എന്‍. പ്രഭാകരന്റെ ശ്രദ്ധേയമാകുന്ന രണ്ട് ഫേസ്ബുക്ക് കുറിപ്പുകള്‍

കേരളത്തിലെ പുരോഗമന കലാ സാംസ്‌കാരിക രംഗത്തെ സമകാലിക അവസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്ന കഥാകൃത്ത് എന്‍ പ്രഭാകരന്‍ ഏപ്രില്‍ 29നും മെയ് ഒന്നിനും എഴുതിയ രണ്ട്...

എന്‍. പ്രഭാകരന്റെ ശ്രദ്ധേയമാകുന്ന രണ്ട് ഫേസ്ബുക്ക് കുറിപ്പുകള്‍

കേരളത്തിലെ പുരോഗമന കലാ സാംസ്‌കാരിക രംഗത്തെ സമകാലിക അവസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്ന കഥാകൃത്ത് എന്‍ പ്രഭാകരന്‍ ഏപ്രില്‍ 29നും മെയ് ഒന്നിനും എഴുതിയ രണ്ട് ഫേസ്ബുക്ക് കുറിപ്പുകള്‍ ശ്രദ്ധേയമാകുന്നു.

പുരോഗമന സാഹിത്യകാരന്മാർ തങ്ങളുടെ എതിർപക്ഷത്തു നിന്നിരുന്ന എഴുത്തുകാരെ അധിക്ഷേപിക്കാൻ ആവർത്തിച്ചുപയോഗിച്ചു പോന്ന വാക്കുകളിലൊന്ന് ദന്തഗോപുരവാസികൾ എന്നതായിരുന്നു.ദന്തഗോപുരവാസികൾ പൊതുവെ ശുദ്ധകലാവാദികളും കമ്യൂണിസ്റ്റ് വിരുദ്ധരും ആയിരുന്നു.കലയുടെ സാമൂഹ്യപ്രയോജനം,എഴുത്തുകാരന്റെ സാമൂഹ്യപ്രതിബദ്ധത എന്നൊക്കെ കേൾക്കുന്നതു തന്നെ അവർക്ക് അലർജിയായിരുന്നു.
ദന്തഗോപുരവാസി എന്ന പ്രയോഗം കുറച്ചുകാലമായി കേൾക്കാറേയില്ല.വല്ലപ്പോഴുമൊരിക്കൽ കേൾക്കുന്നുവെങ്കിൽത്തന്നെ അത് അലസമായ ഒരു തമാശ പറച്ചിലിന്റെ മട്ടിൽ മാത്രമാണ്. ഈ മാറ്റത്തിന്റെ കാരണങ്ങൾ എന്തൊക്കെയാവാം?
1.ഇപ്പോഴത്തെ നമ്മുടെ എഴുത്തുകാരിൽ ആരും തന്നെ ദന്തഗോപുരവാസിയല്ലേ?
2.ശുദ്ധകലാവാദം കേരളക്കരയിൽ നിന്ന് കെട്ടുകെട്ടിയോ?
3.'കാലം മാറി ;സാഹിത്യത്തിന് ഇനി ജനകീയതയും വിപ്ലവപരതയും ആവശ്യമില്ല' എന്ന് ഇടതുപക്ഷത്തെ രാഷ്ട്രീയനേതാക്കളും സാഹിത്യദാർശനികരും ഒരു നിലപാട് മാറ്റം നടത്തിക്കഴിഞ്ഞോ?ദന്തഗോപുര വാസികൾ എന്ന് ഒരു കാലത്ത് തങ്ങൾ അധിക്ഷേപിച്ചവരെക്കൂടി മനസ്സിലാക്കാനും അംഗീകരിക്കാനും തയ്യാറാവാതെ ഇനി നിലനിൽക്കാനാവില്ല എന്ന് അവർക്ക് ബോധ്യപ്പെട്ടോ?
