രണ്ടാമത് ഹരിയോര്‍മ്മ പുരസ്ക്കാരം കവി വിഷ്ണുപ്രസാദിന്

വെബ്ബ് ഡെസ്ക്ക് : രണ്ടാമത് ഹരിയോര്‍മ്മ കവിതാ പുരസ്ക്കാരം കവി വിഷ്ണുപ്രസാദിന്. അന്തരിച്ച പ്രശസ്ത ബ്ലോഗ്ഗറും കലാകാരനുമായ പരാജിതന്‍ എന്ന ഹരികൃഷ്ണന്റെ...

രണ്ടാമത് ഹരിയോര്‍മ്മ പുരസ്ക്കാരം കവി വിഷ്ണുപ്രസാദിന്

വെബ്ബ് ഡെസ്ക്ക് : രണ്ടാമത് ഹരിയോര്‍മ്മ കവിതാ പുരസ്ക്കാരം കവി വിഷ്ണുപ്രസാദിന്. അന്തരിച്ച പ്രശസ്ത ബ്ലോഗ്ഗറും കലാകാരനുമായ പരാജിതന്‍ എന്ന ഹരികൃഷ്ണന്റെ ഓര്‍മ്മയ്ക്കായി ഇന്റെര്‍നെറ്റ് കവിതാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടുകാരാണു പുരസ്ക്കാരം നല്‍കുന്നത്. ഒന്നാമത്തെ ഹരിയോര്‍മ്മ പുരസ്ക്കാരം ലഭിച്ചത് കവി സച്ചിദാനന്ദനാണ്.

2006 ല്‍ മലയാളം കവിതാ ബ്ലോഗിംഗ് ആരംഭിച്ചവരാണു ഹരിക്യഷ്ണന്‍ എന്ന പരാജിതനും അവാര്‍ഡിനു അര്‍ഹനായ വിഷ്ണുപ്രസാദും. മലയാളം ബ്ലോഗിംഗിന്റെ തുടക്കത്തില്‍ തന്നെ അവിടെ നിന്നും പുസ്തകരൂപത്തിലാക്കപ്പെട്ട കവിതാ സമാഹാരമായ വിഷ്ണുപ്രസാദിന്റെ കുളം + പ്രാന്തത്തിക്ക് പുറംചട്ട ഒരുക്കിയത് പരാജിതനായിരുന്നു.

രക്താര്‍ബുദബാധയെ തുടര്‍ന്ന്, 2016 ജൂണ്‍ 27 നാണു ഹരികൃഷ്ണന്‍ അന്തരിച്ചത്. രോഗിയായ ഭാര്യയേയും ഓട്ടിസം ബാധിച്ച രണ്ട് മക്കളേയും ഈ ലോകത്താക്കി ഹരി പോകുമ്പോള്‍ കാര്യമായ സമ്പാദ്യമൊന്നും ഉണ്ടായിരുന്നില്ല. പൊടുന്നനെ അനാഥരായ അവര്‍ക്ക് ആശ്വാസമായത് ഹരിയുടെ സൌഹൃദം എന്ന മതമാണ്. ഹരിയെന്ന പ്രതിഭയുടെ കവിതകള്‍ ലോകത്തെ അറിയിക്കാന്‍ ഉത്സാഹിക്കുന്നതും ഹരിയോര്‍മ്മ പുരസ്ക്കാരം നല്‍കുന്നതും ഈ കൂട്ടായ്മയാണ്.

വിഷ്ണുപ്രസാദിനു കവി കുരീപ്പുഴ ശ്രീകുമാര്‍ പുരസ്ക്കാരം നല്‍കും. കൊല്ലം എയിറ്റ് പോയിന്റ് ആര്‍ട്ട് കഫേയിലാണു അവാര്‍ഡ് വിതരണം. തിയതിയും സമയവും ഉടന്‍ അറിയിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു

കവിതയിലെ കൂട്ടുകാരനായിരുന്ന പരാജിതന്റെ പേരില്‍, കവിതയ്ക്ക് സമ്മാനം കിട്ടുന്നതില്‍ സന്തോഷമുണ്ടെന്ന് വിഷ്ണുപ്രസാദ് പറഞ്ഞു. അവാര്‍ഡ് തുക അത് എത്ര ചെറുതായാലും, വലുതായാലും ഹരിയുടെ കുടംബത്തിനു നല്‍കുമെന്നും കവി പറഞ്ഞു.

