ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതി; കെ സി എയുടെ രേഖകളും പിടിച്ചെടുക്കാന്‍ ഹൈക്കോടതി

Published On: 2018-04-13 11:00:00.0
ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതി; കെ സി എയുടെ രേഖകളും പിടിച്ചെടുക്കാന്‍ ഹൈക്കോടതി

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതി കേസില്‍ കെ.സി.എ ഭരണസമിതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പിടിച്ചെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം. രേഖകളില്‍ കൃത്രിമം നടക്കാനിടയുണ്ടെന്ന പരാതിയിലാണ് കോടതി നടപടി. ഇതിനായി ഹൈക്കോടതി അഭിഭാഷക കമ്മിഷനെ നിയോഗിച്ചു.

അഭിഭാഷക കമ്മിഷന്‍ നിയമനം നിലവിലെ കെ.സി.എം ഭരണസമിതിയെ ബാധിക്കില്ലെന്നും ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. മധ്യവേനല്‍ അവധിക്ക് ശേഷം കേസ് വിശദമായി വാദം കേള്‍ക്കുമെന്ന് അറിയിച്ച ഹൈക്കോടതി, കേസിലെ എല്ലാ എതിര്‍ കക്ഷികള്‍ക്കും നോട്ടീസ് പുറപ്പെടുവിച്ചു.

കേരള ക്രിക്കറ്റ് അസോസിയേഷനിലെ ഗുരുതര അഴിമതിയും ക്രമക്കേടുകളും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കായിക അധ്യാപകനും അക്കാദമിക് വിദഗ്ധനുമായ ഡോ എ.എം നജീബാണ് ഹരജി നല്‍കിയത്. ലോധ കമ്മിറ്റി നിര്‍ദേശങ്ങളില്‍ ഭൂരിപക്ഷവും നടപ്പാക്കിയെന്നും ഉടന്‍ തിരഞ്ഞെടുപ്പ് നടത്തിയെന്നുമാണ് കെ.സി.യുടെ നിലപാട്.

Top Stories
Share it
Top