറ്റു ഒപ്ഷനുകള്‍ ലഭിച്ചവര്‍ സ്ഥിരപ്രവേശനമോ താല്‍ക്കാലിക പ്രവേശനമോ നേടണം. 20-നാണ് മുഖ്യഅലോട്ട്മെന്റ് അവസാനിക്കുക. തുടര്‍ന്ന് 21ന് ഈ വര്‍ഷത്തെ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. ഏകജാലക നടപടിക്രമങ്ങള്‍ വൈകിയതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഏറെ വൈകിയാണ് ക്ലാസുകള്‍ ആരംഭിച്ചത്. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ തുടക്കം മുതലേ ഡയറക്ടറേറ്റ് ജാഗ്രത പുലര്‍ത്തിയിരുന്നെങ്കിലും സി.ബി.എസ്.ഇ വിദ്യാര്‍ഥികളെ പരിഗണിക്കുന്നതിനായി രണ്ടുതവണ അപേക്ഷാ തിയതി നീട്ടിയിരുന്നു. മുഖ്യഅലോട്ട്മെന്റിനു ശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്ക് 28 മുതല്‍ സപ്ലിമെന്ററി അലോട്ട്മെന്റ് നടക്കും.

സ്പോര്‍ട്സ് ക്വാട്ടയിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി ജൂണ്‍ ആറാണ്. ഇതുപ്രകാരമുള്ള ആദ്യ അലോട്ട്മെന്റും ജൂണ്‍ 12ന് പ്രസിദ്ധീകരിക്കും. കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷന്‍ നടപടിക്രമങ്ങള്‍ ജൂണ്‍ നാലിനാണ് തുടങ്ങുക. ജൂണ്‍ 19 മുതല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കും. മാനേജ്മെന്റ്, അണ്‍ എയ്ഡഡ് പ്രവേശനങ്ങളും 12നാണ് തുടങ്ങുക.

Top Stories
Share it
Top