ബെന്യാമിന്റെ നാടുജീവിതവുമായി വാക്കും വേരും

വെബ്ഡെസ്ക്ക്: മികച്ച പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കേരളത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ച തൊടുപുഴയിലെ മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറി പ്രസിദ്ധീകരിക്കുന്ന വാക്കും...

ബെന്യാമിന്റെ നാടുജീവിതവുമായി വാക്കും വേരും

വെബ്ഡെസ്ക്ക്: മികച്ച പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കേരളത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ച തൊടുപുഴയിലെ മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറി പ്രസിദ്ധീകരിക്കുന്ന വാക്കും വേരും മാഗസിന്റെ ആദ്യലക്കം പുറത്തിറങ്ങി. വർഷത്തിൽ രണ്ട് തവണകളിലായി വായനശാല പ്രസിദ്ധീകരിച്ചു വന്ന വിജ്ഞാനശാഖയുടെ പുതുക്കിയ പതിപ്പാണു വാക്കും വേരും. വാക്കും വേരും ആദ്യലക്കത്തിന്റെ പ്രകാശനം ലൈബ്രറിയില്‍ നടന്നു. തൊടുപുഴ നഗരസഭ അധ്യക്ഷ മിനി മധു പ്രകാശനം നിര്‍വ്വഹിച്ചു. ലൈബ്രറി പ്രസിഡന്റ് കെ സി സുരേന്ദ്രന്‍ അധ്യക്ഷനായിരുന്നു. മാഗസിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനൊപ്പം എഴുത്തുകാര്‍ക്ക് പ്രാധാന്യം നല്‍കുന്ന കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. ഇതിന്റെ ഭാഗമായി ആഗസ്ത് 12 നു തൊടുപുഴയില്‍ നൂറു കവികളെ പങ്കെടുപ്പിച്ച് കൊണ്ട് കവിതയുടെ ഒരു പകല്‍ക്കൂട്ടം സംഘടിപ്പിക്കും.

ബെന്യാമിന്റെ നാട് ജീവിതമാണു വാക്കും വേരും ആദ്യലക്കത്തിന്റെ കവര്‍ സ്റ്റോറി. ദീര്‍ഘകാലം ഗള്‍ഫില്‍ ജീവിച്ച് , ആടുജീവിതം എന്ന പുസ്തകവും എഴുതി, ലോകശ്രദ്ധ നേടിയതിനു ശേഷം നാട്ടില്‍ ജീവിതം തുടങ്ങിയ ബെന്യാമിന്റെ വിശേഷണങ്ങളും, നിരീക്ഷണങ്ങളുമാണു ലേഖനത്തില്‍ ഉള്ളത്. വിഷ്ണുപ്രസാദിന്റെ കവിതയും പ്രദീപ് ഭാസ്ക്കറിന്റെ കഥയും വാക്കും വേരും മാഗസിന്റെ ആദ്യലക്കത്തില്‍ ഉള്‍പ്പെടുന്നു.

പ്രകാശനത്തെ തുടര്‍ന്ന്, കവിയും, ജയ്ഹിന്ദ് ലൈബ്രറിയിലെ ലൈബ്രേറിയനുമായ മോഹന്‍ അറയ്ക്കലിന്റെ പുസ്തകമായ അച്ഛനും ഞാനും ഒരേ മുറിയിലാണു എന്ന പുസ്തകത്തെക്കുറിച്ചുള്ള സംവാദം നടന്നു. കവിയും ആക്ടിവിസ്റ്റുമായ അജിത് എം പച്ചനാടന്‍ മോഹന്റെ കവിതയുടെ രാഷ്ട്രീയത്തെക്കുറിച്ച് പ്രബന്ധമവതരിപ്പിച്ചു. കവി കളത്തറ ഗോപന്‍, ബാബു പള്ളിപ്പാട്ട് തുടങ്ങിയവര്‍ സംവാദത്തില്‍ പങ്ക് ചേര്‍ന്നു. മോഹന്‍ അറയ്ക്കല്‍ നന്ദി പറഞ്ഞു

