ഹിന്ദി പഠിക്കുന്നതിൽ 'ഗുണമുണ്ടെന്ന് ' വി.ടി ബൽറാം; രാജ്യത്തെ ഭാഷാഭ്രാന്തിലേക്ക് തള്ളിവിടാനുള്ള നീക്കം അപകടകരമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

ഭാഷാടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാനാണ് ബി.ജെ.പി സർക്കാരിന്റെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല

ഹിന്ദി പഠിക്കുന്നതിൽ

കോഴിക്കോട്: ഒരു രാജ്യം ഒരു ഭാഷ എന്ന അമിത് ഷായുടെ പ്രഖ്യാപനത്തിൽ പ്രതിഷേധം കത്തുന്നു. സാമൂഹ്യമാദ്ധ്യമങ്ങളിൽ ഹാഷ് ടാഗുകളോടെ അമിത്ഷായ്‌ക്കെതിരെ നിരവധി പേരാണ് രംഗത്തുവന്നത്. രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകരും ഷായുടെ അഭിപ്രായത്തെ എതിർത്തു.

ഭാഷാടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാനാണ് ബി.ജെ.പി സർക്കാരിന്റെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല പറഞ്ഞു. രാജ്യത്തെ ഭാഷാഭ്രാന്തിലേക്ക് തള്ളിവിടാനുള്ള നീക്കം അപകടകരമാണെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. ഏതെങ്കിലും ഭാഷ അടിച്ചേല്പിക്കുന്നതിനോട് യോജിപ്പില്ലെന്നും സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീക്കളിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഹിന്ദി വിഷയത്തിൽ കേന്ദ്ര സർക്കാരിനെ പരിഹസിച്ചായിരുന്നു കോൺഗ്രസ് യുവനേതാവും എം.എൽ.എയുമായ വി.ടി ബൽറാമിന്റെ പ്രതികരണം. ഹിന്ദി പഠിക്കുന്നത് കൊണ്ട് ഒരു ഗുണവുമില്ല എന്ന് പറഞ്ഞുകൂടാ. ധനമന്ത്രിക്ക് ഹിന്ദിയിൽ പറയുന്നത് 'വിത്ത് മന്ത്രി' എന്നാണ്. വിത്തെടുത്ത് കുത്തിത്തിന്നേണ്ടി വരുന്ന ഇന്നത്തെ സാമ്പത്തികസ്ഥിതിയെ വിശേഷിപ്പിക്കാൻ ഇതിലും നല്ല വാക്ക് വേറെ ഏത് ഭാഷയിലുണ്ട്?-ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. രാജ്യവ്യാപകമായ പ്രതിഷേധം ഉയർന്നിട്ടും 'ഹിന്ദി അജണ്ട' യിൽ നിന്ന് പിന്മാറാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയാറാകാത്തത് ഭാഷയുടെ പേരിൽ സംഘ പരിവാർ പുതിയ സംഘർഷ വേദി തുറക്കുന്നതിന്റെ ലക്ഷണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. രാജ്യവും ജനങ്ങളും നേരിടുന്ന സുപ്രധാന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഇത്തരം നീക്കങ്ങൾ തിരിച്ചറിയപ്പെടുന്നുണ്ട് എന്ന് സംഘ പരിവാർ മനസ്സിലാക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

അസദുദ്ദിൻ ഒവൈസി, തമിഴ്‌നാട് സാംസ്‌കാരിക മന്ത്രി കെ പാണ്ഡ്യരാജൻ, ഡിഎംകെ അദ്ധ്യക്ഷൻ എം കെ സ്റ്റാലിൻ, ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തുടങ്ങിയ നേതാക്കളും ഷായുടെ പരാമർശത്തിൽഎതിർപ്പ് പ്രകടമാക്കിയിരുന്നു.

Read More >>