- Mon Feb 18 2019 14:36:37 GMT+0530 (IST)
- E Paper
Download App

- Mon Feb 18 2019 14:36:37 GMT+0530 (IST)
- E Paper
Download App
- .
- .
- .
- .
- .
ആല്‍ക്കഹോളിക്സ് അനോനിമസ് അഥവാ കുടിയന്മാരുടെ കുമ്പസാരം
'ദൈവമേ, മാറ്റുവാന്‍ പറ്റാത്തവയെ സ്വീകരിക്കാനുള്ള പ്രശാന്ത മന:സ്ഥിതിയും മാറ്റുവാന്‍ പറ്റുന്നവയെ മാറ്റുന്നതിനുള്ള ധൈര്യവും ഇവ തമ്മില്‍ വേര്‍തിരിച്ചറിയാനുള്ള വിവേകവും ഞങ്ങള്‍ക്ക് നല്കണമേ!'
മദ്യാസക്തിയില്‍ നിന്നും മോചനം ആഗ്രഹിക്കുന്നവരുടെ ആഗോള കൂട്ടായ്മയായ ആല്‍ക്കഹോളിക്സ് അനോനിമസിന്റെ ഓരോ പരിപാടിയും തുടങ്ങുകയും അവസാനിക്കുകയും ചെയ്യുക ഈ പ്രാര്‍ത്ഥനയോടെയായിരിക്കും.
കോഴിക്കോട്ട് വച്ച് നടന്ന ആല്‍ക്കഹോളിക്സ് അനോനിമസിന്റെ 26-ാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തില്‍ വച്ചാണ് 63 വയസ്സുകാരനായ കോഴിക്കോട്ടെ കുന്ദമംഗലം സ്വദേശിയെ പരിചയപ്പെടുന്നത്. പത്രത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ സംസാരിക്കാം പക്ഷെ പേര് പത്രത്തില്‍ കൊടുക്കരുത് എന്ന നിബന്ധന മാത്രം. അനോനിമസ് എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ അതാണല്ലോയെന്ന് അയാള്‍ ഓര്‍മ്മിപ്പിച്ചു.
ഈ സംഘടനയുടെ ഒരു പ്രത്യേകതയും അതാണ്. സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും സംഘടനാഭാരവാഹികളുടെയും പേരുവിവരങ്ങള്‍ ഒരിക്കലും സംഘടനയ്ക്ക് പുറത്തേക്ക് വിടില്ല.
കുടിച്ചുലെക്കുകെട്ട അമേരിക്കയിലെ രണ്ട് കുടിയന്മാരുടെ എങ്ങനെയെങ്കിലും ജീവതിത്തിലേക്ക് തിരിച്ചുവരണമെന്ന നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമായി 1935 ലാണ്
ആല്‍ക്കഹോളിക്സ് അനോനിമസ് രൂപവല്കരിക്കപ്പെടുന്നത്. ബില്‍ വില്‍സണും ഡോ ബോബ് സ്മിത്തുമായിരുന്നു അവര്‍. ഇവര്‍ തങ്ങളുടെ പേരുവിവരങ്ങള്‍ രഹസ്യമാക്കി വെച്ചിരുന്നു. പക്ഷെ മരണസമയത്ത് ഇവരുടെ പേരുവിവരങ്ങള്‍ മാദ്ധ്യമങ്ങള്‍ വഴി പുറത്താകുകയാണുണ്ടായത്.
''മുഴിക്കുടിയനായിരുന്ന എന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ആല്‍കഹോളിക്സ് അനോനിമസാണ്. 23 വര്‍ഷമായി ഞാന്‍ ഈ കൂട്ടായ്മയുടെ ഭാഗമാണ്. ഇതിനിടയില്‍ ഒരിക്കല്‍ പോലും കുടിച്ചിട്ടില്ല'', കുന്ദമംഗലത്തുകാരന്‍ പറയുന്നു.
കൂട്ടായ്മയുടെ ശക്തിയാണ് ഈ സംഘടനയെ മുന്നോട്ട് കൊണ്ടുപോകുന്നത്. മദ്യപാനത്തില്‍ നിന്ന് ഇനിയൊരിക്കലും തിരിച്ചുകയറാന്‍ കഴിയില്ലെന്ന് വിധിയെഴുതിയ ആയിരക്കണക്കിന് പേര് ജീവിതത്തിലേക്കും അതിന്റെ സന്തോഷങ്ങളിലേക്കും ദു:ഖങ്ങളിലേക്കും തിരിച്ചുനടന്നിട്ടുണ്ട് ഈ കൂട്ടായ്മയിലൂടെ.
1957-ല്‍ ബോംബെയില്‍ ആല്‍ക്കഹോളിക്സ് അനോനിമസിന്റെ ഇന്ത്യന്‍ ഘടകം രൂപീകൃതമായി. കേരളത്തില്‍ 1970-കളില്‍ ചില കൃസ്ത്യന്‍ പള്ളികളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിരുന്നുവെങ്കിലും 1992-ജൂലൈയില്‍ കോഴിക്കോടാണ് സംഘടിതമായ രീതിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.
