പത്ത് ഐടിഐകള്‍ അന്താരാഷ്ട്രാ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മന്ത്രി 

Published On: 19 Jun 2018 2:00 PM GMT
പത്ത് ഐടിഐകള്‍ അന്താരാഷ്ട്രാ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മന്ത്രി 

ഐടിഐ പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഉ ദ്ഘാടനം മന്ത്രി ടിപി രാമകൃഷ്ണന്‍ നിര്‍വഹിക്കുന്നു

  • ഈ വര്‍ഷം മുതല്‍ ഐടിഐ പരിശീലനം നേടുന്ന എല്ലാവര്‍ക്കും ഒരു ലക്ഷം രൂപയുടെ സൗജന്യ അപകട ഇന്‍ഷൂറന്‍സ്

തിരുവനന്തപുരം: കിഫ്ബി സഹായത്തോടെ പത്ത് ഐടിഐകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ 229 കോടി രൂപയുടെ പദ്ധതി പുരോഗമിക്കുകയാണെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ വ്യക്തമാക്കി. എല്ലാ ഐടിഐകളുടെയും നിലവാരമുയര്‍ത്തുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ അധികാരമേറ്റശേഷം ഒമ്പത് പുതിയ ഐടിഐകള്‍ ആരംഭിച്ചു. അഞ്ച് പുതിയ ഐടിഐ ആരംഭിക്കുന്നതിന് നടപടികള്‍ തുടങ്ങിയെന്നും മന്ത്രി പറഞ്ഞു. 2018 വര്‍ഷത്തെ ഗവ. ഐ.ടി.ഐ പ്രവേശനത്തിനായി അപേക്ഷകള്‍ സ്വീകരിക്കുന്നതിനുളള ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ (www.itiadmissionskerala.org) ഉദ്ഘാടനം നിയമസഭയിലെ മന്ത്രിയുടെ ചേംബറില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഐടിഐകളിലെ പഠനനിലവാരം ഉയര്‍ത്താനുള്ള വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിവരികയാണ്. കാലഹരണപ്പെട്ട ട്രേഡുകള്‍ നിര്‍ത്തലാക്കി കാലത്തിനനുസൃതമായ ട്രേഡുകള്‍ ആരംഭിക്കും. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനൊപ്പം തൊഴില്‍നൈപുണ്യവികസനത്തിനുള്ള പദ്ധതികളും നടപ്പാക്കും. ഐടിഐകളില്‍ നിന്ന് പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ക്ക് തൊഴില്‍അവസരങ്ങള്‍ ഉറപ്പാക്കാനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. പ്ലേസ്‌മെന്റ് സെല്ലുകള്‍ ശക്തിപ്പെടുത്തിയും തൊഴില്‍മേളകള്‍ സംഘടിപ്പിച്ചും പരമാവധി പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നുണ്ട്. സ്‌പെക്ട്രം തൊഴില്‍മേളകള്‍ വഴി 13,291 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.

വ്യാവസായികപരിശീലനം പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യും. ഈ വര്‍ഷം മുതല്‍ ഐടിഐ പരിശീലനം നേടുന്ന എല്ലാവര്‍ക്കും ഒരു ലക്ഷം രൂപയുടെ സൗജന്യ അപകട ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തുകയാണ്. വനിതാ ഐടിഐകളില്‍ സൗജന്യ ഉച്ചഭക്ഷണപദ്ധതി നടപ്പാക്കിയിട്ടുണ്ട്. പട്ടികജാതി-പട്ടികവര്‍ഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ കൂടുതലായുള്ള ഐടിഐകളില്‍ നടപ്പാക്കിയ ഉച്ചഭക്ഷണപദ്ധതി ഘട്ടംഘട്ടമായി എല്ലാ ഐടിഐകളിലേക്കും വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. എല്ലാ ഐടിഐകളിലും നിലവില്‍ പോഷകാഹാരപദ്ധതി നടപ്പാക്കിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

