എന്തുകൊണ്ട് ഈ ദുരിതജീവിതം

ഈ വെള്ളപ്പൊക്ക കാലത്ത് എല്ലാവർക്കും പറയാനൊന്നുമാത്രം- 99-ലെ വെള്ളപ്പൊക്കം. അതിനുസാക്ഷ്യം വഹിച്ചവർ ഇപ്പോഴുള്ളത് വിരലിലെണ്ണാവുന്നവരും. ഉള്ളവർക്കാകട്ടെ...

എന്തുകൊണ്ട് ഈ ദുരിതജീവിതം

ഈ വെള്ളപ്പൊക്ക കാലത്ത് എല്ലാവർക്കും പറയാനൊന്നുമാത്രം- 99-ലെ വെള്ളപ്പൊക്കം. അതിനുസാക്ഷ്യം വഹിച്ചവർ ഇപ്പോഴുള്ളത് വിരലിലെണ്ണാവുന്നവരും. ഉള്ളവർക്കാകട്ടെ ഓർമ്മയുമില്ല. ആകെ ഉള്ളതാകട്ടെ, തകഴിയുടെ 'വെള്ളപ്പൊക്കത്തിൽ' എന്ന ഒരു കഥയും. പാലാക്കാരു പറയുന്നത് ഇരുപതു കൊല്ലത്തിനു മുൻപത്തെ പാലായിലെ വെള്ളപ്പൊക്കത്തെ പറ്റിയും. പഴയ വെള്ളപ്പൊക്കവുമായി ഇപ്പോഴത്തെതിനെ താരതമ്യപ്പെടുത്താനുമൊക്കില്ല. പാലാക്കാരിപ്പോൾപറയുന്നു, വാഗമണ്ണിൽ ഉരുളു പൊട്ടിയതാണെന്ന്.
മലകളായ മലകളെല്ലാം ഇടിച്ചും പാറകളായ പാറകളെല്ലാം പൊട്ടിച്ചു പൊടിയാക്കിയും മണിമാളികൾ പണിതു. വീടായ വീടെല്ലാം വാഹനമെത്താൻ വെള്ളച്ചാലുകൾ തൂർത് റോഡുകളുണ്ടാക്കി. അരമനകളുടെയും മണിമാളികയുടെയും മുറ്റത്തു ഉലാത്തുംമ്പോൾ കാലിൽ മണ്ണു പറ്റാതിരിക്കാൻ മുറ്റം നിറയെ സിമന്റ് ഓടുകൾ പാകി. അപ്പോഴോന്നും ഓർത്തില്ല ഒരു ദിനം മണ്ണിടിയുമെന്നും ഭൂമിയിലേക്കു വെള്ളം താഴില്ലെന്നും. ഇപ്പോഴെല്ലാവീടുകളുടെയും ടൈലു പാകിയ മുറ്റങ്ങളിൽ രണ്ടും മൂന്നും കാറുകളും ബൈക്കുകളും.കോട്ടയത്തുകാരുടെയും പാലാക്കാരുടെ കാലിൽ ചെളിപറ്റാതെ ഇപ്പോൾ വെള്ളം താണപ്പോൾ മൂക്കും പൊത്തി ഇരിക്കേണ്ട അവസ്ഥയിലുമെത്തി.
പറഞ്ഞുവന്നത് കുട്ടനാടിനെ പറ്റിയാണ്. എന്നാൽ, കൂട്ടനാട്ടുകാരന്റെ അവസ്ഥ അതല്ല. കാലാകാലങ്ങളായി കോട്ടയത്തെയും പാലായിലെയും മാലിന്യങ്ങൾ ഒഴുകി വേമ്പനാട് കായലിൽ എക്കലായി വന്ന് അത് വളമായി മാറി.

