നിപ്പ വൈറസ്:വവ്വാലുകള്‍ വഴിയെന്ന് ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കേന്ദ്രം

കോഴിക്കോട്: പേരാമ്പ്രയിലെ ചങ്ങരോത്ത് കണ്ടെത്തിയ നിപ്പ രോഗത്തിന്റെ ഉറവിടം പഴംതീനി വവ്വാലുകള്‍ തന്നെയെന്ന് കണ്ടെത്തിയതായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍...

നിപ്പ വൈറസ്:വവ്വാലുകള്‍ വഴിയെന്ന് ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കേന്ദ്രം

കോഴിക്കോട്: പേരാമ്പ്രയിലെ ചങ്ങരോത്ത് കണ്ടെത്തിയ നിപ്പ രോഗത്തിന്റെ ഉറവിടം പഴംതീനി വവ്വാലുകള്‍ തന്നെയെന്ന് കണ്ടെത്തിയതായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് പഠനം. കേരള ഹെല്‍ത്ത് ഡയറക്ടറേറ്റിന്റെ 'ആരോഗ്യ ജാഗ്രത' എന്ന ഫേസ്ബുക്ക് പേജിലാണ് ഈ വെളിപ്പെടുത്തല്‍. ചങ്ങരോത്തു നിന്ന് ആദ്യം ശേഖരിച്ച വവ്വാല്‍ സാമ്പിളുകളില്‍ രോഗകാരണമായ നിപ്പ വൈറസിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ആദ്യം ശേഖരിച്ച സാമ്പിളുകള്‍ പ്രാണികളെ ഭക്ഷിക്കുന്ന 21 വവ്വാലുകളുടേതായിരുന്നു. ഈ സാമ്പിളുകളില്‍ നിന്നും വൈറസ് കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് പിന്നീട് 51 പഴം തീനി വവ്വാലുകളുടെ സാമ്പിള്‍ ശേഖരിച്ചയച്ചത്. ഇവയുടെ വിശദമായ പഠനത്തിലാണ് നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതെന്ന് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കുന്നു.

17 പേരുടെ മരണത്തിന് കാരണമായ നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താനാവാത്തത് ആരോഗ്യ മേഖലയില്‍ ഉല്‍ക്കണ്ഠ പരത്തിയിരുന്നു. ഇതിന് പരിഹാരമാണ് പുതിയ കണ്ടെത്തല്‍. ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ വന്ന മറ്റൊരു പഠനം 2015 ല്‍ ഇന്ത്യയിലുണ്ടായ നിപ്പ രോഗബാധക്കു കാരണമായ വൈറസ് പഴംതീനി വവ്വാലുകളിലും മനുഷ്യരില്‍ കണ്ടെത്തിയതായി വ്യക്തമാക്കുന്നുണ്ട്. പൂനയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും അമേരിക്കയിലെ ജോര്‍ജിയ കേന്ദ്രമായ മറ്റൊരു ഗവേഷണ സ്ഥാപനവും സംയുക്തമായി നടത്തിയ പഠനത്തിന് ഡോ. പ്രഗ്യാ യാദവ് അനക്കത്തില്‍ സദീപ് മംഗേഷ് ഗോഖലെ തുടങ്ങി 11 ഗവേഷകര്‍ നേതൃത്വം നല്‍കി. ബംഗ്‌ളാദേശിലെ മെഹര്‍പൂര്‍ ജില്ലയില്‍ നിപ്പ രോഗബാധ കണ്ടെത്തിയതിനു ശേഷം രോഗ ബാധ തുടര്‍വര്‍ഷങ്ങളില്‍ കൂടുതല്‍ രൂക്ഷമായി ആവര്‍ത്തിച്ചതായി പഠനത്തില്‍ പറയുന്നു. രോഗം ബംഗ്‌ളാദേശിലെ ഇതര ജില്ലകളിലേക്ക് വ്യാപിക്കുകയുമുണ്ടായി. കേരളത്തിന് ഇതൊരു മുന്നറിയിപ്പു കൂടിയാണ്. പശ്ചിമ ബംഗാളിലും പിന്നീട് രോഗബാധ കണ്ടെത്തിയിരുന്നു.

ഇന്ത്യയില്‍ 117- ഇനം വവ്വാലുകളുണ്ട്. ഇതില്‍ 62-ഇനം വവ്വാലുകളെ വ്യാപകമായി കണ്ടുവരുന്നുമുണ്ട്. ബംഗ്‌ളാദേശുമായി അതിര്‍ത്തി പങ്കിടുന്ന ബംഗാള്‍, ആസ്സാം സംസ്ഥാനങ്ങളില്‍ നിന്ന് ശേഖരിച്ച 107-പഴം തീനി വവ്വാലുകളുടെ സാമ്പിളാണ് പരിശോധിച്ചത്. ഇതില്‍ ചിലതില്‍ നിപ്പ വൈറസോ അവയുടെ ആന്റിബോഡിയോ കണ്ടെത്തിയെന്ന് പഠനത്തില്‍ പറയുന്നു. മലേഷ്യയില്‍ കണ്ടെത്തിയ നിപ്പ വൈറസുകളില്‍ നിന്ന് ഇന്ത്യയില്‍ കണ്ടെത്തിയ വൈറസുകള്‍ക്ക് വ്യത്യാസങ്ങള്‍ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്.

പശ്ചിമബംഗാളിലെ മൂന്ന് ജില്ലകളില്‍ വവ്വാലുകളുടെ വലിയ കോളനികള്‍ കണ്ടെത്തിയതായി പഠനത്തില്‍ പറയുന്നു. ഇവ മനുഷ്യരുടെ ആവാസ കേന്ദ്രങ്ങള്‍ക്കടുത്തു തന്നെയാണെന്നും രോഗാണുക്കള്‍ മനുഷ്യരിലേക്ക് കടന്നുകൂടുമെന്ന ഭീഷണി നിലനില്‍ക്കുന്നുവെന്നും പഠനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.

Read More >>