സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍: മുഖംമൂടിക്കകത്ത് ഹിംസയുടെ വിഷബീജം?

മഹാഭൂരിപക്ഷം ജനങ്ങളും അറിയാതെ ഒരു ജനകീയ ഹര്‍ത്താല്‍ കൂടി കേരളം വിജയിപ്പിച്ചു. ഞായറാഴ്ച രാത്രി സോഷ്യല്‍ മീഡിയകളിലൂടെ ചിലര്‍ നടത്തിയ പ്രചരണമാണ് വിജയം...

സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍: മുഖംമൂടിക്കകത്ത് ഹിംസയുടെ വിഷബീജം?

മഹാഭൂരിപക്ഷം ജനങ്ങളും അറിയാതെ ഒരു ജനകീയ ഹര്‍ത്താല്‍ കൂടി കേരളം വിജയിപ്പിച്ചു. ഞായറാഴ്ച രാത്രി സോഷ്യല്‍ മീഡിയകളിലൂടെ ചിലര്‍ നടത്തിയ പ്രചരണമാണ് വിജയം കണ്ടത്. ഹര്‍ത്താലിന് 'ജനകീയം' എന്ന വിശുദ്ധമുദ്ര ചാര്‍ത്തിയതിനു പിന്നിലെ രഹസ്യ അജണ്ട ഇനിയും വെളിപ്പെട്ടിട്ടില്ല. വിഷയം പഠിക്കേണ്ട 'സൈബര്‍ സെല്‍' എന്തെങ്കിലും കണ്ടെത്തിയോ എന്നുമറിയില്ല. ചില മാധ്യമങ്ങള്‍ ഇതിന് മുതിരുന്നതിനു പകരം നുണക്കഥകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

മാസങ്ങള്‍ക്കുമുമ്പ് ജമ്മുവില്‍ നടന്ന ഒരു പൈശാചികതയുടെ ഉള്ളുകള്ളികള്‍ പൊലീസ് അന്വേഷണത്തില്‍ പുറത്തുവന്നത് ഈ മാസമാണ്. ഇന്ത്യക്കകത്തും പുറത്തും ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങളും പ്രചരണങ്ങളുമുണ്ടായി. കേരളത്തിലും നടന്നു വിവിധ രൂപത്തിലുള്ള പ്രതിഷേധങ്ങള്‍. പ്രതികളെ ന്യായീകരിച്ച ജനപ്രതിനിധികള്‍ രാജിവെക്കുകയും പ്രതികള്‍ പിടിയിലാവുകയും ചെയ്തതോടൊപ്പം മതേതരമായ ഒരു കൂട്ടായ്മ ഇന്ത്യമുഴുവന്‍ ശക്തിപ്പെടുകയുമുണ്ടായി. ക്ഷേത്രകമ്മിറ്റികള്‍ പോലും പ്രതിഷേധവുമായി മുന്നിലെത്തിയ സമയത്താണ് 'ജനകീയ' മുദ്രചാര്‍ത്തിയ ഹര്‍ത്താല്‍ പദ്ധതി രൂപം കൊണ്ടത്. മിന്നല്‍ ഹര്‍ത്താലിന് ഞായറാഴ്ച രാത്രി ജനകീയ സമിതിയുടെ പേരില്‍ സോഷ്യല്‍മീഡിയ പ്രചരണങ്ങളുണ്ടായി. ഈ മാസം നടന്ന ദലിത് സംഘടനകളുടെ ഹര്‍ത്താലിനെതിരെ പത്രസമ്മേളനം നടത്തി സമരം പൊളിക്കാന്‍ ശ്രമിച്ചവര്‍ പ്രതികരിച്ചതു പോലുമില്ല. അവര്‍ ആളില്ലാ ജനകീയ ഹര്‍ത്താലിന് ഒരു മടിയുമില്ലാതെ വഴങ്ങുകയായിരുന്നു.

ജനകീയം എന്ന ലേബലില്‍ സോഷ്യല്‍ മീഡിയ ഒരു സമരം ആസൂത്രണം ചെയ്യുമ്പോള്‍ അതിലെ അപകടങ്ങള്‍ കൂടി അവര്‍ മുന്‍കൂട്ടി കാണേണ്ടതുണ്ട്. ജനക്കൂട്ടം എന്ന ലേബലില്‍ അട്ടപ്പാടിയിലെ പട്ടിണിപ്പാവമായ മധു എന്ന യുവാവിനെ തല്ലക്കൊന്നത് കഴിഞ്ഞ മാസമാണ്. അന്നതിനെതിരെ സോഷ്യല്‍ മീഡിയ പ്രചാരണത്തിന് മുന്‍പന്തിയിലുള്ളവര്‍ മിന്നല്‍ ഹര്‍ത്താല്‍ പ്രചരണത്തിനുമുണ്ടായിരുന്നു. ജനക്കൂട്ടമനസ്്് എപ്പോള്‍ എങ്ങിനെ മാറിമറിയും എന്നത് പ്രവചിക്കാനാവില്ല. ആര്‍ക്കുമാര്‍ക്കും ഉത്തരവാദിത്തമില്ലാത്ത ഒരു ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് അതുകൊണ്ടു തന്നെ കുറ്റകരമാണ്. മുന്‍കൂര്‍ അറിവുനല്‍കാതെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നതും കുറ്റകരം തന്നെ. ഒട്ടേറെ ജനകീയ മുന്നേറ്റങ്ങള്‍ക്ക് വേദിയായ സോഷ്യല്‍ മീഡിയ പൂര്‍ണ വിശുദ്ധമല്ല എന്ന് അത് കൈകാര്യം ചെയ്യുന്നവര്‍ക്ക് നല്ലപോലെ അറിയാം. എല്ലാവിധ ക്രിമിനലുകള്‍ക്കും കയറിനിരങ്ങാനുള്ള ഇടം കൂടിയാണിത്. വിവിധ കക്ഷിരാഷ്ട്രീയക്കാര്‍ക്ക് അവരുടെതായ സൈബര്‍ സെല്ലുകളുണ്ട്. വിവധ ജാതിമത സംഘടനകളില്‍ ഇടപെടാവുന്ന വിധം വ്യാജ ഐഡികളും ഇവര്‍ക്കുണ്ട്.

