അമ്മ അറിയാന്‍

കുറ്റാരോപിതനായ നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടിയോട് മലയാളത്തിന്റെ നവമാധ്യമ ലോകം പ്രതികരിക്കുന്നു . ജോണ്‍ എബ്രഹാമിന്റെ പ്രശസ്ത...

അമ്മ അറിയാന്‍

കുറ്റാരോപിതനായ നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടിയോട് മലയാളത്തിന്റെ നവമാധ്യമ ലോകം പ്രതികരിക്കുന്നു . ജോണ്‍ എബ്രഹാമിന്റെ പ്രശസ്ത സിനിമയുടേതാണു അമ്മ അറിയാന്‍ എന്ന തലക്കെട്ട്

പി ബാലചന്ദ്രൻ, ജോയ് മാത്യു, പി എഫ് മാത്യൂസ് , എസ്.ഹരീഷ്, ഷാരോണ്‍ റാണി, എം എന്‍ പ്രവീണ്‍ കുമാര്‍, ആര്‍.സംഗീത, ജ്യോതി രാജീവ്

മാധ്യമപ്രവർത്തകർക്ക് ഏർപ്പെടുത്തിയ വിലക്കും, ദിലീപിനെ തിരിച്ചെടുത്ത നടപടിയും നിഗൂഢമായ ചർച്ചക്ക് ശേഷം അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ പൊടുന്നനെ അറിയിക്കുകയായിരുന്നു. അപ്പോൾ തന്നെ പ്രതികരിക്കാൻ കഴിയാതെ പോയതിൽ പശ്ചാത്താപമുണ്ട്. ധാർമ്മികവിരുദ്ധമായ ആ നടപടികളോട് യോജിക്കാനാവില്ല. മോഹൻലാലിനെയും മമ്മൂട്ടിയെയും മുൻപിൽ നിർത്തി, ഒരു സംഘം സ്ഥാപിത താൽപര്യക്കാർ കരുക്കൾ നീക്കുകയാണെന്നു മറ്റു പലരേയുംപോലെ ഞാനും വിശ്വസിക്കുന്നു. മുറിവേൽക്കുന്ന സ്ത്രീത്വത്തോടൊപ്പം എന്നും ഉണ്ടാകും.