4.വ്യത്യസ്ത ഘട്ടങ്ങളിൽ ,വ്യത്യസ്ത തലങ്ങളിൽ നിന്ന് പുരോഗമനസാഹിത്യത്തെ പരിഹസിച്ച നിരൂപകരെയും കഥാകാരന്മാരെയും കവികളെയുമെല്ലാം കൊണ്ടാടുന്നതിൽ ഇടതുപക്ഷക്കാർ അത്യുത്സാഹം കാണിക്കുന്നുണ്ട്.അതേ സമയം കേസരി ബാലകൃഷ്ണപിള്ള മുതൽ എം.എൻ.വിജയൻ വരെയുള്ളവരെയുടെ സംഭാവനകളെ അവഗണിക്കുന്നതിൽ വലതുപക്ഷക്കാരും ഇടതുപക്ഷക്കാരും തമ്മിൽ വലിയ വ്യത്യാസം കാണുന്നുമില്ല.മലയാളികളുടെ സാഹിത്യ ഭാവുകത്വത്തിനു മേൽ പുരോഗമന സാഹിത്യത്തിന്റെ എതിർ ചേരിയിൽ നിന്നിരുന്നവരുടെ ആശയലോകം അധീശത്വം സ്ഥാപിച്ചു കഴിഞ്ഞുവോ?
5.എഴുത്തുകാരുടെയും സാംസ്‌കാരികപ്രവർത്തകരുടെയും രാഷ്ട്രീയ നേതാക്കളുടെയും സർക്കാർ ജീവനക്കാരുടെയും സാധാരണ തൊഴിലാളികളുടെ തന്നെയും വരുമാനത്തിൽ കഴിഞ്ഞ രണ്ടുമൂന്ന് ദശകത്തിനുള്ളിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്.ഇത് അവരുടെയെല്ലാം സൗന്ദര്യസങ്കൽപങ്ങൾക്കും മാനസികാവശ്യങ്ങൾക്കും വലിയ മാറ്റം വരുത്തിയിട്ടുണ്ടോ?ശുദ്ധസൗന്ദര്യവാദികളുടെ കലാസാഹിത്യസങ്കൽപങ്ങൾക്ക് അനുകൂലമായ ഒരു ദിശാവ്യതിയാനം മൊത്തത്തിൽ സംഭവിച്ചു കഴിഞ്ഞുവോ?
6.ഏറ്റവും അടിത്തട്ടിലുള്ളവരുടെ ജീവിതം കാണുന്നതിലും അവരുടെ ശബ്ദം കേൾക്കുന്നതിലും വായനാസമൂഹം പൊതുവെ വിമുഖമായിക്കഴിഞ്ഞോ?അതല്ല,അങ്ങനെയൊരു പ്രതീതി സൃഷ്ടിക്കപ്പെടുക മാത്രമാണോ ഉണ്ടായത്?
6.ഘടനാവാദാനന്തര ചിന്തകൾ കലാസാഹിത്യവിചാരങ്ങളിൽ നിന്ന് ശുദ്ധം ,അശുദ്ധം/ ജനകീയം എന്ന വകതിരിവിനെ പൂർണമായും റദ്ദ് ചെയ്‌തോ?സാഹിത്യകൃതികളെ മനസ്സിലാക്കുന്നതിന് തങ്ങൾ ഉപോഗിച്ചു പോന്ന എല്ലാ ടൂൾസും തുരുമ്പെടുത്തു പോയെന്ന് ശുദ്ധകലാവാദികൾക്കും എതിരാളികൾക്കും ഒന്നുപോലെ ബോധ്യം വന്നുവോ?പുതിയ രചനാസങ്കേതങ്ങൾ,അപഗ്രഥന പദ്ധതികൾ, ദളിത് വാദം,സ്ത്രീവാദം,പരിസ്ഥിതിവാദം തുടങ്ങിയ സമീപനങ്ങൾ ഇവയൊക്കെ സൗന്ദര്യത്തെ കുറിച്ചു മാത്രമല്ല സാഹിത്യത്തിന്റെ
സാമൂഹ്യപ്രയോജനത്തെ കുറിച്ചുമുള്ള പഴയ ധാരണകളെ മുഴുവൻ നിർവീര്യമാക്കിക്കഴിഞ്ഞുവോ?
