നിപ രോഗബാധ: രണ്ടാംഘട്ടമെന്ന് ആരോഗ്യമന്ത്രി

Published On: 2018-06-01T13:30:00+05:30
നിപ രോഗബാധ: രണ്ടാംഘട്ടമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: നിപാ രോഗബാധയുടെ രണ്ടാം ഘട്ടമാണ് ഇപ്പോള്‍ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി. പേരാമ്പ്രയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിക്കും പുറമെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്ന് കൂടി രോഗം പടര്‍ന്നെന്ന നിഗമനത്തെ തുടര്‍ന്നാണ് 'രണ്ടാം ഘട്ട'മെന്ന നിരീക്ഷണത്തില്‍ ആരോഗ്യവകുപ്പ് എത്തിയത്.

അതേസമയം, ആശങ്ക വേണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഏത് സാഹചര്യത്തെ നേരിടാന്‍ സജ്ജമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

നിലവില്‍ നിപ സ്ഥിരീകരിച്ച് ചികിത്സയിലുള്ളത് രണ്ടു പേര്‍ മാത്രമാണ്. നിപ സ്ഥിരീകരിച്ച പതിനെട്ടു പേരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെല്ലാം നിരീക്ഷണത്തിലാണ്. ചില സമയങ്ങളില്‍ ആദ്യഘട്ടങ്ങളില്‍ രോഗം തിരിച്ചറിയില്ല. രോഗം ഗുരുതരമാകുമ്പോള്‍ മാത്രമേ നിപ സ്ഥിരീകരിക്കാനാവൂ.

അതിനാല്‍ ചെറിയ തോതിലുള്ള രോഗലക്ഷണം കാണിക്കുമ്പോള്‍ തന്നെ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നു. രോഗികളുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിപ വൈറസ് ബാധ വീണ്ടും ശക്തിപ്പെടുമെന്ന ആശങ്കയെത്തുടര്‍ന്ന് പി.എസ്.സി ഈ മാസം 16 വരെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എന്നാല്‍ ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല. മുന്‍നിശ്ചയ പ്രകാരം ഓണ്‍ലൈന്‍ പരീക്ഷകള്‍ നടക്കുമെന്ന് പി.എസ്.സി അറിയിച്ചു. നേരത്തെ മേയ് 26ന് നടത്താനിരുന്ന സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയും നിപ വൈറസ് ബാധയെ തുടര്‍ന്ന് മാറ്റിയിരുന്നു.

Top Stories
Share it
Top