പി ബാലചന്ദ്രൻ , നടന്‍

“ദാ ഇപ്പൊ ശരിയാക്കിത്തരാം”എന്നത്
സിനിമയിലെ കുതിരവട്ടം പപ്പുവിന്റെ ഡയലോഗ് ആയിരിക്കാം
എന്നാൽ അത് ശരിക്കും
നമ്മളെ വിശ്വസിപ്പിച്ചത്
എല്ലാം
ശരിയാക്കാം എന്ന് ഇടതുപക്ഷം പറഞ്ഞപ്പൊഴാണു .
ഞാനും അത് വിശ്വസിച്ച് അതോടൊപ്പം നിന്നു.
അതാണല്ലോ അതിന്റെ ഒരു ശരി
“അമ്മ” എന്നത് ഞാൻ കൂടി തൊഴിലെടുക്കുന്ന മേഖലയിലെ ഒരു സംഘടനയാണ് .
അതിൽ മുതലാളിമാർ മുതൽ ക്ലാസ് ഫോർ ജീവനക്കാർ വരെയുണ്ട് ,നമ്മുടെ രാഷ്ട്രീയ പാർട്ടികളെപ്പോലെയൊക്കെത്തന്നെ –
അംഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ഒരു സംഘടനയാണ് അത് -സംഘടക്കുള്ളിലെ പ്രശ്നങ്ങൾ സംഘടനക്കുള്ളിൽ അവതരിപ്പിക്കുകയും ചർച്ച ചെയ്യുകയും പരിഹരിക്കുകയും ചെയ്യലാണല്ലോ ജനാധിപത്യരീതി , രാഷ്ട്രീയ പാർട്ടികൾ
തുടങ്ങി പത്രപ്രവത്തക യൂണിയനിൽ
വരെ നടക്കുന്ന കാര്യങ്ങൾ
സംഘടനക്കു പുറത്ത് ചർച്ച ചെയ്യാറില്ലല്ലോ .
ഇതും അതുപോലെ കണ്ടാൽ മതി .
സംഘടനയിൽ വിശ്വാസമില്ലാത്തവർക്ക്
രാജിവെക്കുന്നതിനും അവകാശമുണ്ട് –
അങ്ങിനെ “അമ്മ” യിലെ നാല് അംഗങ്ങൾ രാജി വെച്ചതിന്റെ പശ്ചാത്തലത്തിൽ എന്റെ പ്രതികരണം എന്തുകൊണ്ട് വന്നില്ല എന്ന് സ്വാഭാവികമായും എന്നെ അറിയുന്നവരും ചൊറിയുന്നവരും ചോദിച്ചു.
അതിന്റെ അടിസ്ഥാനത്തിൽ
എനിക്ക് പറയുവാനുള്ളത് ഇതാണ്
നേരത്തെ ഞാൻ പറഞ്ഞല്ലോ
എല്ലാം ശരിയാവും എന്ന് വിശ്വസിച്ച് പോയ ഒരാളെന്ന നിലക്ക് രാജിവെച്ച് പുറത്തുപോയ നടികളെ അനുമോദിച്ചും പിന്തുണച്ചും
മുതിർന്ന കമ്മ്യൂണിസ്റ് നേതാവ് ബഹുമാനപ്പെട്ട വി.എസ് ,പാർട്ടി സഖാക്കളായ എം.എ ബേബി ,ധനകാര്യ മന്ത്രി ശ്രീ തോമസ് ഐസക് ,ശ്രീ കാനം രാജേന്ദ്രൻ തുടങ്ങിയവർ രാജിവെച്ച നടികൾക്ക്
പിന്തുണയുമായി രംഗത്ത് വന്നു.
ഇത്തരുണത്തിൽ സംഘടനയുടെ പ്രസിഡന്റ് കൂടിയായിരുന്ന ഇടത് പക്ഷ എം പി യായ സഖാവ് ഇന്നസെന്റ് ,ഇടതുപക്ഷ എം എൽ എ മാരായ ശ്രീ മുകേഷ് ,ശ്രീ ഗണേഷ് കുമാർ എന്നിവർ ഇക്കാര്യത്തിൽ എന്ത് നിലപാടെടുക്കും എന്ന് ഉറ്റു നോക്കുന്ന ഒരു ക്ലാസ് ഫോർ ജീവനക്കാരനാണ് ഞാൻ –
അവർ എടുക്കുന്ന നിലപാട് അറിഞ്ഞിട്ടു വേണം എനിക്കൊരു തീരുമാനമെടുക്കാൻ
താമസിയാതെ അതുണ്ടാവും എന്ന് മാത്രം ഇപ്പോൾ പറയാം

ജോയ് മാത്യു, നടന്‍

അമ്മ ഇരയോടൊപ്പമല്ല തീർച്ചയായും പ്രതിയോടൊപ്പം തന്നെ
എന്തേ അത് മനസ്സിലാക്കാത്തത് ?

പി എഫ് മാത്യൂസ് , കഥാകാരന്‍

എഴുത്തുകാരും ബുദ്ധിജീവികളുമായ ധാരാളം പേര്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ചിലര്‍ അഭിനേതാക്കള്‍,ചിലര്‍ സംവിധായകര്‍,ചില്ര്‍ പാട്ടെഴുത്തുകാര്‍.ചിലര്‍ തിരക്കഥാകൃത്തുക്കള്‍.ഇവരുടെ നിലപാടറിയാന്‍ താല്പര്യമുണ്ട്.സാഹിത്യഭാഷയിലല്ലാതെ നേരെചൊവ്വേ പറഞ്ഞാല്‍ നല്ലത്.സ്വന്തം ഉപജീവനത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍ മിണ്ടണ്ട.പക്ഷേ പിന്നെ അകലെ നടക്കുന്ന അനീതികള്‍ക്കെതിരെ പാക്കുനുറുക്കുന്ന പിച്ചാത്തിയും വീശി ഇറങ്ങരുത്.