കുടിയന്മാര് അവരുടെ മനസ്സ് പങ്കുവെക്കുക എന്നതാണ് കൂട്ടായ്മയുടെ ഒത്തുചേരലുകളിലെ കാര്യപരിപാടി. പരസ്പരം മനസ്സുതുറക്കുന്നതോടെ തന്നോപ്പോലുള്ള ആളുകള്‍ വേറെയും ഉണ്ടെന്ന് മനസ്സിലാക്കുന്നു. മനസ്സിലാക്കലും പരസ്പരം താങ്ങായി നില്‍ക്കലുമാണ് ഈ കൂട്ടായ്മയുടെ വിജയത്തിന്റെ രഹസ്യമെന്ന് 43 കാരനായ മറ്റൊരു മുന്മദ്യപാനി പറയുന്നു.
''കുടി തുടങ്ങിയാല്‍ അവസാനിക്കണമെങ്കില്‍ കുടിച്ചു കുടിച്ചു കുഴഞ്ഞുപോകണം. തുടങ്ങിയാല്‍ നിര്‍ത്താന്‍ കഴിയില്ല''. രണ്ടര വര്‍ഷമായി ഇതിലെ അംഗമായ ഇയാള്‍ പറയുന്നു. എട്ടാം ക്ലാസ് മുതല്‍ കുടി തുടങ്ങിയതാണ് ഇയാള്‍.
ആരും പറഞ്ഞാല്‍ കേള്‍ക്കില്ല, വിനയമില്ല, വെറുതെ വീട്ടുകാരോട് പൊട്ടിത്തെറിക്കും. കല്യാണങ്ങളിലോ മറ്റു പരിപാടികളിലോ പങ്കെടുക്കില്ല. മര്യാദയ്ക്ക് വസ്ത്രം ധരിക്കില്ല. എപ്പോഴും ഭ്രാന്തനപ്പോലെയായിരിക്കും, രണ്ടര വര്‍ഷം മുന്നെയുള്ള താന്‍ എങ്ങനെയായിരുന്നുവെന്ന് ഇയാള്‍ വിവരിക്കുന്നു.
അവസാനം ആരും തിരിഞ്ഞുനോക്കാതെയായി. നാട്ടുകാര്‍ക്കിടയില്‍ ഒരു പട്ടിയുടെ വിലപോലുമില്ല. ഭാര്യയും മക്കളും തന്നെ വെറുത്തുതുടങ്ങി. മരിച്ചുപോയാല്‍ മതിയെന്നു തോന്നിയിട്ടുണ്ട്. കുടി നിര്‍ത്താന്‍ ശ്രമിച്ചിട്ടും പറ്റുന്നില്ല. ആയിടക്കാണ് ഒരു സുഹൃത്ത് മുഖേന ആല്‍കഹോളിക്സ് അനോനിമസ്സിലെത്തുന്നത്.
രണ്ടര വര്ഷത്തിനടയില് തനിക്കുണ്ടായ മാറ്റം അവശ്വസിനീയമാണ്. ഇക്കാലയളവിനിടയില്‍ ഒരിക്കല്‍ പോലും മദ്യപിച്ചിട്ടില്ല, ഭാര്യോടും രണ്ട് മക്കളോടുമൊപ്പം കൂട്ടായ്മയുടെ വാര്‍ഷികത്തിനെത്തിയ ഇയാള്‍ പറയുന്നു.
എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ എന്‍.പി ഹാഫിസ് മുഹമ്മദ് അടക്കമുള്ള ആളുകള്‍ ചേര്‍ന്നാണ് ആല്‍കഹോളിക്സ് അനോനിമസ്സിന്റെ കേരളശാഖയ്ക്ക് തുടക്കമിടുന്നത്. ആല്‍ക്കഹോളിക്സ് അനോനിമസിന്റെ രൂപീകരണം കേരളത്തിലെ ചരിത്രമുഹൂര്ത്തമായിരുന്നവെന്നാണ് പരിപാടിയില്‍ സംബന്ധിക്കാനെത്തിയ ഹാഫിസ് മുഹമ്മദ് പറയുന്നത്. കൂട്ടായ്മ വഴി ആയിരക്കണക്കിന് ആളുകള്‍ മദ്യാസക്തിയില്‍ നിന്നും മോചിതരായതിന് താന്‍ സാക്ഷിയാണെന്നും അദ്ദേഹം പറയുന്നു.
കുടിയന്മാരേ ഇതിലേ ഇതിലേ
അമിത മദ്യപാനത്തില്‍ നിന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങണമെന്ന് താല്പര്യമുള്ളവരെ സഹായിക്കാന്‍ ഇവര്‍ എപ്പോഴും തയ്യാറാണ്. പക്ഷെ നിര്‍ബന്ധിച്ച് ആരെയും അംഗമാക്കില്ല, സ്വയം തയ്യാറാകണം. അങ്ങനെ തയ്യാറാണെങ്കില്‍ 7909240240, 7902240240 എന്ന നമ്പറുകളില്‍ ബന്ധപ്പെടാം. കുടിയന്മാരുടെ ഈ കുമ്പസാരക്കൂട്ടായ്മയിലൂടെ ജീവിതത്തിലേക്കും അതിന്റെ കയ്പ്പിലേക്കും മധുരത്തിലേക്കും തിരികെ നടക്കാം.
