അഴുക്കിനും ആടുകള്‍ക്കുമിടയില്‍ ചിന്നയുടെ ആടുജീവിതം!

Published On: 9 Aug 2018 7:00 AM GMT
അഴുക്കിനും ആടുകള്‍ക്കുമിടയില്‍ ചിന്നയുടെ ആടുജീവിതം!

കൊച്ചി: നഗരമദ്ധ്യത്തിലെ ഒരു വീട്ടില്‍ അഴുക്ക് കൂനകള്‍ക്കിടയില്‍ 35 ആടുകളുമായി രണ്ടു മനുഷ്യര്‍!. വൃത്തിയുള്ള കിടപ്പാടമില്ല. കഴിക്കാന്‍ നല്ല ആഹാരമില്ല. കുടിവെള്ളത്തിനും വകയില്ല. എറണാകുളം തേവരയിലെ തോട്ടുങ്കല്‍ വീട്ടില്‍ ചിന്നയും സഹോദരനും ജീവിക്കുന്നത് ഇങ്ങനെയാണ്. തേവര ഫെറി റോഡിന്റെ പരിസരത്താണ് മൂന്ന് സെന്റിലുള്ള ഇവരുടെ വീട്. രണ്ട് മുറിയും അടുക്കളയുമുള്ള വീട്ടിലാകെ ശ്വാസം മുട്ടിക്കുന്ന ദുര്‍ഗന്ധം. കിടക്കുന്നതിനോട് ചേര്‍ന്ന് ആടിന്‍കൂട്ടവും. ഇതിന്റെയൊക്കെ നടുവിലാണ് ഇവര്‍ ഉറങ്ങുന്നതും ഭക്ഷണം പാകം ചെയ്യുന്നതുമെല്ലാം. മഴ പെയ്താല്‍ മുറ്റത്ത് കാലുകുത്താന്‍ കഴിയാത്ത അവസ്ഥയാണ്. പുര ചോര്‍ന്നൊലിക്കുന്നത് ഇവര്‍ക്ക് ഒരു സങ്കടമേ അല്ലാതായി. വര്‍ഷങ്ങളായി ആ ആടുജീവിതം ഇങ്ങനെ തുടരുന്നു.

മരിയ ദൊരോത്തി എന്നാണ് പേരെങ്കിലും ചിന്നയെന്നാണ് എല്ലാരും വിളിക്കുന്നത്. ''ചില ബന്ധുക്കള്‍ ഉണ്ടെങ്കിലും ആരും തിരഞ്ഞുനോക്കാറില്ല. അവര്‍ക്ക് വേണ്ടത് പണമാണ് അല്ലാതെ ഞങ്ങളെയല്ല'' ചിന്ന തത്സമയത്തോട് പറഞ്ഞു. ചിന്നയുടെ ഭര്‍ത്താവ് മരിച്ചിട്ട് 15 വര്‍ഷമായി. ഭര്‍ത്താവുള്ള കാലം നല്ല രീതിയിലാണ് ചിന്നയും സഹോദരനും ജീവിച്ചിരുന്നത്. മെഴുകുതിരി കച്ചവടവും ചില്ലറ വീട്ടുജോലിയും ചെയ്ത് ഇക്കാലമത്രയും ഇവര്‍ ജീവിച്ചു. ഇപ്പോള്‍ ജോലിക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. ശ്വാസമുട്ടല്‍ കാരണം ചിന്ന അവശയാണ്. സഹോദരന്‍ വര്‍ഗിസും ദുരിതത്തിലാണ്. ചിന്നക്ക് ലഭിക്കുന്ന പെന്‍ഷന്‍ മാത്രമാണ് ഏക ആശ്രയം. വെള്ളത്തിനായി കുഴല്‍ കിണര്‍ ഉണ്ടെങ്കിലും മലിന ജലമാണ് കിട്ടുന്നത്. കുടിക്കാനും ആഹാരം പാകം ചെയ്യാനും കുപ്പിയില്‍ വെള്ളം നിറച്ചാണ് കൊണ്ടുവരുന്നത്. കുടിവെള്ളത്തിന് വാട്ടര്‍ കണക്ഷന്‍ അപേക്ഷിച്ചിരുന്നെങ്കിലും മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ ലഭിച്ചിട്ടില്ല. ലക്ഷങ്ങളുടെ വിലയുള്ള മണ്ണിലാണ് കിടക്കുന്നതെങ്കിലും ഒരു രൂപ പോലും തനിക്ക് വേണ്ടെന്നാണ് ചിന്ന പറയുന്നത്. സ്ഥലം വാങ്ങാനും ഒഴിഞ്ഞ് പോകാനും ആവശ്യപെട്ട് ദിവസവും പലരും വരാറുണ്ട്. അവര്‍ വാഗ്ദാനം ചെയ്യുന്ന കോടികള്‍ ചിന്നക്ക് വേണ്ട. പലരും പലവിധം ഈ വസ്തു കൈയ്യേറാന്‍ ശ്രമിച്ചിരുന്നു. ചിലര്‍ കൈയേറിയാണ് ഇപ്പോള്‍ മൂന്ന് സെന്റായി ചുരുങ്ങിയതെന്ന് ചിന്ന പറയുന്നു. കൊട്ടാരവും വലിയ വീടുമൊന്നും വേണ്ട ഉള്ള വീട്ടില്‍ നന്നായി കഴിഞ്ഞാല്‍ മതിയെന്നാണ് ഇവര്‍ പറയുന്നത്.

