നടിമാരുടെ രാജി: അഭിനന്ദനാർഹമെന്ന് കാനം, ഇടത് ഇടപെടൽ തേടി ബൽറാം

Published On: 27 Jun 2018 3:00 PM GMT
നടിമാരുടെ രാജി: അഭിനന്ദനാർഹമെന്ന് കാനം, ഇടത് ഇടപെടൽ തേടി ബൽറാം

കോഴിക്കോട്: അമ്മയിൽ നിന്നു രാജി വച്ച നടിമാർക്കു പിന്തുണയുമായി സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ. നടിമാർ ഉന്നയിച്ച വിഷയങ്ങളിൽ ഇടതുമുന്നണി രാഷ്ട്രീയമായിത്തന്നെ ഇടപെടണമെന്ന് വി.ടി.ബൽറാം എംഎഎൽഎ.

നടിമാർ ജനാധിപത്യപരമായി പ്രതിഷേധം അറിയിച്ചത് അഭിനന്ദനം അർഹിക്കുന്ന കാര്യമാണെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. അമ്മയുടെ നിലപാടുകൾക്കെതിരെ 10 വർഷം മുൻപ് പ്രതിഷേധിച്ച വ്യക്തിയാണ് താൻ. തിലകനെതിരായ വിലക്കിനെതിരെ നിന്നു തിലകന് നഷ്ടപരിഹാരം വാങ്ങിക്കൊടുത്തു. അന്നാരും തന്റെ കൂടെ നിന്നിട്ടില്ലെന്നും കാനം കോഴിക്കോട് പറഞ്ഞു. ഈ സംഭവത്തിന്റെ പേരിൽ ഇടത് എംഎൽഎമാർ രാജി വച്ച് പോകേണ്ട കാര്യമില്ല. മുന്നണി തീരുമാനങ്ങളൊന്നും അവർ ലംഘിച്ചിട്ടില്ല. ഇത് അവരുടെ സംഘടനയുടെ ആഭ്യന്തരപ്രശ്നം മാത്രമാണെന്നും കാനം പറഞ്ഞു.

‘അമ്മ’യുടെ പുതിയ രണ്ട് വൈസ് പ്രസിഡന്റുമാരെയും സ്ഥാനമൊഴിയുന്ന പ്രസിഡന്റിനെയും ജനപ്രതിനിധികളാക്കിയ പ്രസ്ഥാനമെന്ന നിലയിൽ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി രാഷ്ട്രീയമായിത്തന്നെ മറുപടി പറയേണ്ട ചോദ്യങ്ങളാണ് സിനിമാ മേഖലയിലെ ആർജവമുള്ള സ്ത്രീകൾ ചോദിക്കുന്നതെന്ന ആമുഖത്തോടെയായിരുന്നു ബൽറാമിന്റെ സമൂഹമാധ്യമത്തിലെ കുറിപ്പ്. നടിമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിമൻ ഇൻ സിനിമാ കലക്ടീവിന്റെ കുറിപ്പും അദ്ദേഹം സമൂഹമാധ്യമ‌ത്തിൽ പറഞ്ഞു.

Top Stories
Share it
Top