7.മലയാളത്തിലെ ഏറ്റവും പുതിയ കഥയെഴുത്തുകാരും കവികളും,വിശേഷിച്ചും കഥയെഴുത്തുകാർ, അവരുടെ രചനകളുടെ അസാധാരണമായ ആർജവവും അനന്യതയും കൊണ്ട് എല്ലാവരെയും അമ്പരപ്പിച്ചിട്ടുണ്ടോ? വിനോയ് തോമസ്,യമ.ഫ്രാൻസിസ് നെറോണ തുടങ്ങിയവരുടെ കഥകൾക്ക് മുന്നിൽ ശുദ്ധസൗന്ദര്യവാദികളെപ്പോലെത്തന്നെ സാമൂഹ്യപ്രതിബദ്ധതയുടെ പഴയ പാഠങ്ങൾ മാത്രം മനസ്സിൽ ഉറപ്പിച്ചു വെച്ചവരും പകച്ചു നിൽക്കുകയാണോ?
ഈ വക സംശയങ്ങളെ അല്ലെങ്കിൽ ചോദ്യങ്ങളെ മുൻനിർത്തികൊണ്ട് ആഴത്തിലും പരപ്പിലുമുള്ള അന്വേഷണങ്ങൾ നടത്തിക്കൊണ്ടു തന്നെയേ മലയാളത്തിലെ സാഹിത്യപഠനത്തിനും നിരൂപണത്തിനും ഇനി മുന്നോട്ട് പോകാനാവൂ

-------------------------------------

കണ്ണൂർ ജില്ലയിലെ ആലക്കോട്,മാടായി എന്നിവിടങ്ങളിൽ കഴിഞ്ഞ വർഷം ഞാനും സുഹൃത്തുക്കളും ചേർന്ന് നടത്തിയ സാഹിത്യപാഠശാല രണ്ടിടത്തും പുത്തൻ ഉണർവുണ്ടാക്കാൻ സഹായിച്ചിരുന്നു.ആലക്കോട്ട് സർഗവേദി റീഡേഴ്‌സ് ഫോറവും മാടായിയിൽ ജനകല (മാടായിപ്പാറ)യുമാണ് സാഹിത്യപാഠശാല സംഘടിപ്പിച്ചത്.സംഘാടനത്തിലും സംവാദത്തിൽ പങ്കെടുക്കുന്നതിലും ആവേശകരമായ ഉത്സാഹമാണ് ആളുകൾ കാണിച്ചത്.പാഠശാലയുടെ ഒന്നാം ഘട്ടം സമാപിപ്പിച്ച് പഠിതാക്കൾക്ക് സർട്ടിഫിക്കറ്റും വിതരണം ചെയ്ത ശേഷം ആലക്കോട്ടെയും മാടായിയിലെയും സംഘാടകർ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കയാണ്.രണ്ടാം ഘട്ടം ഉദ്ഘാടനത്തിനു ശേഷം ആലക്കോട് പ്രദേശത്ത് വീട്ടുമുറ്റ സാഹിത്യചർച്ചയായിട്ടാണ് പരിപാടി മുന്നോട്ട് പോകുന്നത്.കഴിഞ്ഞ വീട്ടുമുറ്റ ചർച്ചകളിൽ നൂറും നൂറ്റമ്പതും അതിൽ കൂടുതലും ആളുകൾ പങ്കെടുത്തതായിട്ടാണ് അറിയാൻ കഴിഞ്ഞത്.പല വീട്ടുകാരും നാട്ടുകാരും കൂടിച്ചേർന്നിരുന്ന് ഏറ്റവും പുതിയ സാഹിത്യകൃതികളെ കുറിച്ച് ചർച്ച ചെയ്യുന്ന പരിപാടി ഇത്രയും വിജയകരമായി കേരളത്തിൽ മറ്റെവിടെയെങ്കിലും നടന്നുവരുന്നുണ്ടെന്ന് തോന്നുന്നില്ല.മാടായിയിലും രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞു.തുടർന്നുള്ള പരിപാടികളിലേക്ക് അവർ പ്രവേശിക്കാനിരിക്കുന്നതേയുള്ളൂ.
