സായാഹ്ന ഒ പി: ഡോക്ടര്‍മാരുടെ സമരം അവസാനിച്ചു

Published On: 17 April 2018 3:15 AM GMT
സായാഹ്ന ഒ പി: ഡോക്ടര്‍മാരുടെ സമരം അവസാനിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ നടത്തിവരുന്ന സമരം അവസാനിച്ചു. ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ നാല് ദിവസമായി സമരം നടത്തിവരുകയായിരുന്നു.

ആര്‍ദ്രം പദ്ധതിയുമായി സഹകരിക്കാമെന്ന് ഡോക്ടര്‍മാര്‍ എഴുതി നല്‍കണമെന്നും കുടുംബ ആരോഗ്യകേന്ദ്രങ്ങളില്‍ മൂന്ന് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

രോഗികളുടെ വര്‍ദ്ധനവുള്ള കേന്ദ്രങ്ങളില്‍ ഘട്ടം ഘട്ടമായി ആവശ്യമായ കൂടുതല്‍ ഡോക്ടര്‍മാരെ വിന്യസിക്കുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു.
ആര്‍ദ്രം മിഷന്റെ ഭാഗമായ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രായോഗിക വിഷമതകള്‍ പരിഹരിക്കാന്‍ ആരോഗ്യ അഡിഷണല്‍ ചിഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപികരിച്ച് കെ.ജി.എം.ഒ.എ പ്രതിനിധി അടക്കമുള്ളവരുമായി ചര്‍ച്ച നടത്തുമെന്നും മേയ് ആദ്യവാരം തന്നെ മന്ത്രിതല ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

അനധികൃതമായി ജോലിയില്‍ പ്രവേശിക്കാത്ത കാരണം കൊണ്ട് സസ്പെന്റ് ചെയ്ത ഡോക്ടര്‍മാര്‍ വിശദ്ദീകരണം നല്‍കിയാല്‍ നടപടി ഒഴുവാക്കുമെന്നും മന്ത്രി പറഞ്ഞു.
കെ.ജി.എം.ഒ.എ ഭാരവാഹികളായ ഡോ. എ.കെ റൗഫ് , ഡോ.വി. ജിതേഷ്, ഡോ. ജോസഫ് ഗോമസ്, ഡോ. ശ്യാംസുന്ദര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Top Stories
Share it
Top