നിപ;  22 ഫലങ്ങളും നെഗറ്റീവ്, പുതുതായി 9 പേര്‍ ചികിത്സയില്‍

കോഴിക്കോട്: നിപ വൈറസ് ബാധയില്‍ ഇന്ന് ലഭിച്ച സാമ്പിള്‍ പരിശോധനയില്‍ പുതിയ രോഗ സ്ഥിരീകരണമില്ല . ഇന്ന് ലഭിച്ച 22 ഫലങ്ങളും നെഗറ്റീവാണ്. ഇതുവരെ ലഭിച്ച 205...

നിപ;  22  ഫലങ്ങളും  നെഗറ്റീവ്, പുതുതായി 9 പേര്‍ ചികിത്സയില്‍

കോഴിക്കോട്: നിപ വൈറസ് ബാധയില്‍ ഇന്ന് ലഭിച്ച സാമ്പിള്‍ പരിശോധനയില്‍ പുതിയ രോഗ സ്ഥിരീകരണമില്ല . ഇന്ന് ലഭിച്ച 22 ഫലങ്ങളും നെഗറ്റീവാണ്. ഇതുവരെ ലഭിച്ച 205 ഫലങ്ങളില്‍ 18 കേസുകളാണ് പോസിറ്റീവ്. ഇതില്‍ 16 പേര്‍ മരിച്ചു. രണ്ടു പേര്‍ ചികിത്സയിലാണ്.
അതിനിടെ, ഇന്ന് 9 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പടെ 22 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതോടെ സമ്പര്‍ക്ക പട്ടികയില്‍ ആകെ 2079 പേരായെന്ന് ആരോഗ്യ വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഗവ. ഗസ്റ്റ് ഹൗസില്‍ ഇന്ന് ആരോഗ്യ മന്ത്രിയും ഡയറക്ടറും മറ്റ് ഉദ്യോഗസ്ഥരും കേന്ദ്ര സംഘവുമുണ്ടായിരുന്നു. ചെന്നൈയില്‍ നിന്നുള്ള പ്രത്യേക സംഘം ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറുമായി ചര്‍ച്ച നടത്തി.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ചെന്നൈ ആസ്ഥാനമായ നാഷണല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് എപിഡെമോളജിയിലെ വിദഗ്ധരായ ഡോ. സുഗുണന്‍ എ.പി, ഡോ.തരുണ്‍ ഭട് നഗര്‍, ഡോ.പി.മാണിക്കം, ഡോ. കരീഷ്മ കൃഷ്ണന്‍, ഡോ. ആരതി രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയുമായും ഡയറക്ടറുമായും ചര്‍ച്ചകള്‍ നടത്തിയത്.

അതേസമയം നിപ വൈറസ് ബാധ സംബന്ധിച്ച് ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തി. വൈറസ് ബാധ പൂര്‍ണമായും നിയന്ത്രിക്കപ്പെട്ടു എന്ന് ഉറപ്പാകുംവരെ തിരുവനന്തപുരത്ത് നിന്നുള്ള വിദഗ്ധ മെഡിക്കല്‍ സംഘം കോഴിക്കോട് തുടരണമെന്ന് യോഗം തീരുമാനിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി എന്നീ സ്ഥലങ്ങളിലെ വിദഗ്ധരും കോഴിക്കോട് തുടരും.