ശബരിമല: ഈശ്വരന്മാര്‍ കോപിക്കുന്നതെന്തിന്?

ഇന്ത്യയുടെ ആധുനിക സാമൂഹ്യവിപ്ലവ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് വൈക്കം സത്യാഗ്രഹവും അതിനുശേഷമുണ്ടായ ക്ഷേത്രപ്രവേശന വിളംബരവും. ജാതി രാക്ഷസതീയതക്കേറ്റ...

ശബരിമല: ഈശ്വരന്മാര്‍ കോപിക്കുന്നതെന്തിന്?

ഇന്ത്യയുടെ ആധുനിക സാമൂഹ്യവിപ്ലവ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് വൈക്കം സത്യാഗ്രഹവും അതിനുശേഷമുണ്ടായ ക്ഷേത്രപ്രവേശന വിളംബരവും. ജാതി രാക്ഷസതീയതക്കേറ്റ ഏറ്റവും വലിയ പ്രഹരമായിരുന്നു അത്. ഗാന്ധിജിയും നാരായണ ഗുരുവും പെരിയോറും ടി.കെ മാധവനുമുൾപ്പെടെ അനേകം മഹാത്മാക്കൾ നേതൃത്വംകൊടുത്ത ആ സമരം കേരളത്തിൽ മാത്രമല്ല ഇന്ത്യയാകെ ഉണ്ടാകേണ്ടിയിരുന്ന സാമൂഹ്യമാറ്റത്തിനു വേണ്ടിയുള്ള കാഹളധ്വനിയായി മാറി. അധികാരരാഷ്ട്രീയ തന്ത്രങ്ങൾക്കുപരിയായി അന്നത്തെ പ്രധാന കക്ഷികളായ കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുപാർട്ടിയും ഈ സമരത്തിന്റെ മുൻപന്തിയിൽ തന്നെയുണ്ടായിരുന്നുവെന്നും പ്രത്യേകം പ്രസ്താവിക്കേണ്ടതുണ്ട്. സവർണരുടെ പാർട്ടിയായി അറിയപ്പെട്ടിരുന്ന കോൺഗ്രസ്സിനു കേരളത്തിൽ ഒരു ബഹുജനാടിത്തറയുണ്ടായതു വൈക്കം സത്യഗ്രഹ വിജയത്തിനു ശേഷമാണ് എന്നും പറയേണ്ടതുണ്ട്.

വൈക്കം സത്യാഗ്രഹം പ്രധാനമായും ഒരു മനുഷ്യാവകാശ ലംഘനത്തിലൂന്നിയതായിരുന്നു. അതു കഴിഞ്ഞിട്ടു ൮൨ വർഷം കഴിഞ്ഞെങ്കിലും 2018-ൽ ക്ഷേത്രാരാധനയുടെ മറവിൽ നടക്കുന്ന മറ്റൊരു നീചമായ മനുഷ്യാവകാശ ലംഘനം നമ്മെ അമ്പരപ്പിക്കുന്നു. ൩൦ കളിലും മറ്റും നടന്ന സാമൂഹ്യമാറ്റങ്ങളിൽ നിന്ന് നാമ്പെടുത്ത പ്രതീക്ഷകൾ അസ്തമിക്കുകയാണോ എന്ന ഭയം ഇതിനെ ചുറ്റിപ്പറ്റി നടക്കുന്ന ചർച്ചകൾ കാണുമ്പോൾ തോന്നിപ്പോകുകയാണ്. വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും ഉപരിയായി ഭരണഘടനയെ ഉയർത്തിപ്പിടിക്കുന്ന ഇന്ത്യയിലെ പരമോന്നത കോടതിയ്ക്കു നന്ദി പറയുന്നതോടൊപ്പം സാമൂഹ്യമാറ്റങ്ങൾക്കു വിഘാതം നിൽക്കുന്ന ശബ്ദങ്ങൾക്കും ഗ്രന്ഥങ്ങൾക്കും മുമ്പൊന്നും കിട്ടാത്തതരത്തിലുള്ള പ്രാധാന്യം ലഭിക്കുന്നതു എന്തുകൊണ്ടാണെന്നു നാം തിരിച്ചറിയേണ്ടതുണ്ട്. നവമാധ്യമങ്ങൾ ഉൾപ്പെടെ പല ഘടകങ്ങളും സാംസ്‌ക്കാരികമായ അന്ധകാരത്തെ പ്രോത്സാഹിക്കുന്നുണ്ടെങ്കിലും അതിനെതിരെ നിൽക്കേണ്ടുന്ന സാമൂഹിക- രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നട്ടെല്ല് ഒടിഞ്ഞു പോയിരിക്കുന്നു എന്ന വസ്തുത നാം കാണാതിരുന്നു കൂടാ.

