എം ടിക്ക് ഇന്ന് എണ്‍പത്തിയഞ്ചാം പിറന്നാള്‍

Published On: 2018-08-02T13:15:00+05:30
എം ടിക്ക് ഇന്ന് എണ്‍പത്തിയഞ്ചാം പിറന്നാള്‍

കോഴിക്കോട്: മലയാളിയുടെ സ്വകാര്യ അഹങ്കാരം എം.ടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് എണ്‍പത്തഞ്ചാം പിറന്നാള്‍. പതിവുപോലെ പിറന്നാള്‍ ദിനത്തില്‍ ആഘോഷങ്ങളും ആരവങ്ങളുമില്ല, അടുത്ത സുഹൃത്തുക്കളും ഉറ്റ ബന്ധുക്കളും മാത്രം. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍, സാഹിത്യകാരന്‍, നാടകകൃത്ത് ഇങ്ങനെ എഴുത്തിലെ എംടിയുടെ ഇടങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ കഴിയില്ല. കൂടല്ലൂരില്‍ ടി. നാരായണന്‍ നായരുടെയും അമ്മാളു അമ്മുടെയും മകനായി 1933ലാണ് എം.ടിയുടെ ജനനം. ജൂലൈ 15 ആണ് എം.ടിയുടെ ജനന തിയതി എങ്കിലും മലയാളമാസ പ്രകാരം ഇന്നാണ് പിറന്നാള്‍.

രാവിലെ മുതല്‍ ഏതാനും എഴുത്തുകാരും സുഹൃത്തുകളും നടക്കാവ് കൊട്ടാരം റോഡിലെ സിതാരയിലെത്തി. മലയാള സാഹിത്യത്തിലും ചലച്ചിത്ര രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച എംടി അദ്ധ്യാപകന്‍, പത്രാധിപര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആധുനിക മലയാള സാഹിത്യത്തിന്റെ കുലപതിയായാണ് വിശേഷിപ്പിക്കപ്പെടുന്നത് . 23ാം വയസ്സിലായിരുന്നു എം.ടി തന്റെ ആദ്യ നോവലായ നാലുകെട്ട് എഴുതിയത്. ആ നോവലിന് 1958 കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. മഞ്ഞു, കാലം, അസുരവിത്തു, രണ്ടാമൂഴം തുടങ്ങിവയാണ് അദ്ദേഹത്തിന്റെ മറ്റു നോവലുകള്‍. 85 വര്‍ഷത്തെ ജീവിതത്തിനിടെ എഴുത്തുകാരന് ലഭിക്കാവുന്ന എല്ലാ പുരസ്‌കാരങ്ങളും അദ്ദേഹം കരസ്ഥമാക്കി. 1995ല്‍ ഭാരതത്തിലെ സാഹിത്യരംഗത്തെ ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ ജ്ഞാനപീഠം എം.ടിക്ക് ലഭിച്ചു. 2005ല്‍ എം.ടിയെ പത്മഭൂഷണ്‍ ബഹുമതി നല്‍കി രാഷ്ട്രം ആദരിച്ചു.
54-ഓളം സിനിമകള്‍ക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. മികച്ച തിരക്കഥക്കുള്ള ദേശീയ അവാര്‍ഡ് നാലു തവണ ലഭിച്ചു. ഒരു വടക്കന്‍ വീരഗാഥ (1989), കടവ് (1991), സദയം (1992), പരിണയം (1994), എന്നീ സിനിമയുടെ തിരക്കഥകള്‍ക്കാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്. 1963-64 കാലത്താണ് മുറപ്പെണ്ണ് എന്ന തിരക്കഥയെഴുതി എം.ടി ചലച്ചിത്രലോകത്തേക്ക് കടന്നത്. എം.ടി ആദ്യമായി സംവിധാനം ചെയ്ത നിര്‍മ്മാല്യം എന്ന ചിത്രത്തിന് 1973ല്‍ രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കം ലഭിച്ചു. രണ്ടാമൂഴം നോവലും സിനിമാകാന്‍ പോവുകയാണ്.

പ്രശസ്ത നര്‍ത്തകിയായ കലാമണ്ഡലം സരസ്വതിയാണ് അദ്ദേഹത്തിന്റെ ഭാര്യ. മക്കള്‍ സിതാര, അശ്വതി.

Top Stories
Share it
Top