എസ്.ഹരീഷ്, എഴുത്തുകാരന്‍

സംഘടനകൾക്ക് അമ്മയെന്നും, ആങ്ങളയെന്നും ഒക്കെ പേരിടുമോൾ ഓർക്കണം അവർ തനി സ്വഭാവം കാണിക്കുമെന്ന്. ഒരു കാര്യം വരുമ്പോൾ അവർ ആരുടെയെങ്കിലുമൊക്കെ അമ്മയാകും. അമ്മമാർക്ക് ഒറ്റ നീതിയെ ഉള്ളു അമ്മത്വം. അതിനി മോൻ ബലാത്സംഗം ചെയ്തിട്ട് വന്നാലും അമ്മ പാതിരാത്രി വാതിൽ തുറക്കും. ചോറ് വിളമ്പും .ബാക്കി ഉറക്കത്തിൽ മോന് നാളെ രാവിലെ പുട്ടു കഴിക്കാനായിരിക്കുമോ ദോശ കഴിക്കാനായിരിക്കുമോ മൂഡ് എന്ന് ചിന്തിക്കും.

ഷാരോണ്‍ റാണി - ചിത്രകാരി

തൂമ്പകൊണ്ടുള്ള പണിയറിയാവുന്നതിനാൽ, ഞാറ്റുവേലകളും വളപ്രയോഗങ്ങളും അറിയാവുന്നതിനാൽ ആ അറിവു വച്ച്‌ പണിയെടുക്കുന്ന കർഷകനേക്കാൾ, രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കാൻപോന്ന നാളത്തെ പൗരന്മാരെ മെനഞ്ഞെടുക്കുന്ന അധ്യാപകനേക്കാൾ, ഒട്ടും മീതെയാവരുത്‌ അഭിനയശേഷികൊണ്ട്‌ സിനിമയിൽ പണിയെടുക്കുന്ന ഒരു അഭിനേതാവ്‌ / അഭിനേത്രി. ആളുകളുടെ വരുമാനത്തിനും അയാളുടെ സാമ്പത്തികശേഷിയ്ക്കും അനുസരിച്ച്‌ അവരെ റാങ്ക്‌ ചെയ്യുന്ന നമ്മുടെ കാഴ്ച്ചപ്പാടാണു എ.എം.എം.എ എന്ന സംഘടനയുടെ തന്ത.

നാമുണ്ടാക്കിയതാണു ഇവറ്റകളെ!
നാമാണിവറ്റകളെ ഉയർത്തിയുയർത്തി താരങ്ങളാക്കിയത്‌.വിണ്ണിലിരിക്കുന്നവർക്ക്‌ മണ്ണറിയില്ല.ഇപ്പോൾ നാം ചെയ്യേണ്ടത്‌ കേരളത്തിലെ മൂന്നരക്കോടി ജനങ്ങളിൽ ഒരാൾ മാത്രമാണു താനെന്ന് അവരെ ബോധ്യപ്പെടുത്തുക എന്നതാണു.ഒരു സിനിമ നിർമ്മിക്കാൻ സിനിമ ആസ്വദിക്കാൻ നമുക്ക്‌ ഇവരെ ആവശ്യമില്ല.സിനിമയെന്ന മാധ്യമത്തെ കമ്പോടുകമ്പ്‌ പഠിച്ചിറങ്ങിയ പ്രതിഭാശാലികളായ ചെറുപ്പക്കാരുണ്ട്‌ കേരളത്തിൽ.അവരെ മതി എന്ന് നമ്മൾ തീരുമാനിച്ചാൽ മാത്രം മതി.സിനിമ ചെയ്യാനും അവയെ ജനങ്ങളിലേക്കെത്തിക്കാനും പ്രിയനന്ദനനേപ്പോലുള്ള ആളുകൾ ഈ സംഘടനയ്ക്ക്‌ തിരുമിക്കൊടുക്കാറില്ല.ഒരുപാട്‌ സമാന്തര മാർഗ്ഗങ്ങൾ ഇനിയും മുന്നിലുണ്ടുതാനും.ലോകസിനിമകൾ അന്യഭാഷയിലെ സിനിമകൾ എല്ലാം ജനങ്ങളിലെത്തട്ടെ.നമ്മൾ തന്നെ പതിച്ചുകൊടുത്ത സ്റ്റാർ ,സൂപ്പർ സ്‌റ്റാർ, മെഗാ സ്റ്റാർ ,ജനപ്രിയ.. ലേബലുകളെല്ലാം പറിച്ച്‌ അവർ വേറെ വല്ല ജോലികളും ചെയ്യട്ടെ .

