ആതുരമേഖലയിലെ രക്തസാക്ഷിയുടെ ഓര്‍മ്മകളെ ആദരിക്കാന്‍ ലിനി ഫൌണ്ടേഷന്‍  

Published On: 12 July 2018 1:00 PM GMT
ആതുരമേഖലയിലെ രക്തസാക്ഷിയുടെ ഓര്‍മ്മകളെ ആദരിക്കാന്‍ ലിനി ഫൌണ്ടേഷന്‍  

കോഴിക്കോട്: ആതുരസേവനത്തിലെ ആത്മാര്‍പ്പണത്തിന്റെ പേരില്‍ രക്തസാഷിയാകേണ്ടി വന്ന യുവതിയാണു ലിനി എന്ന നേഴ്സ്. നിപ വൈറസ് ബാധിതരെ പരിചരിക്കുമ്പോള്‍, അതേ രോഗം വന്നാണു അവര്‍ ഈ ലോകം വിട്ടത്. ഭര്‍ത്താവിനും, കുട്ടിത്തം വിടാത്ത മകന്റെയും അന്ത്യചുംബനം പോലും കിട്ടാതെയാണു ലിനിയെന്ന ചെറുപ്പക്കാരി രോഗങ്ങളില്ലാത്ത ലോകത്തേക്ക് പോയത്. ലിനിയുടെ ജീവിതത്തെ ആദരിക്കാന്‍ ലിനി ഫൌണ്ടേഷന്‍ രൂപീകരിക്കുകയാണു കേരള കേരള ഗവ. നഴ്‌സസ് അസോസിയേഷന്‍. കെജിഎന്‍എ കോഴിക്കോട് നടത്തിയ ലിനി അനുസ്മരണ ചടങ്ങിലാണ് സംഘാടകര്‍ ഇക്കാര്യം അറിയിച്ചത് .

കോഴിക്കോട് കണ്ടംകുളം ജൂബിലിഹാളില്‍ നടന്ന ചടങ്ങ് തൊഴില്‍ എക്‌സൈസ് മന്ത്രിടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നിപ വൈറസിനെ കേരളം ചെറുത്തുതോല്‍പ്പിച്ചതാണെന്നും ആരോഗ്യ രംഗത്ത് കേരളം രാജ്യത്തിനു തന്നെ മാതൃകയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ലിനിയുടെ മക്കള്‍ക്കും അമ്മയ്ക്കും നിപ രോഗ മുക്തിനേടിയ നഴ്‌സിംഗ് വിദ്യാര്‍ത്ഥി അജന്യയ്ക്കുമുള്ള കേരള ഗവ. നഴ്‌സസ് അസോസിയേഷന്റെ ധനസഹായം മന്ത്രി വിതരണം ചെയ്തു. അജന്യയ്ക്ക് സ്വീകരണവും നിപ പ്രതിരോധ പ്രവര്‍ത്തകരായ നഴ്‌സുമാര്‍ക്കുള്ള ആദരിക്കലും ചടങ്ങിന്റെ ഭാഗമായി നടത്തി.

ലിനി ഫൗണ്ടേഷനായി നഴ്‌സ്മാരില്‍ നിന്നും 12 ലക്ഷം രൂപയാണ് കെജിഎന്‍എ സമാഹരിച്ചത്. ഇതില്‍ രണ്ടുലക്ഷം രൂപ വീതം ലിനിയുടെ കുട്ടികള്‍ക്കും ഒരു ലക്ഷം രൂപ ലിനിയുടെ അമ്മയ്ക്കും ഒരു ലക്ഷം രൂപ അജന്യയ്ക്കും കൈമാറി. ബാക്കി വരുന്ന ആറ് ലക്ഷം രൂപ നിര്‍ധനരായ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി വാര്‍ഷാവര്‍ഷം സാമ്പത്തിക സഹായം നല്‍കാനാണ് അസോസിയേഷന്‍ തീരുമാനം.

Top Stories
Share it
Top