മുരിക്കൻ എന്നൊരാൾ വേമ്പനാട് കായലിലെ ചെളി കൂട്ടി ബണ്ടുകെട്ടി കൃഷി നിലങ്ങളാക്കി. ഒറ്റകൃഷി ചെയ്തു കുട്ടനാടിനെ കേരളത്തിന്റെ നെല്ലറയാക്കി. ഓരോ വർഷവും കിഴക്കൻ വെള്ളം വന്നൊഴുകി പാടം കഴുകി വൃത്തിയാക്കി എക്കലും കൂട്ടി നിറച്ചു വളമാക്കി മഴ പോയി. വേമ്പനാട് കായലിലും പുന്നമട ആറ്റിലും പമ്പ, അച്ചൻകോവിലാറ്റി ലും കരിമീനും വരാലും കാരിയും മൊരലും പള്ളത്തിയുമൊക്കെ വളർന്നു. വയലാർ സമരത്തെ തുടർന്ന് കാർഷിക വിപ്ലവം ഉണ്ടാകുകയും പിൽക്കാലത്തു കാർഷിക സർവകലാശാലയും ശാസ്ത്രജ്ഞന്മാരും ഉണ്ടാകുകയും കുട്ടനാട്ടിൽ ഇരുപ്പൂ കൃഷി ചെയ്യാൻ കായലിനു ചുറ്റുമുള്ള ബണ്ടുകൾ ഉറപ്പിക്കുകയും ഒപ്പം ഓലയും ഓടും ഇട്ട വീടുകൾക്ക് പകരം കോണ്ക്രീറ്റ് കെട്ടിടങ്ങൾ വരുകയും ചെയ്തു. ഏതു വൻ മഴയത്തും വെള്ളം താങ്ങാൻ കഴിഞ്ഞ കായലുകൾ ബണ്ടുകളാൽ ബന്ധിക്കപ്പെടുകയും കായലിന്റെ വിസ്തൃതി കുറയുകയും ചെയ്തപ്പോൾ വെള്ളം ഉയരാനും വെള്ള പ്പൊക്കം ഉണ്ടാകാനും തുടങ്ങി. 36000 ഹെക്ടറുണ്ടായിരുന്ന വേമ്പനാട് കായൽ ഇപ്പോൾ 12500 ഹെക്ടർ ആയി കുറഞ്ഞു. അതായത് 78 % ആയി കുറഞ്ഞു. അതിനർത്ഥം അത്രയും കരിങ്കല്ലും ഗ്രാവലും മണ്ണും ഇവിടെ എത്തി എന്നാണ്.

വീടായും റോഡായും വെള്ളം മാറ്റപ്പെട്ടു. ആലപ്പുഴ- ചങ്ങനാശ്ശേരി റോഡ്‌ വന്നപ്പോൾ ഇടനാട്ടുകാരും മലനാട്ടുകാരും സന്തോഷിച്ചു. കുട്ടനാടിന്റെ നെഞ്ചിലൂടെ 29 കിലോമീറ്റർ ദൂരത്തിൽ കായലിൽ നിന്ന് മണ്ണെടുത്തു റോഡാക്കി. എൻ. എച് 47-ൽ നിന്നും എം.സി റോഡിലേക്കുള്ള യാത്രാസമയം കുറഞ്ഞു. റോഡിനു ഒരുവശം കനാലുമായി. താഴ്ന്നു കിടക്കുന്ന റോഡ്. കനത്ത മഴ പെയ്താൽ കനാലിൽ നിന്ന് വെള്ളം റോഡിൽ തന്നെ. ഈ റോഡ് ഇനി അടുത്ത മഴയെ തരണം ചെയ്യണമെങ്കിൽ റോഡ് ഉയരണം.
കിഴക്കു- പടിഞ്ഞാറൻ പുഴകളാണ് കിഴക്കൻ ജില്ലകളായ കോട്ടയം, പത്തനംതിട്ട ജില്ലകളെ ആലപ്പുഴ ജില്ലയുടെ തീരദേശങ്ങളുമായി നേരത്തെ ബന്ധിപ്പിച്ചിരുന്നത്- മീനച്ചിൽ, പമ്പ, അച്ഛൻ കോവിൽ ആറുകൾ. ഗതാഗതം ബോട്ടും വള്ളവും.