സ്ത്രീകള്‍, ദലിതര്‍, ന്യൂനപക്ഷങ്ങള്‍, അന്യ പാര്‍ട്ടിക്കാര്‍ എന്നിവരുടെ പോസ്റ്റുകളില്‍ കയറി മെതിക്കാനും അവരെ ഒറ്റപ്പെടുത്താനും വേണ്ടിവന്നാല്‍ അക്കൗണ്ട് പൂട്ടിക്കാനും വ്യാജ വിലാസങ്ങള്‍ ഉപയോഗിച്ചു വരുന്നു. ഇത്തരമൊരു പൊതുവേദിയുടെ നിയന്ത്രണത്തില്‍ ജനങ്ങളെ മൊത്തമായി ബാധിക്കുന്ന ഹര്‍ത്താല്‍ പോലുള്ള സമരങ്ങള്‍ സംഘടിപ്പിക്കുന്നത്് അപകടം ക്ഷണിച്ചു വരുത്തലാണെന്ന് ഇന്നലെ എല്ലാവരും തിരിച്ചറിഞ്ഞിട്ടുണ്ടാകും. ചില തീവ്രവാദ സംഘടനകള്‍ പ്രക്ഷോഭത്തിന്റെ നേതൃത്വത്തില്‍ കടന്നുകയറിയതും പാവം ഫേസ്ബുക്ക് ജീവികള്‍ ഇവര്‍ക്കു പിറകെ കുഞ്ഞാടുകളായതും ഇന്നലെ തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി ഭാഗങ്ങളില്‍ കണ്ടു. ഇവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട അവസ്ഥവരെയുണ്ടായി. ഉത്തരേന്ത്യന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയമാഘോഷിച്ചവര്‍ തിരൂരിലെ ഒരു ഹോട്ടലിനു മുന്നില്‍ പടക്കം പൊട്ടിക്കുകയും ഹോട്ടലിലേക്ക് പടക്കമെറിയുകയും ചെയ്ത സംഭവത്തിലുള്ള പ്രതികാരം കൂടിയായിരുന്നു ഇന്നലെ താനൂരില്‍ ഒരു ബേക്കറിക്കു നേരെ നടന്ന അക്രമം. ജനക്കൂട്ടം ജനകീയ ഹര്‍ത്താലിന്റെ മറവില്‍ സ്വന്തം രഹസ്യതാല്‍പര്യങ്ങളും പ്രതികാരവും അടിച്ചേല്‍പിക്കുകയായിരുന്നു. മിക്കയിടത്തും സോഷ്യല്‍ മീഡിയയുടെ മറവില്‍ അക്രമകാരികളും തീവ്രവാദികളും ഹര്‍ത്താലിന്റെ നേതൃത്വം കയ്യിലെടുത്തു എന്നാണ് സൂചന. ആര്‍ക്കും ഉത്തരവാദിത്തമില്ലാത്ത ഇത്തരം സമരങ്ങള്‍ നിയന്ത്രിക്കുക തന്നെ വേണം.

തികച്ചും മതേതരമായി വളര്‍ന്നു വന്ന പ്രതികരണങ്ങള്‍ എങ്ങിനെ വര്‍ഗീയ വല്‍ക്കരിക്കപ്പെട്ടു എന്നതിനു തെളിവ് ഇന്നത്തെ ചില പത്രവാര്‍ത്തകളാണ്. ജന്മഭൂമി പത്രത്തിന്റെ ഒന്നാം പേജ് ലീഡ് തലക്കെട്ട് ഇങ്ങനെ-'ഇസ്ലാമിക തീവ്രവാദികള്‍ അഴിഞ്ഞാടി'. 'ബോലോ തക്ബീര്‍ മുഴക്കി പൊലീസിനെ നേരിട്ട ഇസ്്ലാമിക തീവ്രവാദികള്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകളും ഒട്ടോറിക്ഷകളും തകര്‍ത്തു'. ചന്ദ്രിക മറ്റൊരു എക്സ്ളൂസീവ് വാര്‍ത്ത ഒന്നാം പേജില്‍ നല്‍കി- 'ഏതെങ്കിലും സംഘടനയുടെയോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ പിന്തുണയില്ലാതെ സോഷ്യല്‍ മീഡിയയിലുടെ സൃഷ്ടിക്കപ്പെട്ട ഹര്‍ത്താലിന് പിന്നില്‍ സംഘപരിവാര്‍ സൈബര്‍ വിംഗാണെന്ന് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്'!

Read More >>