മതേതരമായ ഒരു പുത്തൻ പരിപ്രേക്ഷ്യത്തെ ഉയർത്തിക്കൊണ്ടുവരാൻ സാധിക്കുന്നില്ല എന്നു മാത്രമല്ല മതവാദികളുടെ ബിംബങ്ങളെ (ഉദാഹരണം: രാമായണ മാസാചരണം) തന്നെ വളരെ വികലമായി അനുകരിക്കേണ്ട ദുരവസ്ഥയും വന്നു ചേർന്നിരിക്കുകയാണ്. ആർത്തവ പ്രായത്തിലുള്ള സ്ത്രീകളുടെ പ്രവേശനത്തെ ചൊല്ലിയുള്ള തർക്കത്തിന്റെ തുടക്കം പുരോഗമനാശയങ്ങളുടെ ഈറ്റില്ലമായ കേരളത്തിലല്ല മഹാരാഷ്ട്രയിൽ ഒരു സംഘം സ്ത്രീകൾ ശനി ശിഖനാപൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട സ്ത്രീകളുടെ പ്രവേശന നിഷേധത്തെ എതിർത്തോടെയാണെന്നു നാം ഓർക്കേണ്ടതാണ്. ദളിതുകളുടേയും സ്ത്രീകളുടേയും പ്രവേശനത്തെ ചൊല്ലിയുള്ള തർക്കം ശബരിമലയിൽ മാത്രമല്ല ഇതുപോലെ ജാതി -പുരുഷമേധാവിത്വപരമായ ആചാരങ്ങൾ അനുഷ്ഠിക്കുന്ന എല്ലാ ആരാധനാലയങ്ങൾക്കും ബാധകമാണെന്നും ആചാരങ്ങൾ ഭരണഘടനയിലെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണെന്നും മഹാരാഷ്ട്രയിലെ ഒരു സംഘം സ്ത്രീകളാണ് ആദ്യമായി ഇത്ര ശക്തമായി ഉന്നയിക്കുന്നത്. കേരളത്തിലെ സ്ത്രീകൾ എന്തു കൊണ്ടു അടിസ്ഥാന പരമായി ഒരു സ്ത്രീ ശാക്തീകരണ പ്രസ്ഥാനത്തെ അർഹമായ രീതിയിൽ അനുസന്ധാനം ചെയ്തില്ല എന്ന ചോദ്യവും ബാക്കി നിൽക്കുന്നു. മലയാള സിനിമയിൽ സ്ത്രീകൾ നടത്തുന്ന പരിഷ്‌ക്കരണ ശ്രമങ്ങളെ കാണാതിരിക്കുന്നില്ല എന്നുകൂടി പറഞ്ഞുകൊള്ളട്ടെ.

