രണ്ടു പെണ്‍കുട്ടികള്‍, രണ്ടു ഭരണാധികാരികള്‍, രണ്ടു ചിത്രങ്ങള്‍

ഇതെഴുതുന്നയാള്‍ ഒരു പിണറായി വിജയന്‍ ഭക്തനല്ല. ഒരളവുവരെ പിണറായി എന്ന പൊതുപ്രവര്‍ത്തകനില്‍ അവിശ്വാസവും എതിര്‍പ്പും ഉള്ള ആളുമാണ്. അതവിടെ നില്‍ക്കട്ടെ....

രണ്ടു പെണ്‍കുട്ടികള്‍, രണ്ടു ഭരണാധികാരികള്‍, രണ്ടു ചിത്രങ്ങള്‍

തെഴുതുന്നയാള്‍ ഒരു പിണറായി വിജയന്‍ ഭക്തനല്ല. ഒരളവുവരെ പിണറായി എന്ന പൊതുപ്രവര്‍ത്തകനില്‍ അവിശ്വാസവും എതിര്‍പ്പും ഉള്ള ആളുമാണ്. അതവിടെ നില്‍ക്കട്ടെ. ഇടതുജനാധിപത്യമുന്നണി സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലൂടെ സഞ്ചരിക്കുമ്പോള്‍, ഈ മന്ത്രിസഭയുടെ പ്രതിഛായ പലരീതിയില്‍ പ്രതിഫലിക്കുന്ന നിരവധി പടങ്ങള്‍ പത്രമാദ്ധ്യമങ്ങളില്‍ അച്ചടിച്ചും, ഷെയറായും, ലൈക്കായുമൊക്കെ പരന്നിട്ടുണ്ട്. അതില്‍ കുപ്രസിദ്ധമായ ഒന്നാണു മുഖ്യമന്ത്രിയുടെ പട്ടാളവ്യക്തിത്വം കാണിക്കുന്ന 'കടക്ക് പുറത്ത്' ചിത്രം. ഇഷ്ടമില്ലാത്ത ചോദ്യം ചോദിച്ചതിനു തലസ്ഥാന നഗരിയിലെ മാദ്ധ്യമപ്രവര്‍ത്തകയായ പെണ്‍കുട്ടിയെ നിറുത്തി പൊരിക്കുന്ന പിണായിയുടെ ചിത്രവും മറക്കാവുന്നതല്ല. മാദ്ധ്യമമേഖലയില്‍ അധികമൊന്നും തഴക്കമില്ലാത്ത, വളരെ പുതുമുഖമെന്ന് തന്നെ പറയാവുന്ന ഒരു പെണ്‍കുട്ടിയോട് പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി പറഞ്ഞ വാക്കുകള്‍ ഒരു ഫാസിസ്റ്റ് ഭരണാധികാരിയെ ഓര്‍മ്മിപ്പിച്ചു എന്ന് പറഞ്ഞാല്‍ തെറ്റാകില്ല.

സര്‍ക്കാര്‍, മൂന്നാം വര്‍ഷത്തിലൂടെ നീങ്ങുമ്പോള്‍ ചിത്രങ്ങള്‍ക്ക് കാര്യമായ മാറ്റം വരികയാണു. തുടര്‍ച്ചയായി മൂന്നാം തവണ ഇന്ത്യയിലെ മികച്ച സംസ്ഥാനമെന്ന ബഹുമതി കേരളമാണു സ്വന്തമാക്കിയത്. (പബ്ലിക് അഫയേഴ്‌സ്, ബംഗളൂരു ) വീണ ജോര്‍ജ്ജിനെപ്പോലെയുള്ള മാദ്ധ്യമപ്രവര്‍ത്തകരുടെ, സര്‍ക്കാരിലെ സാന്നിദ്ധ്യം കുറച്ചൊന്നുമല്ല ഈ നേട്ടം കൈവരിക്കാന്‍, ഈ മന്ത്രിസഭയെ സഹായിച്ചിട്ടുള്ളത്. നേരെ പറഞ്ഞാല്‍, കണ്ടാല്‍ പേടി തോന്നുന്ന അത്രയ്ക്ക് ഗൌരവമുള്ള ഒരു മുഖ്യമന്ത്രിയെ ചെറുചിരിയോടെ ( സ്വതസിദ്ധമായ ആ പുച്ഛമില്ലാതെ ) അവതരിപ്പിക്കാനായതില്‍ ഈ മൂന്ന് വര്‍ഷത്തെ, മാദ്ധ്യമപ്രതിഛായക്കരുടെ ഇടപെടലുകള്‍ കൊണ്ട് സാധിച്ചിട്ടുണ്ട്. പ്രതിഛായ നിര്‍മ്മാണത്തില്‍ ലോകത്തിലെ തന്നെ നമ്പര്‍ 1 ആയ മോദിയെ ഇക്കാര്യത്തിലെങ്കിലും നമ്മുടെ കേരള സര്‍ക്കാര്‍ അനുകരിക്കുന്നു എന്നും പറയാം.

