നീ നാൻ ഇങ്കെതാൻ മുളച്ചത് - വര്‍ഗ്ഗീയവാദികള്‍ക്കെതിരെ ആഞ്ഞടിച്ച് ഊരാളി

Published On: 23 July 2018 10:00 AM GMT
നീ നാൻ ഇങ്കെതാൻ മുളച്ചത് -  വര്‍ഗ്ഗീയവാദികള്‍ക്കെതിരെ ആഞ്ഞടിച്ച് ഊരാളി

വെബ്ബ്ഡെസ്ക്ക് : വര്‍ഗ്ഗീയ വാദികളുടെ ഭീഷണിയെ തുടര്‍ന്ന് , എസ്. ഹരീഷിന്റെ നോവല്‍ പിന്‍വലിച്ചതിനെക്കുറിച്ച് പ്രശസ്ത ഗായകനും തിയറ്റര്‍ ആക്ടിവിസ്റ്റുമായ മാര്‍ട്ടിന്‍ ഊരാളിയുടെ ശക്തമായ പ്രതികരണം. കഥയിൽ നിന്നും എതാനും വരികൾ അടർത്തിയെടുത്ത് അത് മതവിദ്വേഷം വളർത്തുന്നതെന്ന് വിലപിക്കുന്ന നിങ്ങളുടെ വായനാശീലം എത്രയോ അപക്വമെന്നത് പകൽ പോലെ വ്യക്തമാണെന്നാണു കുറിപ്പിന്റെ തുടക്കം. ഫേസ് ബുക്കിലാണു മാര്‍ട്ടിന്റെ കുറിപ്പ്. . പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം.

‘മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വന്നിരുന്ന എസ്. ഹരീഷിന്റെ 'മീശ' എന്ന നോവൽ ഏതാനും കപട ‘മതവാദികളുടെ കൊലവിളി മുഴക്കലിനാൽ എഴുത്തുകാരൻ തന്നെ പിൻവലിച്ചിരിക്കുകയാണല്ലോ.
കഥയിൽ നിന്നും എതാനും വരികൾ അടർത്തിയെടുത്ത് അത് മതവിദ്വേഷം വളർത്തുന്നതെന്ന് വിലപിക്കുന്ന നിങ്ങളുടെ വായനാശീലം എത്രയോ അപക്വമെന്നത് പകൽ പോലെ വ്യക്തം.

എടോ,നായികാനായകൻമാരും പ്രതിനായികാനായകൻമാരും ഉപനായികാനായകൻമാരും മറ്റു കഥാപാത്രങ്ങളും അവരുടെ വിവിധങ്ങളായ അവസ്ഥകളും വ്യത്യസ്ത അഭിപ്രായങ്ങളും ചുറ്റുപാടുകളും വികാരവിചാര രസങ്ങളുമെല്ലാം കൂടിച്ചേർന്നതാണ് കഥയും നോവലും നാടകവും സിനിമയുമെല്ലാം...
ജീവനുള്ളവയും ഇല്ലാത്തവയും സംഭവിച്ചവയും സംഭവിക്കാനിടയുള്ളവയും സംഭവിച്ചുകൊണ്ടിരിക്കുന്നവയും സാങ്കൽപ്പികവുമായവയുമെല്ലാം കഥയിലും കലയിലും മറഞ്ഞും തെളിഞ്ഞുമിരിക്കും.


മായാവീനേം,ഡിങ്കനേം, കപീഷിനേം, യക്ഷി ഭൂതപ്രേത പിശാചുക്കളേം ദൈവങ്ങളേം രാമനേം രാവണനേം കർത്താവിനെയും പ്രവാചകൻമാരെയും മലാക്കുകളെയുമൊക്കെ നമ്മള് അറിഞ്ഞത് കേട്ടും വായിച്ചുമൊക്കെയുള്ള പല പല കഥകളിലൂടെയും പാട്ടുകളിലൂടെയുമൊക്കെയാണ്.
ജീവിതത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും നന്മതിന്മകളെക്കുറിച്ചുള്ള കഥാപാത്രങ്ങളുടെ അഭിപ്രായം തന്നെയാണ് കഥാകൃത്തിന്റെയും എന്ന് വിധിയെഴുതുന്നതിന് മുമ്പേ കഥ മുഴുവൻ അറിയെടോ കഥ മുടക്കികളേ.