ശബരിമല ക്ഷേത്രത്തിലേക്കുള്ള ൧൦ നും ൫൦നും ഇടയ്ക്കുള്ള സ്ത്രീകളുടെ പ്രവേശനത്തിൽ, സ്ത്രീ പുരുഷ ഭേദമന്യേ എല്ലാ ഭക്തരുടേയും ഐശ്വര്യത്തെ കാംഷിക്കുന്ന ഈശ്വരന്മാർ എന്തിനു അപ്രീതിപ്പെടണം. ഈശ്വരേച്ഛയുടെയും ആചാരങ്ങളുടേയും വ്യാഖ്യാനങ്ങൾ നിശ്ചയിക്കാൻ ചിലർക്കുള്ളതുപോലെ എല്ലാവർക്കും അവകാശമുണ്ടെന്നും അതു സംരക്ഷിക്കപ്പെടേണ്ടതാണെന്നും എന്തുകൊണ്ടു ബോദ്ധ്യമാകുന്നില്ല. അയ്യപ്പൻ ഒരു നൈഷ്ഠിക ബ്രഹ്മചാരിയാണെന്നു വിശ്വസിക്കുന്നതുപ്പോലെ അങ്ങനെയല്ലെന്നും വിശ്വസിക്കാനുള്ള സ്വതന്ത്ര്യത്തെ എങ്ങനെ അവഗണിക്കാനാകും? ഹിന്ദുയിസത്തിലെ പണ്ഡിതർ ചൂണ്ടികാണിക്കുന്ന കാതലായ ബഹുസ്വരതയുടെ നിരാകരണത്തിൽ മാത്രമെ ഒരു ന്യൂനപക്ഷത്തിന്റെ ആചാരപരമായ കാർക്കശ്യം കൊണ്ടെത്തിക്കുകയുള്ളൂ. നിരീശ്വരവാദത്തെയും ഈശ്വരവാദത്തെയും ഒരുപോലെ കാണുന്ന ഒരു ചിന്താവിഷ്‌ക്കാര ദർശനത്തിന്റെ ചരിത്രപരമായ ആകർഷണീയത ഒരു മത-ദൈവ വിശ്വാസിയല്ലെങ്കിലും ആസ്വദിക്കാൻ സാധിക്കുന്നുണ്ട്.
സ്ത്രീകളോടും ദളിതുകളോടുമുള്ള സമീപനം മനുസ്മൃതി അനുശാസനങ്ങളുടെ അടിസ്ഥാനത്തിൽ കാണുന്നതു തന്നെയാണ് ഇവിടുത്തെ കാതലായ പ്രശ്‌നം. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യ സ്ത്രീയെന്നൊ ദളിതനെന്നോ പുരുഷനെന്നൊ ഉള്ള വിവേചനമില്ലാതെ സാമൂഹ്യപരമായ തുല്യതയെന്ന ആശയത്തിലാണ് കെട്ടിപ്പടുത്തിരിക്കുന്നത്. തുല്യത എന്ന മാനദണ്ഡത്തിനു പ്രസക്തിയില്ലാത്ത മതം, അത് ഏതുമാവട്ടെ അതിന്റെ ആവശ്യകതയെന്താണ്? സാമൂഹ്യപരമായ അത്തരം നീതികേടുകളെ സാധൂകരിക്കുന്ന ഏതു ദൈവദർശനമാണെങ്കിലും അതിന്റെ ആവശ്യമെന്താണ്?