തകഴി വഴിയുള്ള അമ്പലപ്പുഴ-തിരുവല്ല റോഡും ആലപ്പുഴ- ചങ്ങനാശ്ശേരി റോഡും വന്നപ്പോൾ കുട്ടനാട് കിഴക്കു പടിഞ്ഞാറായി മൂന്നായി പിളർക്കപ്പെട്ടു. അമ്പലപ്പുഴ തിരുവല്ലയ്ക്കു തെക്ക് അപ്പർ കുട്ടനാടായി. പമ്പയും അച്ഛൻകോവിലാറും അപ്പർ കുട്ടനാടല്ലായെങ്കിലും വെള്ളം ഇതുവഴി ഈ പാടങ്ങളിലൂടെ പടിഞ്ഞാട്ടൊഴുകി കൊല്ലം -ആലപ്പുഴ ജലപാത വഴി കായംകുളം, വേമ്പനാട് കായൽ വഴി കായംകുളം ,തോട്ടപ്പള്ളി ,അന്ധകാരനാഴി പൊഴി വഴി കടലിൽ എത്തുമായിരുന്നു.
മുൻപറഞ്ഞ റോഡുകളെ തെക്കു വടക്കു ബന്ധിപ്പിച്ചു അനേകം ഉൾനാടൻ റോഡുകൾ വന്നു. റോഡരികിലും ബണ്ടുകളിലും വീടുകൾ വന്നു. വീടിനു ചുറ്റും നികത്തി തെങ്ങു വാഴകളൾ നട്ടു. പണമുള്ള അമേരിക്കക്കാരും ഗൾഫുകാരും മാർതറ ഉയർത്തി വീടും പള്ളികളും അമ്പലങ്ങളും പണിതു. പണമില്ലാത്ത കർഷക തൊഴിലാളികൾ സർക്കാർ സഹായം കൊണ്ട് നാലും അഞ്ചു ലക്ഷം രൂപയ്ക്കു ചെറിയവീടുകളും സ്വച്ഛ്‌ ഭാരത ശൗചാലയങ്ങളും ഉണ്ടാക്കി. സ്ഥലം എം എൽ എ മാരും എം പി മാരും റോഡുകൾ പണിയാൻ ഫണ്ട് കൊടുത്തു. വെള്ളം ഒഴുകാൻ വഴിയുണ്ടോ എന്നൊന്നും നോക്കിയില്ല, കാറും മോട്ടോർ സൈക്കിളും ലോറിയുമെല്ലാം വീടുകളിൽ എത്തണം.നാട് വികസിച്ചു പന്തലിച്ചപ്പോഴുണ്ട്, ദാ മഴ വരുന്നു...മഴ. നിറുത്താതെ മഴ മുൻ കാലങ്ങളെ അപേക്ഷിച്ചു ഒരുപ്പൂ കൃഷിയിൽ നിന്ന് ഇരുപ്പൂവിലേയ്ക്കും വള്ളത്തിൽ നിന്ന് നാലു ചക്ര വാഹനത്തിലേയ്ക്കും കുട്ടനാട് വളർന്നപ്പോൾ ഒരാഴ്ചയയിലേറെയായി ഏകദേശം രണ്ടു ലക്ഷത്തോളം പേർ വെള്ളക്കെട്ടുകൾക്കു നടുവിൽ കിടക്കുന്നു. വെള്ളമിറങ്ങുമ്പോൾ പകർച്ച വ്യാധികളും ഉണ്ടാകാം.

