പോലീസ് സംവിധാനത്തിന്റെ പിഴവുകള്‍ ചൂണ്ടിക്കാട്ടി സി.പി.ഐ മുഖപത്രം

മാധ്യമപ്രവര്‍ത്തകന്റെ മരണത്തിനിടയായ സംഭവത്തില്‍ പോലീസ്‌കാര്‍ക്ക് നേരെ രൂക്ഷവിമര്‍ശനം

പോലീസ് സംവിധാനത്തിന്റെ പിഴവുകള്‍ ചൂണ്ടിക്കാട്ടി സി.പി.ഐ മുഖപത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സംവിധാനത്തെ അടിമുടി വിമര്‍ശിച്ചുകൊണ്ട് സി.പി.ഐ മുഖപത്രം ജനയുഗം. ഇന്നത്തെ പത്രത്തിന്റെ മുഖപ്രസംഖത്തിലാണ് പോലീസിന്റെ നടപടികളെയും നിലപാടുകളെയും അതിരൂക്ഷമായി വിമര്‍ശിച്ചത്. തലസ്ഥാനത്ത്് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ് വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പോലീസിന്റെ അപാകതകളെ മുന്‍നിര്‍ത്തിയാണ് പോലീസിനെ തിരുത്തണമെന്ന് സി.പി.ഐ മുഖപത്രം ആവശ്യപ്പെടുന്നത്. സ്റ്റേഷന് തൊട്ടടുത്ത് നടന്ന അപകടസ്ഥലത്ത് എത്തിപ്പെടാന്‍ വൈകിയത് മുതല്‍ ഇന്നലെ വരെയുള്ള പോലീസിന്റെ പ്രവര്‍ത്തികളെയെല്ലാം മുഖപ്രസംഖത്തില്‍ അക്കമിട്ട് ചോദ്യം ചെയ്യുന്നുണ്ട്. തുടക്കത്തില്‍ തന്നെ ശ്രീറാമിന്റെ രക്തപരിശോധന നടത്താതെ നിയമം ലംഘിച്ചു, അയാള്‍ക്കൊപ്പം സഞ്ചരിച്ച വനിതയെ ചോദ്യം ചെയ്യാതെ സംഭവസ്ഥലത്തു നിന്നും പറഞ്ഞയച്ചു, സാക്ഷികളുണ്ടായിട്ടും വനിതയാണ് വാഹനമോടിച്ചതെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചു, ശ്രീറാമിനെ മെഡിക്കല്‍കോളേജിലേക്ക് പറഞ്ഞയക്കാതെ സ്വകാര്യആശുപത്രിയില്‍ വിട്ടു, റിപോര്‍ട്ടില്‍ ബോധപൂര്‍വ്വം കള്ളത്തരങ്ങള്‍ എഴുതിചേര്‍ത്തു എന്നുതുടങ്ങി പോലീസ് കള്ളക്കള്ളികള്‍ക്ക് ശ്രമിച്ചുവെന്ന് വ്യക്തമാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

ഇതിനൊപ്പം തന്നെ കേരള പോലീസിന്റെ ഭാഗത്ത് നിന്ന് മുന്‍പ് ഉണ്ടായിട്ടുള്ള വീഴ്ചകളെയും ഇഴകീറി വിമര്‍ശിക്കുന്നുണ്ട്. കസ്റ്റഡി മരണങ്ങള്‍, സി.പി.ഐ മാര്‍ച്ചിലെ ലാത്തിചാര്‍ജ്, നീതിരഹിതമായ പെരുമാറ്റം തുടങ്ങി എല്ലാ വിഷയങ്ങളിലും പോലീസ് പിന്‍തുടരുന്ന അലംഭാവ മനോഭാവം തിരുത്തണമെന്നും ജനയുഗം പറയുന്നു. ഇത് സര്‍ക്കാറിന്റെ ഭരണത്തിന് പോലും ചീത്തപ്പേരുണ്ടാക്കുന്നുണ്ടെന്നും അത്തരത്തിലുള്ള പോലീസുകാര്‍ക്കെതിരെ ഉടനടി നടപടി വേണമെന്നും മുഖപ്രസംഗത്തില്‍ ഊന്നിപറയുന്നു.

Read More >>