പൊതുകിണറുകളിൽ നിന്നും ജലമെടുത്തു പാനം ചെയ്യാനുള്ള അവകാശം പോലും അവർണർക്കു ഇല്ലായിരുന്നു. ഇന്നും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഈ മനുഷ്യാവകാശ ലംഘനങ്ങൾ ഇന്ത്യയുടെ പല ഭാഗങ്ങളിലും നടക്കുന്നുണ്ട്. ജാതീയമോ പുരുഷാധിപത്യപരമോ ആയ സമീപനമാണ് സ്ത്രീകളോട് പൊതുവെ ഇന്ത്യൻ സമൂഹത്തിൽ കണ്ടുവരുന്നത്. ആർത്തവ പ്രായത്തിലുള്ള സ്ത്രീകളുടെ ആരാധനാലയത്തിലേക്കുള്ള പ്രവേശനം സംബന്ധിച്ച, മിത്തോളജിയുടെയൊ പാരമ്പര്യത്തിന്റെയോ ആചാരങ്ങളുടെയൊ അടിസ്ഥാനത്തിലുള്ള സാധൂകരണങ്ങൾക്ക് ഒരു ആധുനിക ജനാധിപത്യ രാജ്യത്തിൽ സ്ഥാനവുമില്ല. ലിംഗപരമായ അസമത്വങ്ങൾക്കു ഏതെങ്കിലും ദൈവസങ്കൽപങ്ങൽ സാധൂകരണം തേടുന്നതിൽ അർത്ഥമില്ല. കാരണം പാരമ്പര്യമായാലും ആചാരങ്ങളായാലും അവ ഉണ്ടാക്കിയത് ഒരു കാലത്ത് ശക്തരായിരുന്ന സവർണ്ണമേധാവികളാണ്. വൈക്കം ക്ഷേത്രപ്രവേശനത്തിൽ നിന്നും അവർണരെ മാറ്റി നിർത്താൻ പാരമ്പര്യത്തിന്റെ വക്താക്കൾ അന്നു പറഞ്ഞിരുന്നതും ഇന്ന് ശബരിമലയുടെ ആചാരസംരക്ഷകർ കൊട്ടിഘോഷിക്കുന്ന കാര്യങ്ങളൊക്കെ തന്നെയാണ്.
1936 നവംബർ 12-ാം തീയതി പുറത്തിറക്കിയ 'ക്ഷേത്ര പ്രവേശന വിളംബര'ത്തിലെ വാചകങ്ങൾ പാരമ്പര്യത്തിന്റെ വക്താക്കൾ വീണ്ടും വായിക്കേണ്ടതാണ്. പന്ത്രണ്ടു ദിവസങ്ങൾക്കു ശേഷം ചിത്തിര തിരുനാൾ മഹാരാജാവ് വെള്ളം ചേർത്ത മറ്റൊരു വിളംബരം കൂടിയിറക്കി. ജന്മം കൊണ്ടു അസ്‌പൃശ്യരായ അഹിന്ദുകളേയും ചില 'നേരങ്ങളിൽ' സ്ത്രീകളേയും ക്ഷേത്ര പ്രവേശനത്തിൽ നിന്നു വിലക്കിക്കൊണ്ടുള്ള ഉത്തരവായിരുന്നു അത്. സാമൂഹ്യമുന്നേറ്റത്തെ വെല്ലുവിളിച്ചു കൊണ്ടു വീണ്ടും മനുസ്മൃതി പിടിമുറുക്കുകയായിരുന്നു. സവർണ പുരുഷ ഹിന്ദുക്കൾ രണ്ടായിരം വർഷമായി പടുത്തുയർത്തിയ സംവിധാനങ്ങൾ മാറ്റിയെടുക്കാൻ 1950-ൽ ഭരണഘടന പ്രാബല്യത്തിൽ വരുന്നതു വരെ കാത്തിരിക്കേണ്ടി വന്നു.

ക്ഷേത്രപ്രവേശനത്തിന്റെ കാര്യത്തിൽ ഡോ. അംബേദ്കർക്ക് ഗാന്ധിജിയുമായുള്ള വിയോജിപ്പിന്റെ അടിസ്ഥാനവും മനുസ്മൃതിയെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു. സുപ്രിംകോടതി ഭരണഘടനാനുസൃതമായ വിധി പ്രസ്താവിക്കുമെന്ന് വിചാരിക്കേണ്ടിയിരിക്കുന്നു. നിയന്ത്രണമേതുമില്ലാതെ സ്ത്രീ പ്രവേശനത്തിനു അനുകൂലമായ വിധിയുണ്ടായാലും ചോദ്യങ്ങൾ ഇനിയും അവശേഷിക്കും. എതിർപ്പുകൾ തുടർന്നു കൊണ്ടേയിരിക്കും. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതു സ്ത്രീശാക്തീകരണത്തിനു വേഗം കൂട്ടുമോ എന്നാണ്. അതോ ലക്ഷകണക്കിനു സ്ത്രീകൾ കൂടുതൽ അന്ധവിശ്വാസികളായി മാറാൻ സാധ്യതയൊരുക്കുമോ (ഉദാ: ആറ്റുകാൽ പൊങ്കാല). മതവാദികളുടെ വോട്ടുബാങ്കായി മാറുമോ? ഇക്കാര്യത്തിൽ ഞാൻ ഒരു ശുഭാപ്തി വിശ്വാസിയല്ല. മറ്റൊന്ന് ആൾത്തിരക്കു കാരണം കാലക്രമേണ ശബരിമലയിലെ വനനശീകരണത്തിനും ആക്കം കൂട്ടുമോ? ഇതു മറ്റൊരു വിഷയമാണ്. സർക്കാരും സമൂഹവും ഇത്തരം ചോദ്യങ്ങളേയും കണക്കിലെടുക്കണം.

Read More >>