സാഹിത്യപാഠശാലയെ പറ്റി നമ്മുടെ എഴുത്തുകാരിൽ ചിലരും മറ്റുള്ളവരും ആരംഭഘട്ടത്തിൽ പല സംശയങ്ങളും ഉന്നയിച്ചിരുന്നു.സംശയങ്ങളിൽ ചിലത് എതിർവാദങ്ങൾ തന്നെയായിരുന്നു.അവർ പറഞ്ഞ കാര്യങ്ങൾ ആറ്റിക്കുറുക്കിയെടുത്താൽ ഇത്രയുമാണുണ്ടാവുക:
1, സാഹിത്യം പഠിപ്പിക്കാൻ കഴിയുന്ന ഒരു വിഷയമല്ല.വൈദ്യശാസ്ത്രം പഠിച്ചാൽ ഒരാൾക്ക് ഡോക്ടറാകാം.എഞ്ചിനിയറിംഗ് പഠിച്ചാൽ എഞ്ചിനിയറാകാം.സാഹിത്യം പഠിച്ചാൽ ഒരാൾ സാഹിത്യകാരനാവുമെന്നതിന് യാതൊരുറപ്പും ഇല്ല. പഠിച്ച് ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് സാഹിത്യം എന്ന തെറ്റിദ്ധാരണ ആളുകളിൽ ഉണ്ടാക്കരുത്.അത് ഒരാളുടെ ആത്മാവിഷ്‌കാരമാണ്.ആത്മാവിഷ്‌കാരത്തിന് സാഹിത്യരചനയുടെ മാർഗം തന്നെ സ്വീകരിക്കണമെന്ന് തോന്നുന്നവർ അത് സ്വീകരിച്ചാൽ മതി.അല്ലാതുള്ളവർ മറ്റെന്തെങ്കിലും പണിയെടുക്കട്ടെ.അവരെ ഇങ്ങോട്ട് വലിച്ചിഴച്ച് കൊണ്ടുവരേണ്ട കാര്യമേയില്ല.
2.അല്ലെങ്കിൽത്തന്നെ സാഹിത്യം പഠിക്കേണ്ടുന്ന ഒരു വിഷയമേ അല്ല.വായിക്കണമെന്ന് തോന്നുന്നവർ വായിക്കട്ടെ.അല്ലാത്തവർ വായിക്കാതിരിക്കട്ടെ.സമൂഹത്തിന് അത്ര ഒഴിവാക്കാൻ പറ്റാത്ത സംഗതിയൊന്നുമല്ല ഇത്.സാഹിത്യം വായിച്ചതുകൊണ്ട് ഒരാൾക്ക് എന്ത് നേട്ടമുണ്ടാകും എന്ന് കൃത്യമായി പറയാൻ ആർക്കും കഴിയില്ല.ലക്ഷ്യത്തെ കുറിച്ച് ഉറപ്പായി ഒന്നും പറയാൻ കഴിയാതെ ഒരു വിഷയം പഠിപ്പിക്കാൻ പുറപ്പെടുന്നത് മഠയത്തമാണ്.
ഈ വാദങ്ങൾ ഉന്നയിച്ചവർക്ക് സാഹിത്യപാഠശാലയുടെ പ്രവർത്തനത്തെപ്പറ്റി കൃത്യമായ ധാരണയുണ്ടായിരുന്നില്ല.വിവിധ സാഹിത്യഗണങ്ങളുടെ സ്വഭാവം,ഓരോന്നിന്റെയും ചരിത്രത്തിലെ പ്രധാനസംഭവങ്ങൾ/കൃതികൾ, പ്രധാനപ്പെട്ട സാഹിത്യസിദ്ധാന്തങ്ങൾ,സാഹിത്യരചനയുടെയും വായനയുടെയും നിരൂപണത്തിന്റെയും മേഖലയിലെ സമകാല പ്രശ്‌നങ്ങൾ ഇവയൊക്കെയും ആകാവുന്നത്ര ആഴത്തിൽ പഠിതാക്കൾക്ക് പരിചയപ്പെടുത്തുന്നതിനുള്ള ഒനൗപചാരിക സംരംഭമായിരുന്നു സാഹിത്യപാഠശാല.