നിപ: കോഴിക്കോട് കണ്ടെത്തിയത് മലേഷ്യയിലേതിനേക്കാള്‍ അപകടകാരിയായ വൈറസ്

Published On: 2018-05-28T14:45:00+05:30
നിപ: കോഴിക്കോട് കണ്ടെത്തിയത് മലേഷ്യയിലേതിനേക്കാള്‍ അപകടകാരിയായ വൈറസ്

കോഴിക്കോട്: കോഴിക്കോട് കണ്ടെത്തിയത് മലേഷ്യയില്‍ കണ്ടെത്തിയതിനേക്കാള്‍ അപകടകാരിയായ നിപ വൈറസ് എന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കോഴിക്കോട് കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ പങ്കെടുത്തശേഷം മാധ്യമപ്രവര്‍ത്തകരോടു സാരിക്കുകയായിരുന്നു അവര്‍. ബംഗ്ലാദേശില്‍ കണ്ടെത്തിയ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന വൈറസിനെയാണ് കോഴിക്കോട് കണ്ടെത്തിയത്. മലേഷ്യയില്‍ മൃഗങ്ങളില്‍ നിന്നും മനുഷ്യനിലേക്ക് പകരുന്ന വൈറസിനെയാണ് കണ്ടെത്തിയിരുന്നത്.

നിലവില്‍ ഒരു കുടുംബവുമായി ബന്ധമുള്ളയാളുകള്‍ക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പുതുതായി നിപ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും നിയന്ത്രണവിധേയമാണെന്നും അവര്‍ പറഞ്ഞു.

അതേസമയം, ഈ വര്‍ഷം പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയാലും അടുത്ത വര്‍ഷവും വൈറസ് പടരാനുള്ള സാധ്യതയുണ്ടെന്നും ഇനിയും വൈറസ് പടര്‍ന്നാല്‍ നേരിടാനുള്ള സംവിധാനങ്ങളൊരുക്കുമെന്നും അവര്‍ പറഞ്ഞു.

അടുത്ത മാസം പത്തുവരെ നിപ വൈറസ് സംബന്ധിച്ച് നിരീക്ഷണം തുടരും. നിപ വൈറസ് ബാധിതരുടെ ബന്ധുക്കള്‍ ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കരുതെന്നും മന്ത്രി നിര്‍ദേശം നല്‍കി.

Top Stories
Share it
Top