നിപ വൈറസ് ആദ്യം കണ്ടെത്തിയത് മലേഷ്യയില്‍; പടര്‍ന്നത് പന്നികളില്‍ നിന്ന്

Published On: 2018-05-21T11:15:00+05:30
നിപ വൈറസ് ആദ്യം കണ്ടെത്തിയത് മലേഷ്യയില്‍; പടര്‍ന്നത് പന്നികളില്‍ നിന്ന്

വവ്വാലിന്റെ രൂപത്തില്‍ സംസ്ഥാനത്തെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്ന നിപ വൈറസ് 1998 ല്‍ മലേഷ്യയിലും സിങ്കപൂരിലുമാണ് ആദ്യമായി പൊട്ടിപുറപ്പെടുന്നത്. ഇവിടെ വവ്വാലുകളെങ്കില്‍ വൈറസിന്റെ പ്രധാന വാഹകര്‍ അന്ന് പന്നികളായിരുന്നു. പന്നി വളര്‍ത്തുന്നവരിലും പന്നിയെ പരിപാലിച്ചിരുന്ന ജീവനക്കാരിലുമാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്.

മലേഷ്യയിലെ കാമ്പുംഗ് സുങ്കായ് നിപ എന്ന എന്ന പ്രേദശത്ത് നിന്നാണ് വൈറസ് ബാധിച്ചുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. അതിനാലാണ് നിപ വൈറസ് എന്ന പേരു ലഭിച്ചത്. പന്നികളില്‍ നിന്നും 300 ഓളം മനുഷ്യരിലേക്കാണ് രോഗം പകര്‍ന്നത്. 100 പേര്‍ മരണപ്പെട്ടു. രോഗബാധിതരുടെ മരണസാധ്യത 40 മുതല്‍ 75 ശതമാനം വരെയാണ്. എന്നിരുന്നാലും അസുഖം ബാധിച്ചയാളുടെ രോഗപ്രതിരോധ ശേഷി അനുസരിച്ച് ഇതിന് മാറ്റങ്ങള്‍ വരാം.

പിന്നീട് ബംഗ്ലാദേശിലേക്കും തുടര്‍ന്ന് ഇപ്പോള്‍ ഇന്ത്യയിലേക്കും രോഗം എത്തിച്ചത് വവ്വാലുകളാണ്. 2001-2011 കാലഘട്ടത്തിലാണ് ബംഗ്ലാദേശില്‍ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നത്. 11 പേരിലാണ് വൈറസിന്റെ സാന്നിധ്യം തുടക്കത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് 20 ജില്ലകളില്‍ നിന്നായി 196 നിപ വൈറസ് ബാധിതരെ കണ്ടെത്തുകയും അതില്‍ 150 പേര്‍ മരിക്കുകയും ചെയ്തു. പനങ്കള്ള് കഴിച്ചവരിലും അവരുമായി സമ്പര്‍ക്കം സൂക്ഷിച്ചവരുമാണ് മരിച്ചവരില്‍ ഭൂരിഭാഗവും.

ഹെനിപാവൈറസ് ജനുസ്സിലെ പാരമിക് സൊരോയിഡൈ കുടുംബത്തിലുള്ളതാണ് നിപ വൈറസ്. തെക്കന്‍ ഏഷ്യയില്‍ കണ്ടുവരുന്ന വവ്വാലുകളാണ് പ്രധാന വാഹകര്‍. പനങ്കള്ള് ശേഖരിക്കുന്നതിനായി പനകളില്‍ തൂക്കിയിടുന്ന കുടത്തില്‍ വവ്വാലുകള്‍ തലയിടുകയും കുടത്തിലെ ദ്രാവകത്തില്‍ വൈറസ് കലര്‍ത്തുകയും ചയ്യും. തുടര്‍ന്ന് ഇത് കഴിക്കുന്നവരുടെ ശരീരത്തിലെ ദ്രവങ്ങളില്‍ നിന്നും മറ്റുളളവരിലേക്കും വൈറസ് പകരും.

Top Stories
Share it
Top