സ്‌കൂൾക്ലാസുകളിൽ സാഹിത്യം പഠിപ്പിക്കുന്നുണ്ട്.കോളേജ്,യൂനിവേഴ്‌സിറ്റി തലങ്ങളിൽ ഭാഷയും സാഹിത്യവും പഠിപ്പിക്കുന്നതിന് പ്രത്യേക വിഭാഗങ്ങളുണ്ട്.സംഗീതവും ചിത്രകലയും പഠിപ്പിക്കുന്ന ധാരാളം സ്ഥാപനങ്ങൾ നമ്മുടെ സംസ്ഥാനത്തുണ്ട്.നാടകവും സിനിമയും പഠിപ്പിക്കുന്നതിനുള്ള സ്ഥാപനങ്ങൾ രാജ്യത്തിന്റെ പല ഭാഗത്തും ഉണ്ട്.സർഗാത്മക സാഹിത്യം പഠിപ്പിക്കുന്ന ഡിപ്പാർട്‌മെന്റുകൾ ലോകത്തിലെ പല സർവകലാശാലകളിലും ഉണ്ട്.അത്തരം സ്ഥാപനങ്ങളിൽ പഠിച്ച് പാസ്സായവർ സാഹിത്യത്തിനുള്ള നോബൽസമ്മാനജേതാക്കളിൽ വരെ ഉണ്ട്.ലിറ്റററിഫെസ്റ്റിവലുകളും കാർണിവെലുകളും പല രാജ്യങ്ങളിലെ എഴുത്തുകാരുടെ കൂടിച്ചേരലുകളും ഓരോ വർഷവും നടന്നുവരുന്നുണ്ട്.ഇതിലൊക്കെ നമ്മുടെ നാട്ടിലെ ചില കവികളും എഴുത്തുകാരും ഉത്സാഹപൂർവം പങ്കെടുക്കുന്നുണ്ട്.അവിടങ്ങളിലൊക്കെ പോയി അവർ സ്വന്തം ധാരണകളും സിദ്ധാന്തങ്ങളുമൊക്കെ അവതരിപ്പിക്കുന്നുണ്ട്. ഇതിലൊന്നും ഒരപാകതയും കാണാത്തവരാണ് സാഹിത്യപാഠശാലയ്‌ക്കെതിരെ തിരിഞ്ഞത്.എന്താവാം അതിന്റെ കാരണം?
സാഹിത്യത്തിന് പാഠ്യപദ്ധതിയിൽ ഏറ്റവും അപ്രധാനമായ സ്ഥാനം മാത്രമേ നൽകാവൂ, വിപണി സൗഹൃദം പുലർത്തുന്ന (market friendly) വിഷയങ്ങൾക്കു മാത്രമേ വിദ്യാഭ്യാസത്തിൽ മേൽക്കൈ ലഭിക്കാവൂ,സാഹിത്യവും മാനവിക വിഷയങ്ങളുമൊക്കെ ആവശ്യമുള്ളവർ സ്വന്തം നിലയ്ക്ക് പഠിക്കട്ടെ,അതിനൊന്നും വേണ്ടി സർക്കാറിന്റെ പണവും വിദ്യാർത്ഥികളുടെ സമയവും മെനക്കെടുത്തരുത്.ശുദ്ധശാസ്ത്രം തന്നെ ആവശ്യത്തിനു മാത്രമേ വേണ്ടൂ.എട്ടാം ക്ലാസ് മുതൽ ഗണിതം തന്നെ ഓപ്ഷനൽ ആക്കാം എന്നിങ്ങനെയുള്ള വാദങ്ങൾ നാം കേട്ടുതുടങ്ങിയിട്ട് കുറച്ചു വർഷങ്ങളായി.അതേ കുറിച്ച് ഇവിടെ ചർച്ച ചെയ്യുന്നില്ല.അനൗപചാരികമായിട്ടായാൽ തന്നെ സാഹിത്യം എന്തിന് പഠിക്കുന്നു എന്ന ചോദ്യത്തിനു പിന്നിൽ ഈ വാദങ്ങളുടെ സ്വാധീനമുണ്ട് എന്നു മാത്രം ചൂണ്ടിക്കാണിക്കാം.
