ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം നിഘണ്ടുവുമായി ഓക്സ്ഫോഡ്

Published On: 2018-08-08T19:00:00+05:30
ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം നിഘണ്ടുവുമായി ഓക്സ്ഫോഡ്

വെബ്ഡെസ്ക്ക് : ലോകത്തെ ഏറ്റവും വലിയ സര്‍വകാലാശാല പ്രസ്സായ ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി പ്രസ് പ്രസിദ്ധീകരിച്ച ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം നിഘണ്ടുവിന്റെ പ്രകാശനം തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്നു.

കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബി. ഇക്ബാല്‍, കേരള സര്‍വകലാശാല ലെക്‌സികണ്‍ വിഭാഗം റിട്ട. ഡോ. എന്‍. സുഭാഷ്, കേരള സര്‍വകലാശാല ഇംഗ്ലീഷ് പ്രൊഫ. മീന ടി. പിള്ള, എംജി കോളേജ് റിട്ട. പ്രൊഫസറും നിഘണ്ടുകാരനുമായ ഡോ. എം. എസ്. ബാലകൃഷ്ണന്‍ നായര്‍, ഓക്‌സഫഡ് ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം നിഘണ്ടു എഡിറ്റര്‍ ഡോ. ജി. ബി. മോഹന്‍ തമ്പി എന്നിവര്‍ പങ്കെടുത്തു.

നിലവില്‍ ഏറെ നിഘണ്ടുക്കള്‍ വിപണിയിലുണ്ടെങ്കിലും ഡോ. ജി. ബി. മോഹന്‍തമ്പി എഡിറ്റു ചെയ്ത് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ നിഘണ്ടു അതിന്റെ സമഗ്രതയിലും ഉപയോഗക്ഷമതയിലും നിസ്തുലമാണെന്ന് ഡോ. ബി. ഇക്ബാല്‍ പറഞ്ഞു.

ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന മലയാളികള്‍ക്കുള്ള മികച്ച വഴികാട്ടിയാകും വിധമാണ് ഈ നിഘണ്ടുവിന്റെ ഊന്നല്‍. 52,000 എന്‍ട്രികളുള്ള (പദങ്ങള്‍, സംയുക്തപദങ്ങള്‍ ഉള്‍പ്പെടെ) ഈ നിഘണ്ടുവില്‍ അവയോട് ബന്ധപ്പെട്ട പ്രയോഗങ്ങളും ശൈലികളുമുണ്ട്. 200-ലേറെ ചിത്രങ്ങളും വിപരീതങ്ങളും പര്യായങ്ങളും ഇംഗ്ലീഷ് വാക്കുകളുടെ കൃത്യമായ ഉച്ചാരണങ്ങളും ഈ നിഘണ്ടുവിനെ ഏറെ ഉപയോഗപ്രദമാക്കുന്നു. കൂടാതെ ഇംഗ്ലീഷ് വ്യാകരണം, പദാവലി, മലയാളത്തിലെ പ്രയോഗം എന്നിവയെക്കുറിച്ചുള്ള വിശദമായ കുറിപ്പുകള്‍ എന്നിവയ്‌ക്കൊപ്പം ഇംഗ്ലീഷ് വ്യാകരണം, ഉപസര്‍ഗം (പ്രിഫിക്‌സ്), പ്രത്യയം (സഫിക്‌സ്), അസാധാരണ ക്രിയാപദങ്ങള്‍ (ഇറെഗുലര്‍ വെര്‍ബ്‌സ്) എന്നിവയെ സംബന്ധിച്ച് ഏഴ് അനുബന്ധങ്ങളും, മലയാള പരിഭാഷ ഉള്‍പ്പെടെ, ഈ നിഘണ്ടുവിലുണ്ട്.