ഒരു മലയാളിയെന്ന നിലയില്‍, ഏറെ സന്തോഷം തോന്നിയ ചിത്രം, ഹനാന്‍ എന്ന പെണ്‍കുട്ടി മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഖാദി ബോര്‍ഡിന്റെ വലിയ വേദിയില്‍ മോഡലായി ഒരു മാലാഖയെപ്പോലെ തിളങ്ങിയതാണു. ഹനാനെ നിങ്ങളറിയും. പഠിക്കാനും, മാന്യമായി ജീവിക്കാനും വഴിയോരത്ത് മീന്‍ വിറ്റ പെണ്‍കുട്ടി. നവമാധ്യമങ്ങളുടെ ആഘോഷത്തില്‍ പരുക്കേറ്റ ഒരു പാവം മുഖം. അതേ പെണ്‍കുട്ടിയാണു ഒരച്ഛന്റെ സംരക്ഷണയിലെന്ന പോലെ മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടെ ഒരു തുമ്പിയെപ്പോലെ, ഖാദിയുടെ, അധ്വാനത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി തിളങ്ങിയത്.

ഏത് നല്ല ഉപദേശകന്റെ / ഉപദേശകയുടെ നിര്‍ദ്ദേശത്താല്‍ ആയാലും, മുഖ്യമന്ത്രിയുള്ള ഖാദിയുടെ ആ വേദിയിലേക്ക് ഹനാന്‍ എന്ന ആരുമില്ലാത്ത പെണ്‍കുട്ടിയെ കൈപിടിച്ചുകൊണ്ട് വന്ന ഖാദി ബോര്‍ഡ് ഉപാദ്ധ്യക്ഷ കൂടിയായ ശോഭനാ ജോര്‍ജ്ജ് വലിയ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. ഹാനനെ ചിരിയുടെ സംരക്ഷണത്തില്‍ കൂടെ നിറുത്തിയ ഒരച്ഛന്റെ മുഖമുള്ള പിണറായി ചിത്രത്തിനു. ആ ചിത്രം ഈ സര്‍ക്കാരിനു നല്‍കിയിരിക്കുന്ന മൈലേജ് വളരെ വലുതാണെന്ന് പറഞ്ഞു വരികയായിരുന്നു.

മതവര്‍ഗ്ഗിയ വാദികളുടെ ശക്തികളില്‍ നിന്നും, സംരക്ഷണം നല്‍കുമെന്ന് എസ്.ഹരീഷ് എന്ന എഴുത്തുകാരനു ഈ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയപ്പോള്‍, ഉണ്ടായ പോസിറ്റീവ് എനര്‍ജി, എത്ര വലുതായിരുന്നു. എത്ര ആത്മവിശ്വാസത്തോടെയാണു സര്‍ക്കാരിനു തന്നെ നന്ദി പറഞ്ഞുകൊണ്ട്, ഒട്ടും ഭയമില്ലാതെ എസ്. ഹരീഷ് തന്റെ മീശ എന്ന വിവാദ നോവല്‍ വിപണിയില്‍ ഇറക്കിയത്. ഹനാന്‍ പങ്കെടുത്ത വേദിയില്‍ ഒരു കവിത കൂടി സംഭവിച്ചു എന്നുള്ളതാണു എടുത്ത് പറയേണ്ട ഒരു കാര്യം. തെരുവിലെ കരച്ചിലാണു, നല്ല ഉടുപ്പിട്ട്, ലോകത്തെക്കുറിച്ചും മനുഷ്യരെക്കുറിച്ചുമുള്ള നല്ല വരികള്‍ പാടിയത്.

