അമ്മയുടെ തീരുമാനം നിയമവ്യവസ്ഥയ്ക്ക് എതിര്; എംഎൽഎമാർ സ്വീകരിച്ചത് ഇടത് നിലപാടല്ല: ജെ. മേഴ്സിക്കുട്ടിയമ്മ

Published On: 28 Jun 2018 6:00 AM GMT
അമ്മയുടെ തീരുമാനം നിയമവ്യവസ്ഥയ്ക്ക് എതിര്; എംഎൽഎമാർ സ്വീകരിച്ചത് ഇടത് നിലപാടല്ല: ജെ. മേഴ്സിക്കുട്ടിയമ്മ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ താരങ്ങളുടെ സംഘടനയായ അമ്മയിൽ തിരിച്ചെടുത്തതിനെതിരെ വിവാദം കത്തുന്നു. അമ്മയെ വിമർശിച്ച് മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിയമ്മ, കെ.കെ. ശൈലജ എന്നിവർ രം​ഗത്തെത്തി. ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ നിലപാട് നിയമ വ്യവസ്ഥയക്ക് എതിരെന്ന് മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

സംഘടന എല്ലാവര്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കേണ്ടതാണ്. അമ്മയുടെ മക്കള്‍ തുല്യരാണ്, എന്തുകൊണ്ടാണ് അമ്മ ഇങ്ങനെയൊരു നിലപാടെടുത്തതെന്ന് തന്നെ അത്ഭുതപ്പെടുത്തിയെന്നും മേഴ്‌സികുട്ടിയമ്മ പറഞ്ഞു.

അമ്മയുടെ തീരുമാനത്തെ അം​ഗീകരിച്ച ഇടത് എംഎൽഎ മാരായ മുകേഷ്, ​ഗണേഷ് കുമാർ, എംപി ഇന്നസെന്റ് എന്നിവർ സ്വീകരിച്ചത് ഇടത് നിലപാടല്ല. കുറ്റം ചെയ്തവൻ എത്ര പ്രമാണിയായാലും വെള്ളം കുടിക്കണം. സ്ത്രീ സമൂഹം ഒന്നടങ്കം ഇതിനെതിരെ പ്രതികരിക്കണമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

മലയാള സിനിമാ മേഖലയിലെ ഒട്ടും ആശാസ്യമല്ലാത്ത പ്രവർത്തികളാണ് സംഘടനയിലെ പുരുഷാധിപത്യ പ്രവണതയിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് ആരോ​ഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഉന്നത നീതി ബോധം പുലർത്തേണ്ട ഒരു സംഘടനയിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത നിലപാടാണ് ആനുകാലിക സംഭവങ്ങളിലൂടെ പുറത്തുവന്നത്.

സ്ത്രീപക്ഷ നിലപാടുകളെ ഉൾക്കൊള്ളാനും അതു ഉയർത്തിപ്പിടിക്കാനും മാറിയ കാലഘട്ടത്തിൽ ഒരു സംഘടനയ്ക്ക് കഴിയുന്നില്ലെങ്കിൽ സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടുപോവും. അക്രമത്തിന് ഇരയായ പെൺകുട്ടിയുടെ മനസറിയാനും കൂടെ നിൽക്കാനും കഴിയാത്തവർക്ക് സാംസ്കാരിക പ്രവർത്തകരാവാൻ അവകാശമില്ല.

പ്രതികരിക്കാൻ തീരുമാനിക്കുകയും രാജിവെക്കുകയും ചെയ്തു. സഹോദരിമാർക്ക് ഒപ്പം സാംസ്കാരിക കേരളം നിലകൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. സാമൂഹ്യനീതി വകുപ്പ് മന്ത്രിയെന്ന നിലയിൽ നാലുപേർക്കും എല്ലാ പിന്തുണയും അറിയിക്കുന്നുവെന്നും ശൈലജ ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറഞ്ഞു.

Top Stories
Share it
Top