ലേഖനം പാര്‍ട്ടി ലൈനിനു വിരുദ്ധം;ഗ്രന്ഥാലോകം പത്രാധിപരുടെ രാജി വിവാദമാകുന്നു

തിരുവനന്തപുരം: ഗ്രന്ഥാലോകം പത്രാധിപര്‍ എസ്. രമേശന്റെ രാജി സി.പി.എമ്മില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി. പാര്‍ട്ടി ലൈനിന് വിരുദ്ധമായി ലേഖനം...

ലേഖനം പാര്‍ട്ടി ലൈനിനു വിരുദ്ധം;ഗ്രന്ഥാലോകം പത്രാധിപരുടെ രാജി വിവാദമാകുന്നു

തിരുവനന്തപുരം: ഗ്രന്ഥാലോകം പത്രാധിപര്‍ എസ്. രമേശന്റെ രാജി സി.പി.എമ്മില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി. പാര്‍ട്ടി ലൈനിന് വിരുദ്ധമായി ലേഖനം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ പത്രാധിപരെ പുറത്താക്കിയ നടപടിക്കെതിരെ എഴുത്തുകാര്‍ക്കും സാംസ്ക്കാരിക പ്രവര്‍ത്തകര്‍ക്കും പ്രതിഷേധമുണ്ട്. ലൈബ്രറി കൗണ്‍സില്‍ മുഖമാസികയായ ഗ്രന്ഥാലോകത്തിന്റെ ജനുവരി ലക്കത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ രാമചന്ദ്രന്റെ ലേഖനം പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ടാണ് രമേശന്റെ രാജിയെന്നതാണ് വിവാദത്തിന് കാരണം. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ 200-ാം ജന്മദിനത്തിന്റെ ഭാഗമായാണ് ഗ്രന്ഥാലോകത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചത്. എന്നാല്‍ ലേഖനത്തില്‍ സ്വദേശാഭിമാനിയെ ചെറുതാക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടന്നു എന്നതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്. കാറല്‍ മാര്‍ക്‌സിനെ സ്വദേശാഭിമാനി പരിചയപ്പെടുത്തും മുമ്പ് പ്രമുഖ ചരിത്രകാരനും സ്വാതന്ത്യസമരസേനാനിയുമായ ലാലാ ഹര്‍ ദയാല്‍ ഇന്ത്യക്കാര്‍ക്ക് പരിചയപ്പെടുത്തിയിരുന്നു എന്ന ലേഖനത്തിലെ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്. 1912ല്‍ ദയാല്‍ എഴുതിയ ലേഖനത്തിലൂടെയാണ് കാറല്‍ മാര്‍ക്‌സിനെ കുറിച്ച് ആദ്യമായി ഇന്ത്യക്കാര്‍ അറിയുന്നത് എന്നാണ് ലേഖനം പറയുന്നത്. കാറല്‍ മാര്‍ക്‌സിനെ കുറിച്ചുള്ള ദയാലിന്റെ ലേഖനം പ്രസിദ്ധീകരിച്ച് നാലുമാസങ്ങള്‍ക്ക് ശേഷമാണ് സ്വദേശാഭിമാനിയുടെ ലേഖനം വന്നതെന്നാണ് രാമചന്ദ്രന്റെ വാദം. മാത്രവുമല്ല, ദയാലിന്റെ ലേഖനം അതേപടി സ്വദേശാഭിമാനി പകര്‍ത്തുകയായിരുന്നു എന്നും രാമചന്ദ്രന്‍ പറയുന്നു.

