സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഏറ്റവും ഉചിതമായ ഇടപെടല്‍ കാലതാമസമില്ലാതെ ഉണ്ടാവണം; വിമണ്‍ ഇന്‍ സിനിമ കളക്ടീവ്

Published On: 11 April 2018 5:45 AM GMT
സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഏറ്റവും ഉചിതമായ ഇടപെടല്‍ കാലതാമസമില്ലാതെ ഉണ്ടാവണം; വിമണ്‍ ഇന്‍ സിനിമ കളക്ടീവ്

സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന ലിംഗവിവേചനത്തെ കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്റെ പ്രവര്‍ത്തനത്തില്‍ നിരാശ പ്രകടിപ്പിച്ച് വിമണ്‍ ഇന്‍ സിനിമ കളക്ടീവ്. ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് കാണിച്ച് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. ഫേസ്ബുക്ക് പേജിലൂടെയാണ് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ഇക്കാര്യം അറിയിച്ചത്.


ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...

മലയാള സിനിമയിൽ സ്ത്രീകൾ അനുഭവിക്കുന്ന ലിംഗവിവേചനങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ഹേമ കമ്മീഷൻ നാളിതുവരെയായിട്ടും അതു സംബന്ധിച്ച പഠനങ്ങളൊന്നും പുറത്തു വിടാത്ത സാഹചര്യത്തിൽ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിക്കൊണ്ട് വിമണ്‍ ഇൻ സിനിമാ കളക്ടീവ് മുഖ്യമന്ത്രിക്ക് നിവേദനം നല്കി. കഴിഞ്ഞ വർഷം 2017 മെയ് 17ന് വിമണ്‍ ഇൻ സിനിമ കളക്ടീവിലെ അംഗങ്ങൾ സംസ്ഥാന മുഖ്യമന്ത്രിയെ കാണുകയും സിനിമയുടെ അരങ്ങത്തും അണിയറയിലും സ്ത്രീകൾ അനുഭവിക്കുന്ന ലിംഗവിവേചനങ്ങളക്കുറിച്ച് അഹദ്ദേത്തെ അറിയിക്കുകയും ചെയ്തിരുന്നു. അങ്ങേയറ്റം പ്രതീക്ഷാനിർഭരമായ കൂടിക്കാഴ്ചയാണ് അന്നു നടന്നത്. ഈ കൂടിക്കാഴ്ചയെ തുടർന്ന് സിനിമാ മേഖലയിൽ ദേശീയ തലത്തിൽ തന്നെ ആദ്യമായി ഒരു പഠന കമ്മീഷനെ നിയോഗിച്ചു കൊണ്ട് ഇടതു സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് അങ്ങേയറ്റം ഉൾക്കാഴ്ചയോടെയും പ്രശ്നങ്ങളെ ഗൗരവത്തോടെ സമീപിക്കുന്നതുമായിരുന്നു. ഈ മേഖലയിലുള്ള പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനും പരിഹാര സാധ്യതകൾ നിർദ്ദേശിക്കുന്നതിനും അത്തരമൊരു പoന റിപ്പോർട്ടിന് കഴിയുമെന്ന് ഞങ്ങൾക്കും ഉറപ്പുണ്ട്.
ഒട്ടും കാലതാമസം കൂടാതെയാണ് ജസ്റ്റീസ് ഹേമ കമ്മീഷൻ സംഘടിപ്പിക്കപ്പെട്ടത്. പക്ഷേ രൂപീകരിക്കപ്പെട്ട് ആറ് മാസമായിട്ടും ഒരു റിപ്പോർട്ടും കമ്മീഷന്റേതായി പുറത്തു വന്നില്ല എന്ന യാഥാർത്ഥ്യത്തെ അങ്ങേയറ്റം വിഷമത്തോടെയും ഉത്ക്കണ്ഠയോടെയുമാണ് ഞങ്ങൾ നോക്കി കാണുന്നത്. സിനിമയിലെ സ്ത്രീകളുടെ തൊഴിലും സുരക്ഷിതത്വവുമായി ബന്ധപ്പെട്ട നയപരമായ ഒരു തീരുമാനവും കൃത്യമായ വിവരങ്ങളുടെ അഭാവത്തിൽ എടുക്കാൻ സാധിക്കില്ല എന്നത് ഏവർക്കും അറിവുള്ള താണല്ലോ. എന്തുകൊണ്ടാണ് ഈ കാലതാമസം ഉണ്ടായതെന്ന് അന്വേഷിച്ചറിയണമെന്ന് ആവശ്യപ്പെട്ടും മുഖ്യമന്ത്രിയുടെ അടിയന്തിര ശ്രദ്ധ തുടർന്നും ഈ വിഷയത്തിലുണ്ടാകുമെന്നും അഭ്യർത്ഥിച്ചാണ് വിമണ്‍ ഇൻ സിനിമാ കളക്ടീവ് സർക്കാരിന് നിവേദനം നല്കിയത്.സർക്കാരിന്റെ ഭാഗത്തു നിന്നും ഏറ്റവും ഉചിതമായ ഇടപെടൽ ഒട്ടും കാലതാമസമില്ലാതെ ഇക്കാര്യത്തിലുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

Top Stories
Share it
Top