അശാന്തന്‍ എന്ന ചിത്രകാരന്റെ മ്യതദേഹം, കൊച്ചിയിലെ ദര്‍ബാര്‍ ഹാളില്‍ വച്ച് വര്‍ഗ്ഗീയ വാദികളാല്‍ അപമാനിക്കപ്പെട്ടപ്പോള്‍ ഉണ്ടായ അരക്ഷിതത്വബോധം, അതേ നഗരത്തില്‍ തന്നെ, സര്‍ക്കാര്‍ കോളേജില്‍ വച്ച് അഭിമന്യു എന്ന തമിഴ് മിടുക്കന്‍ കത്തിക്കിരയായപ്പോഴുള്ള പേടിയും ഒരു പരിധി വരെ അകറ്റാന്‍ മുഖ്യമന്ത്രിയുടെ ഹനാന്‍ ചിത്രത്തിനായിട്ടുണ്ട്. പെണ്‍കുട്ടികള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടുക്കൊണ്ടിരിക്കുന്ന ഒരു ലോകത്ത് ആ ചിത്രം വലിയ ഒരു ആത്മവിശ്വാസം നല്‍കുന്നുണ്ട്. ആ ആത്മവിശ്വാസത്തിനു കരുത്തേകാന്‍ ഈ സര്‍ക്കാരിനു തുടര്‍ന്നും കഴിയട്ടേയെന്ന് ആശംസിക്കുന്നു.

മറ്റൊരു പെണ്‍കുട്ടി

2018 ജൂലായ് 2നു പുറത്തിറങ്ങിയ ടൈം മാഗസിന്റെ കവര്‍, അതിലെ രാഷ്ട്രീയ പ്രാധാന്യം കൊണ്ട് ലോകശ്രദ്ധ നേടിയിരുന്നു. പേജ് നിറഞ്ഞ് നില്‍ക്കുന്ന യു എസ് പ്രസിഡന്റ് ട്രംപിന്റെ കോട്ടിട്ട ചിത്രത്തിനു താഴെ പേടിച്ചു കരഞ്ഞ് നില്‍ക്കുന്ന രണ്ടു വയസുള്ള ഹോണ്ടൂറാസ് പെണ്‍ കുട്ടിയുടെ ചിത്രം. വെല്‍ക്കം ടു അമേരിക്ക എന്നാണു പുലിസ്റ്റര്‍ അവാര്‍ഡ് ജേതാവു കൂടിയായ ജോണ്‍ മൂറെ എടുത്ത ചിത്രത്തിനു തലക്കെട്ടായി ടൈം മാഗസിന്‍ നല്‍കിയിരിക്കുന്നത്. മെക്‌സിക്കോയില്‍ നിന്നും അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിന്റെ യാതനകള്‍ വെളിപ്പെടുത്തുന്നതാണു ചിത്രം.

അനധിക്യതമായി രാജ്യത്ത് കടക്കുന്ന കുടിയേറ്റക്കാരെ ട്രംപിന്റെ പൊലീസ് പിടികൂടുന്നു. പേടിച്ച് കരഞ്ഞ് കൂടെ നില്‍ക്കുന്ന രണ്ട് വയസുകാരിയുടെ അമ്മയും കൂട്ടത്തിലുണ്ട്. രണ്ടു വയസുകാരിയെ അറസ്റ്റ് ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ല. അമ്മ പോലീസ് കസ്റ്റഡിയിലായപ്പോള്‍, അതിര്‍ത്തിയില്‍ ഒറ്റയ്ക്ക് നിന്ന് കരയുന്ന പെണ്‍കുട്ടിയുടെ ചിത്രമാണു ജോണ്‍ മുറെ പകര്‍ത്തിയത്. ' അവളുടെ കരച്ചില്‍ കണ്ട് ഫോട്ടോ എടുക്കാന്‍ എനിക്കായില്ല. ഒടുവില്‍ കരഞ്ഞ് കൊണ്ടാണു ഞാനവളുടെ ചിത്രങ്ങളെടുത്തത്.' പിന്നീട് ജോണ്‍ പറഞ്ഞു.

പക്ഷേ, ജോണ്‍ മൂറെ ചിത്രത്തിനു ഫലമുണ്ടായി. അനധിക്യത കുടിയേറ്റത്തെ തുടര്‍ന്ന് മാതാപിതാക്കള്‍ പിടിക്കപ്പെട്ടാല്‍, അവരുടെ കൂടെ കുഞ്ഞുങ്ങളെ അയക്കാനുള്ള നിയമമാറ്റത്തിനു ഒരുങ്ങുകയാണു യുഎസ്.

* * *

അമേരിക്കയിലേക്ക് സ്വാഗതമെന്നാണു ട്രംപിലൂടെ ടൈം മാഗസിൻ , ഹോണ്ടൂറാസ് പെൺകുട്ടിയോട് പറയുന്നത്. അതിൽ കരുണയുണ്ട്.മുഖ്യധാരയുടെ വേദികളിലേക്ക്, സ്വാഗതമെന്ന്, അരികുവൽക്കരിക്കപ്പെട്ട ഒരു പെൺകുട്ടിയോട് പിണറായി വിജയനിലൂടെ പറയുന്നുണ്ട് കേരളത്തിലെ ഹനാൻ ചിത്രം.

Story by
Read More >>