എഴുത്തുകാരിൽ നിന്നും മറ്റു ചിലരിൽ നിന്നും സാഹിത്യപാഠശാല എന്ന ആശയത്തിന്നെതിരെ വിമർശനങ്ങൾ ഉയർന്നു വന്നതിന്റെ പ്രധാന കാരണങ്ങൾ മറ്റു ചിലതാണ്.സാഹിത്യം സാധാരണക്കാർക്ക് സ്പർശിക്കാൻ കഴിയാത്ത ഉയരത്തിൽ തന്നെ നിൽക്കണം എന്ന കാര്യത്തിൽ നിർബന്ധമുള്ളവരാണ് പലരും.അനുഗ്രഹീതരായ എഴുത്തുകാർ,സാഹിത്യത്തിൽ വിശേഷ പഠനം നടത്തിയിട്ടുള്ളവർ ഇവരൊക്കെയേ സാഹിത്യത്തെപ്പറ്റി സംസാരിക്കാവൂ.സാധാരണ കൃഷിക്കാരനും റബ്ബർ വെട്ടുകാരനും ചെറുകിട കച്ചവടക്കാരനുമൊക്കെ സാഹിത്യകൃതികളെ ആത്മവിശ്വാസപൂർവം സമീപിക്കുകയും മറ്റുള്ളവരിൽ മതിപ്പുളവാക്കുന്ന അഭിപ്രായങ്ങൾ പറയുകയും ചെയ്താൽ എഴുത്തിനും എഴുത്തുകാർക്കും സംഭവിക്കുന്ന പരിവേഷ നഷ്ടം എത്ര ഭീമമായിരിക്കും? പുറമെ എത്രയൊക്കെ ജനാധിപത്യബോധം പ്രകടിപ്പിക്കുന്നവരായാലും ഇങ്ങനെയൊക്കെ ചിന്തിക്കുന്നവരാണ് പലരും.എഴുത്തുകാരൻ/എഴുത്തുകാരി ആളുകൾ വിളിച്ചാൽ അവിടെയും ഇവിടെയുമൊക്കെ പോയി പ്രസംഗിക്കുന്നുവെന്ന് കേൾക്കുമ്പോൾ തന്നെ അവർക്ക് കലികയറും.അങ്ങനെ പോകരുത്,തന്റെ പരിവേഷം പെരുപ്പിക്കുന്നതിനു വേണ്ടതെല്ലാം ചെയ്തു വെച്ചേ പോകാവൂ,പ്രസംഗം പരമാവധി ഹ്രസ്വമാക്കി ,രൂപകാത്മകഭാഷയിലേ ചെയ്യാവൂ. അവനവനെ വലുതാക്കി കാണിക്കാനുതകുന്ന വാക്കുകളും പ്രയോഗങ്ങളും ഓർമകളും തന്നെയേ തിരഞ്ഞെടുക്കാവൂ എന്നൊക്കെ പറയാതെ പറയുന്നവരാണ് അവർ.
ഇനിയൊരു കൂട്ടർ സ്വതന്ത്രമായ സാഹിത്യചർച്ചകളെ അവ സ്വതന്ത്രമാണ് എന്നതുകൊണ്ടു തന്നെ ഭയപ്പെടുന്നവരാണ്.തങ്ങൾ പഠിച്ചുവെച്ചതിനപ്പുറത്തേക്ക് ആളുകളുടെ മനസ്സ് സഞ്ചരിക്കുന്നതിന് അവർ എതിരാണ്.വർഗീയവാദികൾ മാത്രമല്ല ഇടതുപക്ഷത്തും വലതുപക്ഷത്തുമുള്ള യാഥാസ്ഥിതിക രാഷ്ട്രീയക്കാരും ഈ നിലപാട് സ്വീകരിക്കുന്നവരാണ്.ആളുകൾ ഏറ്റവും പുതിയ പുസ്തകങ്ങൾ വായിക്കുകയും ഏറ്റവും പുതിയ സാഹിത്യസിദ്ധാന്തങ്ങളെയും അപഗ്രഥന സങ്കേതങ്ങളെയും കുറിച്ച് അറിയുകയും ചെയ്താൽ തങ്ങളുടെ രാഷ്ട്രീയം അപകടത്തിലാവും എന്ന് ചിന്തിക്കുന്നവർ ആ രാഷ്ട്രീയത്തിന് അടിസ്ഥാനപരമായി എന്തെങ്കിലും പരിമിതികളുണ്ടോ,ഉണ്ടെങ്കിൽ അവയെ എങ്ങനെ മറികടക്കാൻ കഴിയും എന്ന് സാവകാശത്തിൽ ആലോചിക്കുകയാണ് വേണ്ടത്.

Story by
Read More >>