"കണ്ണുക്കുള്ളെ കറുപ്പിറുക്ക്
കറുപ്പ് സുറ്റി വെളുപ്പിറുക്ക്
പാർവൈക്കെന്ന നിറമിറുക്ക്
കനവുക്കെന്ന അതിരിറുക്ക് "

വ്യത്യസ്ത അഭിപ്രായമുള്ള, കാഴ്ചപ്പാടുള്ള, കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന എഴുത്തുകാരെ മുഴുവൻ ഇല്ലായ്മ ചെയ്യണമെന്ന് കൊലവിളി മുഴക്കുന്നവരേ, ഇത്രയും വ്യത്യസ്തരായ, വിരുദ്ധാഭിപ്രായങ്ങളുള്ള,നമ്മളെയെല്ലാം സൃഷ്ടിച്ചതെന്ന് നമ്മിൽ ഭൂരിഭാഗവും വിശ്വസിക്കുന്ന നമ്മുടെ ആരാധ്യ ദൈവങ്ങളെയല്ലേ എങ്കിൽ നമ്മൾ ആദ്യം കൊല്ലേണ്ടത് ?
ഒരു കഥ വായിച്ച് വൃണപ്പെടുന്നതാണ് നമ്മുടെ വിശ്വാസമെങ്കിൽ,അത് വിശ്വാസമല്ല, എന്നാലോ,അന്ധവിശ്വാസമാകാം, അവിശ്വാസവുമാകാമത്.

കാലങ്ങളായി സമൂഹത്തിൽ അടിച്ചമർത്തപ്പെടുകയും ഇല്ലാതാക്കപ്പെടുകയും ചെയ്യപ്പെടുന്ന പാവപ്പെട്ടവരും കറുത്തവരും ദളിതരും ആദിവാസികളും സ്ത്രീകളും കലാകാരും വ്യത്യസ്തത പുലർത്തുന്നവരുമെല്ലാം ജീവിതത്തിലായാലും കഥയിലായാലും ശബ്ദമുയർത്തുമ്പോൾ വിറളി പിടിക്കുന്ന കഥമുടക്കികൾക്കും കാര്യംമുടക്കികൾക്കും കൊല്ലാനും ഇല്ലാതാക്കാനും പഴയപോലെ ഇരകളെ കിട്ടാത്തതിന്റെ കെറുവാണ്. അടക്കി വെച്ചിരിക്കുന്ന അധികാരത്തിന്റെയും സമ്പത്തിന്റെയും ഗർവ്വുമാകാമത്.
അതെ, ജനാധിപത്യ വിശ്വാസികൾ കൂടി വരികയാണ്. നിങ്ങൾ മാറുക തന്നെ ചെയ്യും.മാറിയില്ലെങ്കിൽ നിങ്ങളുടെ വരും തലമുറയെങ്കിലും മാറാനായി ഇനിയും ഇവിടെ എഴുത്തുകാരും പാട്ടുകാരും കലാകാരും ജനിച്ചു കൊണ്ടേയിരിക്കും.ജനാധിപത്യം കൂടുതൽ തിളക്കമേറിയതാവുക തന്നെ ചെയ്യും.കൊല്ലാനുമാവില്ല തോൽപ്പിക്കാനുമാവില്ല. മരണം തോൽവിയുമല്ല. അത് സത്യമാണ്.
സത്യമേവ ജയതേ.

വൃണപ്പെടില്ലെങ്കിൽ ഒരു ഊരാളിപ്പാട് പറയട്ടെ,

നാൻ നീ എങ്കിരുന്ത് വന്തത്
നീ നാൻ ഇങ്കെതാൻ മുളച്ചത്
ഒറ്റ മണ്ണ് പെറ്റ നമ്മൾ ഒറ്റ ജാതി ഒറ്റവർഗം
ജീവനപ്പൊരുതലിൽ
ഒത്തുചേർന്ന പോരുകാർ.

നമ്മൾ നടന്നുവന്ന വഴികളിൽ
നമ്മൾ നനഞ്ഞു തോർന്ന മഴകളിൽ
നമ്മൾ കരിഞ്ഞുലഞ്ഞ വേനലിൽ
നമ്മൾ കരളുറച്ചു നിന്നവർ

കലാ സലാം...

Top Stories
Share it
Top