ലാലാ ഹര്‍ ദയാല്‍

എന്നാല്‍ വസ്തുതാപരമായി ഇത് തെറ്റാണെന്ന വാദവുമായി സി.പി.എം രംഗത്തുവന്നു. സ്വദേശാഭിമാനിയെ ഇകഴ്ത്താനുള്ള ശ്രമമാണിതെന്ന് ചൂണ്ടിക്കാട്ടി ലൈബ്രറി കൗണ്‍സിലിലും വിമര്‍ശനമുയര്‍ന്നു. രാമചന്ദ്രന്റെ വാദത്തെ ഖണ്ഡിച്ചുകൊണ്ട് തൊട്ടടുത്ത ലക്കം ഗ്രന്ഥാലോകത്തില്‍ പിരപ്പനംകോട് മുരളി ലേഖനമെഴുതി. 1907ല്‍ തന്നെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള കാറല്‍ മാക്‌സിനെ തന്റെ ലേഖനത്തിലൂടെ ഇന്ത്യക്കാര്‍ക്ക് പരിചയപ്പെടുത്തിയിരുന്നു എന്ന് പിരപ്പനംകോട് മുരളി വിശദീകരിച്ചു. 1907 മുതല്‍ മാര്‍ക്‌സിനെ കുറിച്ച് ആധികാരികമായ ലേഖനങ്ങള്‍ എഴുതിയ സ്വദേശാഭിമാനി എന്തിന് ദയാലിനെ സമീക്കണമെന്നാണ് പിരപ്പനംകോട് മുരളിയുടെ വാദം.

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

ചരിത്രരേഖകളും ദാദാ ഹയാലിന്റെ ലേഖനപരിഭാഷയും ഉദ്ധരിച്ചാണ് രാമചന്ദ്രന്‍ ലേഖനമെഴുതിയത്. അക്കാദമിക താല്‍പര്യത്തില്‍ മാത്രം ലേഖനം പ്രസിദ്ധീകരണത്തിനു നല്‍കുകയായിരുന്നു പത്രാധിപരായിരുന്ന രമേശന്‍ ചെയ്തത്. എന്നാല്‍ പാര്‍ട്ടി ലൈനിനു വിരുദ്ധമായ ലേഖനം പ്രസിദ്ധീകരിച്ചത് തെറ്റാണെന്നും അതിന് തിരുത്തു നല്‍കണമെന്നും ലൈബ്രറി കൗണ്‍സിലിലെ സി.പി.എം ഫ്രാക്ഷന്‍ രമേശനോട് ആവശ്യപ്പെട്ടു. ഇതിന് വഴങ്ങാന്‍ രമേശന്‍ തയാറായില്ല. തിരുത്തു നല്‍കിയാല്‍ പദവിയില്‍ തുടരാമെന്ന് ഫ്രാക്ഷന്‍ നിര്‍ദേശിച്ചുവെങ്കിലും രമേശന്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്നു. തുടര്‍ന്നാണ് രാജി എഴുതി വാങ്ങിയത്. എന്നാല്‍ താന്‍ സ്വന്തം ഇഷ്ടപ്രകാരം രാജിവെച്ചതാണെന്ന് രമേശന്‍ പറയുന്നു. രമേശന്റെ രാജിയില്‍ വിവാദത്തിന് പ്രസക്തിയില്ലെന്നും ശാരീരികമായ അവശതകള്‍ കാരണം സ്വയം ഒഴിഞ്ഞതാണെന്നുമാണ് ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി കുഞ്ഞികൃഷ്ണന്റെ വിശദീകരണം.

മീശ എന്ന നോവലിന്റെ പേരില്‍ സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് നോവല്‍ പിന്‍വലിക്കേണ്ടിവന്ന നടപടി വന്‍ വിവാദമായതിനിടെയാണ് പാര്‍ട്ടിക്ക് ഇഷ്ടമല്ലാത്ത ലേഖനം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ പാര്‍ട്ടി അംഗം കൂടിയായ പത്രാധിപരെ പദവിയില്‍ നിന്നൊഴിവാക്കുന്നത്. സി.പി.എം എറണാകുളം ഏരിയാ കമ്മിറ്റി അംഗവും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാണ് രമേശന്‍.

Story by
Read More >>