ജൂലൈ 1 സിനിമാ "ബഹിഷ്കരണം" എന്നൊരു ആഹ്വാനം പലയിടങ്ങളിലും കണ്ടു.നമ്മൾ ജൂലൈ 1നു ആ ബഹിഷ്കരണം തുടങ്ങുന്നു എന്നാണു തീരുമാനിക്കേണ്ടത്‌.നടിയെ ആക്രമിച്ച സംഭത്തിനുശേഷം ജനപ്രിയനായകന്റെ സിനിമകളെ ടി.വിയിൽ കാണുന്നതുപോലും ബഹിഷ്കരിച്ച എന്നേപ്പോലുള്ള ഒരുപാടാളുകൾ ഉണ്ട്‌.ആ ബഹിഷ്കരണം നമ്മളങ്ങു വിശാലമാക്കുന്നു.നമുക്ക്‌ സാധിക്കും.ആരോഗ്യത്തിനും ജീവനുതന്നേയും ഭീഷണിയാണെന്ന് ഡോക്ടർ പറഞ്ഞാൽ വളരെക്കാലമായി ശീലിച്ചുപോന്ന പുകവലി ,മദ്യപാനം പോത്തിറച്ചിയെല്ലാം ഉപേക്ഷിക്കുന്നപോലെ ഒരു ഒഴിവാക്കൽ.നമുക്കാവശ്യമില്ലെങ്കിൽ ആവശ്യമുള്ളത്‌ തരാൻ മാർക്കറ്റ്‌ നിർബന്ധിതമാകും.ഇവരില്ലാത്ത സിനിമകൾ അങ്ങനെ തീയറ്ററുകളിലെത്തും.ആത്മാഭിമാനമുള്ള എല്ലാ മലയാളികളും ഈ ബഹിഷ്കരണത്തിൽ പങ്കാളികളായാൽ മാത്രം മതി.
യുവജനസംഘടനകൾ, പുരോഗമന പ്രസ്ഥാനങ്ങൾ, സ്ത്രീ സംഘടനകൾ എല്ലാം ഈ ആശയത്തോട്‌ ചേരട്ടെ.

നമ്മൾ വിണ്ണിൽ കയറ്റിയിരുത്തിയവരെ നാം മണ്ണിലിറക്കുക.
മാലിന്യങ്ങളെ അതാതിന്റെ ഉറവിടങ്ങളിൽ സംസ്കരിക്കേണ്ടതുണ്ട്‌.

അഭിവാദ്യങ്ങൾ

എം എന്‍ പ്രവീണ്‍ കുമാര്‍, പ്രസാധകന്‍

ചില യുദ്ധങ്ങളുണ്ട്. തോറ്റു പോകുമെന്നറിഞ്ഞിട്ടും വീറോടെ പൊരുതിവീഴുന്നത്. കാത്തിരിക്കുന്നത് തടവറകളും നിഷ്കാസനങ്ങളും പട്ടിണിയും കല്ലേറുകളും ആണെന്നറിഞ്ഞിട്ടും ഒരിഞ്ചു
പോലും പിന്മാറാൻ കൂട്ടാക്കാതെ കീറിമുറിപ്പെടുമ്പോഴും തലയുയർത്തി നിന്ന്‌ വീറോടെ കത്തി പടരുന്നത്....താങ്ങാൻ ഒരാളുമില്ലെന്നു അറിഞ്ഞിട്ടും സ്വാഭിമാനത്തിന്റെ ആത്മബോധത്തിന്റെ ഒറ്റച്ചിറകിൽ പറക്കൽ പഠിപ്പിക്കുന്നത്..