വിദ്യാര്‍ത്ഥികളുടെ മാത്രമല്ല അധ്യാപകര്‍, പണ്ഡിതന്മാര്‍, പൊതുവായനക്കാര്‍ എന്നിവരുടേയും വിജ്ഞാനതൃഷ്ണയേയും വിവരം തേടലുകളേയും പിന്തുണയ്ക്കാന്‍ ഒയുപി ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് ചടങ്ങില്‍ സംസാരിച്ച ഒയുപി ഇന്ത്യ ഹയര്‍ എഡ്യുക്കേഷന്‍, ട്രേഡ് ആന്‍ഡ് പ്രൊഫഷനല്‍ ലേണിംഗ് വിഭാഗം ബിസിനസ് തലവന്‍ പരസ് ബന്‍സാല്‍ പറഞ്ഞു. തങ്ങളുടെ ഈ ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം നിഘണ്ടുക്കള്‍പോലുള്ള നിഘണ്ടുക്കള്‍ ഈ വിഭാഗങ്ങളിലെ ഏറെ മുന്തിയവയാണെന്നും ആധുനിക അധ്യായന രീതികള്‍ക്ക് ഇണങ്ങുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ മാതൃഭാഷയ്ക്ക്ു പുറമെ ഇംഗ്ലീഷ്ഭാഷയിലും പ്രാവീണ്യം നേടുന്നത് ഏറെക്കാലമായി ഒരു നിര്‍ണായകയോഗ്യതയും മികച്ച തൊഴില്‍ ലഭിക്കുന്നതിന് ഏറെ സഹായകരവുമാണെന്നതും ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു.

വിവിധ ഭാരതീയ ഭാഷകളില്‍ കഴിഞ്ഞ മുപ്പതു വര്‍ഷമായി ബഹുഭാഷാ നിഘണ്ടുക്കള്‍ പ്രസിദ്ധീകരിച്ചു വരുന്ന സ്ഥാപനമാണ് ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി പ്രസ് ഇന്ത്യ.

ഗവേഷണം, വിദ്യാഭ്യാസം തുടങ്ങിയവയില്‍ ഔന്നത്യം തേടുന്നതില്‍ ഓക്‌സഫഡ് സര്‍വകലാശാലയുടെ സാന്നിധ്യം ലോകമെങ്ങും പ്രചരിപ്പിക്കുന്നതില്‍ നിര്‍ണായകപങ്കു വഹിക്കുന്ന സ്ഥാപനമാണ് സര്‍വകലാശാലയുടെ ഒരു വിഭാഗമായ ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി പ്രസ്. ലോകത്തെ ഏറ്റവും വലിയ യൂണിവേഴ്‌സിറ്റി പ്രസ് എ്ന്നതിനു പുറമെ ഏറ്റവും വിശാലമായ ആഗോളസാന്നിധ്യമുള്ള യൂണിവേഴ്‌സിറ്റി പ്രസ് എ്ന്ന പദവിയും ഒയുപിയ്ക്ക് സ്വന്തമാണ്. വിദ്യാഭ്യാസം, റഫറന്‍സ്, അക്കാദമിക് പുസ്തകങ്ങള്‍ എന്നീ മേഖലകളിലായി ആയിരക്കണക്കിന് പുസ്തകങ്ങളാണ് ഒയുപി വര്‍ഷം തോറും പ്രസിദ്ധീകരിച്ചു വരുന്നത്. അമ്പത് രാജ്യങ്ങളില്‍ ഓഫീസുകളുള്ള ഒയുപിയില്‍ ലോകമെമ്പാടുമായി 6100-ഓളം പേര്‍ ജോലി ചെയ്യുന്നു. വിവിധ അക്കാദമിക് വിഷയങ്ങളിലെ ഗഹനങ്ങളായ ഗ്രന്ഥങ്ങള്‍, സ്‌കൂള്‍, കോളേജ് പാഠപുസ്തകങ്ങള്‍, കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍, ഇംഗ്ലീഷ് ടീച്ചിംഗ് മെറ്റീരിയലുകള്‍, നിഘണ്ടുക്കള്‍, റഫറന്‍സ് പുസ്തകങ്ങള്‍, അക്കാദമിക് ജേര്‍ണലുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഒയുപിയുടെ പ്രസാധന വൈപുല്യം. ഇവയ്ക്കു പുറമെ ആധുനികകാലത്തെ ആവശ്യങ്ങള്‍ കണക്കിലെടുത്തുള്ള ഡിജിറ്റല്‍ ലേണിംഗ് സേവനങ്ങളും ഒയുപി നല്‍കിവരുന്നുണ്ട്.

Top Stories
Share it
Top