''വോട്ടിന് വേണ്ടി മാത്രമാണ് ജനപ്രതിനിധികള്‍ ഇവിടെ വരാറുള്ളത്. യാചിച്ച് ജീവിക്കാനറിയില്ല അതുകൊണ്ടാണ് ഈ അവസ്ഥയില്‍ കഴിയുന്നത്'', സഹോദരന്‍ വര്‍ഗിസിന്റെ വാക്കുകള്‍. 35ല്‍ അധികം ആടുകളാണ് ഇവരുടെ 3 സെന്റില്‍ മേയുന്നത്. ആടിനെ വിറ്റ് വീടും പരിസരവും ശുദ്ധിയാക്കി നന്നാക്കി തരാമെന്ന് നഗരസഭാ കൗണ്‍സിലര്‍ പറഞ്ഞെങ്കിലും മക്കള്‍ക്ക് തുല്യം സ്നേഹിക്കുന്ന അവയെ വില്‍ക്കാന്‍ ചിന്ന തയ്യാറല്ല. അടച്ചുറപ്പില്ലാത്ത വീട്ടില്‍ ഭയത്തോടെയാണ് ഇവര്‍ താമസിക്കുന്നത്. മാലിന്യങ്ങള്‍ കൂടികിടക്കുന്നതിനാല്‍ രോഗം വരുമോയെന്ന ഭയമാണ് ഉളളില്‍. ചുറ്റിലും പലവിധ മാരക രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്നത് ചിന്ന അറിയുന്നുണ്ട്. സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴി ചിന്നയുടെ ഈ ദുരവസ്ഥ പലരും സാമൂഹ്യമാദ്ധ്യമങ്ങളില്‍ പോസ്്റ്റാക്കി ഷെയര്‍ ചെയ്തിരുന്നു. അങ്കമാലി സ്വദേശിയായ മിനി കൈലാസ് എന്ന പാലിയേറ്റീവ് പ്രവര്‍ത്തകയാണ് ഇവരുടെ വിവരങ്ങള്‍ ഫെയ്സ്ബുക്ക് വഴി പുറം ലോകത്തെ അറിയിച്ചത്. ഇപ്പോള്‍ മിനി അടക്കമുള്ള പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരാണ് ചിന്നക്കും സഹോദരനും വേണ്ട സഹായങ്ങള്‍ ചെയ്യുന്നത്. വീട് വൃത്തിയാക്കാനും ഇവരെ പുനരധിവസിപ്പിക്കാനും സന്നദ്ധപ്രവര്‍ത്തകര്‍ തയ്യാറാണെങ്കിലും സര്‍ക്കാരില്‍ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്.

Top Stories
Share it
Top