തദ്ദേശ, റവന്യു, പി. ഡബ്ള്യു.ഡി, ജലസേചന, കൃഷി, ആരോഗ്യ, ജലവിതരണ വകുപ്പുകളുടെ ഏകോപന പദ്ധതികളും അനുമതിയുമില്ലാതെ നാട് വികസിക്കുമ്പോൾ ഇങ്ങനെയോക്കെയേ വരൂ.പേമാരി ഏറ്റവും കൂടുതൽ ബാധിച്ചത് ആലപ്പുഴ ജില്ലയിലെ ആറു ലക്ഷം പേരെ. അതിൽ മൂന്നര ലക്ഷവും കുട്ടനാട്ടിൽ. കായലും തോടുകളും ഒന്നായിരുന്ന കുട്ടനാടിന്റെ മൂന്നിലൊരു ഭാഗം ജലാശയങ്ങൾ നികത്തപ്പെട്ടപ്പോൾ വെള്ളത്തിനൊഴുകിയല്ലേ പറ്റൂ. എന്നാൽ, പിന്നെ അങ്ങ് നിറഞ്ഞൊന്നുഴുകാമെന്നു വെള്ളവും വിചാരിച്ചു കാണും. പാടങ്ങൾക്ക് ചുറ്റും കെട്ടിയിരുന്ന കരിങ്കൽ ബണ്ടുകളുടെ ഉയരം കാരണം പുറത്തു നിന്ന് അകത്തേയ്ക്കു വെള്ളം കയറിയില്ലെങ്കിലും അകത്തു വെള്ളം നിറഞ്ഞപ്പോൾ പുറത്തേയ്ക്കു പോകാൻ വഴിയില്ലാതായി. പണ്ട് ചെളികൊണ്ടു ബണ്ടു കെട്ടുമ്പോൾ നടുഭാഗമാണ് മണ്ണിട്ട് ഉയർത്തിയിരുന്നത്.
ഇപ്പോൾ ബണ്ടുകൾക്കിടയിൽ വെള്ളമൊഴുകിപ്പോകാൻ ഓവുകളോ കലുങ്കുകളോ മിക്കയിടങ്ങളിലുമില്ല. ഉള്ളത് എൻജിൻതറ തന്നെ. പെട്ടിയും പറയും വെച്ച് പൊങ്ങിയ വെള്ളം മുഴുവൻ ഇറക്കി വിടണമെന്ന് വിചാരിച്ചാലോ എത്രനാളെടുക്കും. ഉറച്ച ബണ്ടുകൾ തുറന്നാലോ മട വീഴും. ഇതിനെല്ലാം കാരണം ഇരുപ്പൂ നില കൃഷി ആണെന്ന് പഴമക്കാർ പറയുന്നു.ഈ പഴമക്കാരുടെ മനസ്സറിഞ്ഞാണ് 'ഒരു നെല്ലും ഒരു മീനും' എന്ന കൃഷിസമ്പ്രദായം തുടങ്ങിയത്. എന്നാൽ, ഈ പദ്ധതി തൽക്കാലത്തേക്ക് മാത്രമാകുകയും ഇരുപ്പൂ കൃഷിയിലേക്കു വരുകയും പാഠശേഖര സമിതികൾ രൂപം കൊള്ളുകയും ചെയ്തു. അവർ കൃഷി ചെയ്യാൻ തുടങ്ങിയപ്പോൾ പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടത് ആരും അറിഞ്ഞില്ല.


ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളെ നഗരവൽക്കരിക്കാൻ ചെറു റോഡുകളെ വലിയ റോഡുകളുമായി ബന്ധപ്പെടുത്താൻ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തിയപ്പോൾ അതിന്റെ മറവിൽ കേരളത്തിലും അത്തരം പണികൾ ആരംഭിച്ചു. ഫലം നാടായ നാടെല്ലാം സിമന്റു റോഡുകൾ വന്നു. റോഡ്‌ പണിഞ്ഞവരാരും തന്നെ വെള്ളമൊഴുകി പോകാൻ വഴിയുണ്ടോ എന്ന് നോക്കിയില്ല. തദേശ രാഷ്ട്രീയക്കാർക്കും ജനപ്രതിനിധികൾക്കും കയ്യടിയിലും ജനസമ്മതിയിലും മാത്രമേ താല്പര്യമുണ്ടായിരുന്നുള്ളൂ.
എല്ലാ പദ്ധതികളെയും തകിടം മറിച്ചു കൊണ്ട് വികസനം നടത്തിയതിന്റെ ഫലം കൂടി ആണിത്. ആലപ്പുഴ- ചങ്ങനാശേരി റോഡിന്റെ വലതു ഭാഗത്തു കനാലിൽ പായൽ നിറഞ്ഞതിനാൽ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടു. ഇപ്പോൾ കടലിലും കായലിലും കായലിനെ ബന്ധിപ്പിക്കുന്ന കനാലിലും വെള്ളം കുറഞ്ഞെങ്കിലും ചമ്പക്കുളം, കൈനകരി, രാമങ്കരി, മിത്രക്കരി, നെടുമുടി ഭാഗങ്ങളിൽ നിന്ന് വെള്ളം ഒഴുകിപ്പോകുന്നില്ല. സൂര്യതാപത്തലോ മോട്ടോർ വച്ചോ ഈ വെള്ളം വറ്റിക്കണം. കുട്ടനാടിന്റെയും അപ്പർ കുട്ടനാടിന്റെയും നെഞ്ചിലൂടെ കിഴക്ക്- പടിഞ്ഞാറും തെക്ക്- വടക്കും നിർമ്മിക്കപ്പെട്ട റോഡുകൾ മാറ്റുക അസാദ്ധ്യമാണ്. ഒരു സഹൃദയൻ സ്വപ്നത്തിലെന്നപോലെ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു. "ആലപ്പുഴ- ചങ്ങനാശേരി റോഡ് കൊച്ചിൻ മെട്രോ പോലെ ആകാശത്തുകൂടി പണിയുക. ഇരുപത്തി ഒൻപതു കിലോമീറ്ററിൽ ജലപ്പരപ്പിനു മുകളിലൂടെ ഇരുവശവും നെൽ വയലുകൾക്കു മുകളിലൂടെയുള്ള യാത്ര." ഇപ്പോഴത്തെ റോഡ് ഉയർത്തിപ്പണിയാൻ ഉപയോഗിക്കുന്ന കല്ലും മണ്ണും സിമന്റും ഉണ്ടെങ്കിൽ ആകാശത്തൂടെ സഞ്ചരിക്കാം. കുട്ടനാടിനെ ഒന്നാക്കാം, വെള്ളം നിറന്നൊഴുകും.