വയനാട്ടില്‍ സ്കൂള്‍ അധ്യാപകനായി സേവനം ചെയ്യുന്ന വിഷ്ണുപ്രസാദ്, മലയാളം ബ്ലോഗുകള്‍ സജീവമായ 2006 ലാണു ഈ മേഖലയിലേക്ക് കവിതയുമായി വരുന്നത്. പ്രതിഭാഷ, സമീപകവിത തുടങ്ങിയ തലക്കെട്ടുകളില്‍ ബ്ലോഗിംഗിലൂടെ മലയാളകവിതയെ അടിമുടി മാറ്റുന്നതില്‍ പ്രധാന പങ്ക് വഹിച്ച കവി കൂടിയാണു വിഷ്ണുപ്രസാദ്. കുളം + പ്രാന്തത്തി, ചിറകുള്ള ബസ്സ്, നട്ടുച്ചകളുടെ പാട്ട് അഥവാ മീന്‍ പൊരിക്കുന്നതിന്റെ മണം, ലിംഗവിശപ്പ് എന്നിവയാണു കവിതാ സമാഹാരങ്ങള്‍. പ്രഥമ നജിമുദ്ദീന്‍ വായനശാല കവിതാ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ പാത്തുമ്മക്കും മൂന്ന് മക്കള്‍ക്കുമൊപ്പം വയനാട്ടിലെ ചുള്ളിയോട്ടില്‍ താമസിക്കുന്നു

പരാജിതന്റെ ബ്ലോഗിലെ കവിതകളില്‍ ഒന്ന്

അടിച്ചാലും തൊഴിച്ചാലും
അലറിയാലും
നിങ്ങളുടെ മുന്നില്‍‌
‍വാലാട്ടിക്കൊണ്ടു തന്നെ നില്‍ക്കുന്നതും
കാലു നക്കുന്നതും
നിങ്ങളുടെ വീടിനു ഉറങ്ങാതെ കാവല്‍ നില്‍ക്കുന്നതും
നന്ദിയോ സ്‌നേഹമോ ഉള്ളതു കൊണ്ടല്ല.
തിന്നുന്ന ചോറിനോടുള്ള കൂറുമല്ല.
എന്നാല്‍ വെറുതേയുമല്ല.

"എന്നെ തച്ചുകൊന്നാലും
ഒരു പട്ടിയും ചോദിക്കാന്‍ വരില്ല"
എന്ന തിരിച്ചറിവുള്ളതു കൊണ്ടാണ്‌.

വിഷ്ണുപ്രസാദിന്റെ 2006 ലെ ബ്ലോഗ് കവിതകളില്‍ ഒന്ന്

മര്‍ദ്ദകര്‍ക്കുള്ള സന്ദേശം

തേഞ്ഞ് വാറുപൊട്ടിയ ചെരുപ്പിനെ
വലിച്ചെറിഞ്ഞ് ചരല്‍ വഴിയിലൂടെ നടന്നു.
കാലങ്ങളായി അടക്കിവെച്ച മൂര്‍ച്ചകള്‍
കല്ലുകളും മുള്ളുകളും മൃദുലമായ
പാദങ്ങളില്‍ പരീക്ഷിച്ചു.
നിത്യമര്‍ദ്ദിതരുടെ ഭാഷയില്‍ അവ പറഞ്ഞു:
‘ചെരുപ്പിന്റെ കവചമുപേക്ഷിച്ച്
എന്നെങ്കിലും നീ പുറത്തുവരുമെന്ന്
ഞങ്ങള്‍ക്കറിയാമായിരുന്നു.
എല്ലാ മര്‍ദ്ദകരോടും ഈ സന്ദേശം
അറിയിച്ചേക്കൂ....
ഞങ്ങള്‍ തോറ്റിട്ടില്ല,
മൂര്‍ച്ച കുറഞ്ഞിട്ടുമില്ല.’

വിഷ്ണുപ്രസാദിന്റെ കവിതാ ബ്ലോഗ്

Story by
Read More >>