എന്റെ മനുഷ്യരേ
നിങ്ങളറിയണം.ഓരോ പെൺജീവിതവും ഓരോ ഭീകരമായ സമരമുഖങ്ങളാണ്. ചിലപ്പോഴുള്ള അവളുടെ നിശ്ശബ്ദത ഭീരുത്വം കൊണ്ടല്ല, സ്നേഹം കൊണ്ട് തോൽപ്പിച്ചു കളഞ്ഞ ചുറ്റുമുള്ള ജീവിതങ്ങളെ കശക്കിയെറിയാൻ പാകത്തിലുള്ളകാറ്റുകളെ പ്രതിരോധിക്കലാണ് ,.

അനേകം
വസ്ത്രാക്ഷേപങ്ങളിലൂടെ
അഗ്നിശുദ്ധികളിലൂടെ
സതി അനുഷ്ഠാനങ്ങളിലൂടെ
സ്മാർത്ത വിചാരണകളിലൂടെ..
അനീതിയുടെ കാട്ടുതീതുള്ളികളിലൂടെ ഉരുവംകൊണ്ട ജനിതകത്തിന്റെ ചോരഗോവിണികളിലാണ് അവളുടെ ജന്മരഹസ്യം..അവൾ പ്രതികരിച്ചു പോവും. കാരണം ഇത്തരമൊരു അടിച്ചമർത്തലിന്റെചരിത്രം സ്ത്രീക്ക്‌ മാത്രം അവകാശപ്പെട്ടതാണ്. ഒറ്റച്ചിലമ്പു പറിച്ചെറിഞ്ഞു ഒരു നഗരത്തെ ചാമ്പലാക്കിയവളും മുല പറിച്ചെറിഞ്ഞവളും അവളുടെ അപരങ്ങളുടെ
ബഹുലസഞ്ചാരങ്ങളാണ്
അതിനാൽ ഇനി പുരുഷന്മാർക്കും അവളുടെ
പ്രതിരോധവഴികളെ..സർഗ്ഗാത്മകതയെ ഗർഭം ധരിക്കാം..പെണ്ണായിരിക്കുക എന്നതുമൊരു രാഷ്ട്രീയമാണ്‌.

എല്ലാ പെൺപോരാളികൾക്കും ഹൃദയാഭിവാദ്യങ്ങൾ...

ആര്‍.സംഗീത , കവി

കെ.പി.എ.സി.ലളിത, ഇന്നസെന്റ്, ഗണേഷ് കുമാര്‍, മുകേഷ്, എന്നിവരോട് അഭിനേതാക്കളെന്ന നിലയിലോ, വ്യക്തികളെന്ന നിലയിലോ,
എ എം എം എ യിൽ ദിലീപിനെ തിരിച്ചെടുത്ത വിഷയത്തെക്കുറിച്ചും നാലു നടിമാരുടെ രാജിയെക്കുറിച്ചും ഒന്നുംതന്നെ പറയണം എന്ന് ആരും ആവശ്യപ്പെടുന്നില്ല.. കേരളത്തിലെ ജനങ്ങൾക്ക് അതറിയുകയും വേണ്ട..

പക്ഷെ ഇടതുപക്ഷത്തിന്റെ കൂടെനിന്നു വിജയിച്ച് എം എൽ എ, എംപി , മറ്റു ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ നിൽക്കുന്ന നിങ്ങളോട് കേരളസമൂഹം ഈ വിഷയത്തിലെ നിങ്ങളുടെ അഭിപ്രായം ചോദിക്കുകതന്നെ ചെയ്യും .

അതിൽ ഒന്നും പറയാനില്ല എന്നും പറയേണ്ടിടത്ത് പറഞ്ഞോളാം എന്ന തരത്തിലുമൊക്കെയുള്ള വരട്ടുമറുപടികൾ അഭികാമ്യമല്ല...

മറുപടി നൽകാൻ നിങ്ങൾ ബാദ്ധ്യസ്ഥരാണ്.

അഭിനയിക്കരുത് പ്ളീസ് ജനപ്രതിനിധികൾ ആണ്....

ജ്യോതി രാജീവ് , ഫേസ്ബുക്ക്

പടം - പിന്തുണ അറിയിച്ച് കിട്ടിയ ആശംസകളില്‍ ഒന്ന് ഗീതു മോഹന്‍ ദാസ് പോസ്റ്റ് ചെയ്തത്

Read More >>