1947-ലാണ് മുതലക്കോടം ലൈബ്രറി പ്രവർത്തനമാരംഭിച്ചത്. 2013 - ൽ സംസ്‌ഥാനത്തെ മികച്ച ലൈബ്രറിക്കുള്ള ഐ.വി. ദാസ്‌ പുരസ്‌കാരം ഈ ലൈബ്രറിയ്ക്ക് ലഭിച്ചു. കൂടാതെ സംസ്ഥാനത്തെ മികച്ച ലൈബ്രറിക്കുള്ള സമാധാനം പരമേശ്വരൻ സ്മാരക പുരസ്കാരം , ജില്ലയിലെയും താലുക്കിലെയും മികച്ച ലൈബ്രറിക്കുള്ള പുരസ്കാരം എന്നിവയും ജയ്‌ഹിന്ദിനു ലഭിച്ചിട്ടുണ്ട്‌. മുപ്പതിനായിരത്തോളം പുസ്തകങ്ങളും ആയിരത്തിലധികം അംഗങ്ങളുമാണ് ലൈബ്രറിയ്ക്കുള്ളത്.

സ്വാതന്ത്ര്യ സമര സേനാനി തുറക്കൽ ഉലഹന്നാൻെറ നേതൃത്വത്തിൽ 1947-ലാണ് ലൈബ്രറി പ്രവർത്തനം ആരംഭിച്ചത്. കുന്നത്ത് ഒരു വാടക കെട്ടിടത്തിലാണ് ലൈബ്രറി ആദ്യം പ്രവർത്തിച്ചിരുന്നത്. 1955-ൽ കുന്നത്തുനിന്നും മുതലക്കോടത്തേക്ക് പ്രവർത്തനം മാറ്റി. ഇക്കാലയളവിൽ നിരവധി തവണ ലൈബ്രറി പ്രവർത്തനം നിർത്തിവച്ചിരുന്നു. 1986-ലാണ് ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചത്. കെ.പി. മാത്യു കളപ്പുരയുടെ നേതൃത്വത്തിലായിരുന്നു പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. തുടർന്ന് 1990 മുതൽ ആറുവർഷക്കാലം ലൈബ്രറി അടച്ചിട്ടു. 1996-ലാണ് പിന്നീട് തുറന്നു പ്രവർത്തിക്കുന്നത്.

ലൈബ്രറിയുടെ കലാകാരന്മാരെ മാത്രം ഉൾപ്പെടുത്തി രണ്ട് ടെലിഫിലിമുകൾ പുറത്തിറക്കിയിട്ടുണ്ട്. നമ്മൾ കൊയ്യും വയലെല്ലാം, ഒരു പകൽ കിനാവിന്റെ പൊരുൾ എന്നിവയാണ് ടെലിഫിലിമുകൾ. കൂടാതെ വെണ്ണിലാവായ്‌ എന്ന സംഗീത ശില്പവും സംഘടിപ്പിച്ചിട്ടുണ്ട്. ബാലവേദി, വനിതാവേദി, വനിതാപുസ്‌തകവിതരണ പദ്ധതി, കരിയർ ഗൈഡൻസ്‌ സെന്റർ എന്നിവയും ലൈബ്രറിയ്ക്ക് കീഴിൽ പ്രവർത്തിക്കുന്നു. മാസം തോറും ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകളും സംവാദവും സംഘടിപ്പിക്കുന്നു. രക്തവിതരണ സേന, മഴക്കാല രോഗപ്രതിരോധ മരുന്ന് വിതരണം, ഹൃദ്രോഗ നിർണയ ക്യാമ്പുകൾ എന്നിവ സംഘടിപ്പിക്കാറുണ്ട്. നെല്ല്, കപ്പ, ജൈവപച്ചക്കറി കൃഷി തുടങ്ങിയവയും ലൈബ്രറിയ്ക്കുണ്ട്. അതോടൊപ്പം 10 പുരുഷ-വനിതാ സ്വാശ്രയ സംഘങ്ങളും ഇതിന്റെ കീഴിൽ പ്രവർത്തിക്കുന്നു.

Story by
Read More >>