ശേഷം ഭാഗം:
അഭിമന്യുവും എസ്ഡി.പി.ഐയും വിട്ട്, 'മീശ' പിൻവലിച്ച എസ്. ഹരീഷായി സോഷ്യൽ മീഡിയയിലെ ആക്ടിവിസ്റ്റ് ചാർച്ചികരുടെ വിഷയം. കഴിഞ്ഞ ഒരാഴ്ചയായി വെള്ളപ്പൊക്കത്തിൽ വലഞ്ഞു ക്യാമ്പുകളിലും വീടുകളിലും കിടക്കുന്നവരുടെയും സ്വച്ചമായി മൂത്രമൊഴിക്കാൻ പോലും പറ്റാത്ത പെണ്ണുങ്ങളുടെയും അവസ്ഥ ചർച്ചയാകുന്നേയില്ല. വൃദ്ധരും കുട്ടികളും ഉറക്കമില്ലാതെയും കൃത്യമായി ഭക്ഷണമില്ലാതെയും കഴിയുകയാണ്. അവിടെ ക്യാമ്പുകളിൽ ദളിതർക്കൊപ്പം താമസിക്കാതെ മറ്റു ജാതി, മതസ്ഥർ വേറേ ക്യാമ്പുകളുണ്ടാക്കിയതായും വാർത്തയുണ്ട്.
കക്കൂസുകളെല്ലാം വെള്ളം നിറഞ്ഞു കിടക്കുന്നു. സ്വച്ച ഭാരതം. നവമാദ്ധ്യമ താർക്കികർക്ക് ആവിഷ്ക്കാരസ്വാതന്ത്ര്യവും ഫാസിസവുമാണ് പ്രധാനം. വെള്ളമൊഴിയുമ്പോൾ രണ്ടു ലക്ഷം പേരും അവരവരുടെ താവളങ്ങളിൽ തിരിച്ചെത്തും. അതോടെ Gods own Country വൃത്തിയുള്ള താകും. അപ്പോൾ ഭാര്യയും മക്കളും പേരക്കിടങ്ങളും സുഹൃത്തുക്കളുമായി ദൈവത്തിന്റെ സ്വന്തം നാട്ടിൽ Back water യാത്രക്കു House Boats [ പുരവഞ്ചി ]തയ്യാറായിരിക്കും. കുട്ടനാടൻ കള്ളും കരിമീനും അവിടെ കിട്ടും.
എന്തുകൊണ്ട് ഈ വെള്ളപ്പൊക്കമെന്നു ചാർച്ചികരായ വിദഗ്ധർ വിലയിരുത്തുമല്ലോ?
വേണമെങ്കിൽ ദുരന്തനിവാരണ വിഭാഗം സെമിനാറും വർക്ക്ഷോപ്പും നടത്തും. അപ്പോൾ, പറഞ്ഞതുപോലെ അവിടെക്കാണാം.

Story by
Read More >>