www.itiadmissionskerala.org വഴി 91 ഗവണ്‍മെന്റ് ഐ.ടി.ഐ. കളിലായി 76 ട്രേഡുകളില്‍ പ്രവേശനം നേടുന്നതിനുളള അവസരമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം ഉളള എന്‍.സി.വി.ടി മെട്രിക്ക്, എന്‍.സി.വി.ടി നോണ്‍ മെട്രിക്ക്, സി.ഒ.ഇ. സ്ട്രീമുകളിലും കേരള സര്‍ക്കാര്‍ അംഗീകാരമുളള എസ്.സി.വി.ടി. മെട്രിക്ക്, എസ്.സി.വി.ടി. നോണ്‍ മെട്രിക്ക്, +2 യോഗ്യതാ ട്രേഡുകള്‍ എന്നി സ്ട്രീമുകളിലും ഉള്‍പ്പെടുന്ന ട്രേഡുകളില്‍ യോഗ്യത അനുസരിച്ച് പ്രവേശനത്തിനായി അപേക്ഷിക്കാം.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിനായി സേവന ദാതാക്കളെ സമീപിക്കുന്ന അപേക്ഷകര്‍, പോര്‍ട്ടലില്‍ നിന്ന് ലഭ്യമാകുന്ന പ്രോസ്‌പെക്ടസ്/ ഐ.ടി.ഐ-സ്ട്രീം-ട്രേഡ്‌ലിസ്റ്റ് എന്നിവ പരിശോധിക്കുകയും ആയതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഐ.ടി.ഐ. സ്ട്രീം ട്രേഡ് ലിസ്റ്റ് മുന്‍ഗണനാ ക്രമം അനുസരിച്ച് മുന്‍കൂട്ടി തയ്യാറാക്കുന്നത് അര്‍ഹമായ ട്രേഡുകള്‍ തന്നെ ലഭിക്കുന്നതിന് അവസരമൊരുക്കും.
ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട്, അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം സംസ്ഥാനത്തെ ഏതെങ്കിലും ഒരു ഗവണ്‍മെന്റ് ഐ.ടി.ഐ. യില്‍ നിശ്ചയിച്ചിട്ടുളള സമയപരിധിക്ക് മുമ്പ് പരിശോധനയ്ക്കായി സമര്‍പ്പിച്ച് ഫീസ് ഒടുക്കി രസീത് വാങ്ങണം. ഐ.ടി.ഐകളില്‍ നേരിട്ടോ, ട്രഷറി ചെലാന്‍ മുഖേന '0230-00-L&E-800-other receipts-88-other items' ശീര്‍ഷകത്തിലോ ഫീസ് ഒടുക്കാം. നിശ്ചിത സമയ പരിധിക്ക് മുമ്പായി ഏതെങ്കിലും ഒരു ഗവ. ഐ.ടി.ഐ. യില്‍ പ്രിന്റൗട്ട് സമര്‍പ്പിച്ച് ഫീസ് ഒടുക്കി രസീത് വാങ്ങാത്ത അപേക്ഷകള്‍ അസാധുവാകും.
അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ എസ്.എം.എസ്. ലഭിക്കുന്ന യൂസര്‍ ഐ.ഡി, പാസ്സ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ച് അപേക്ഷകന് അപേക്ഷയില്‍ തിരുത്തല്‍ വരുത്തുന്നതിനുളള അനുവാദം ഉണ്ടായിരിക്കും. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അന്തിമ സമയപരിധി വരെ അതിനുളള അവസരം ലഭിക്കും.

പ്രവേശന കൗണ്‍സിലിംഗിനു യോഗ്യത നേടിയ അപേക്ഷകര്‍ പ്രവേശന സമയത്ത് യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി., ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. റാങ്ക് ലിസ്റ്റ്, പ്രവേശന കൗണ്‍സിലിംഗ് തീയതി എന്നിവ അതാത് ഐ.ടി.ഐ. കളുടെ നോട്ടിസ് ബോര്‍ഡ്, വെബ്‌സൈറ്റ് എന്നിവിടങ്ങളില്‍ പ്രസിദ്ധപ്പെടുത്തും. വിവരങ്ങള്‍ എസ്.എം.എസ് മുഖേനയും പത്രങ്ങള്‍ മുഖേനയും അപേക്ഷകരെ അറിയിക്കും.

ഐ.ടി.ഐ. പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ സമീപമുളള ഐ.ടി.ഐ. കളില്‍ നിന്നോ www.itiadmissionskerala.org, www.det.kerala.gov.in എന്നീ പോര്‍ട്ടലുകളില്‍ നിന്നോ ലഭിക്കുന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷകള്‍ 30/06/2018 വൈകുന്നേരം അഞ്ചു മണിവരെ പോര്‍ട്ടലില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകളും അനുബന്ധരേഖകളും സഹിതം ഗവ. ഐ.ടി.ഐകളില്‍ ഫീസ് ഒടുക്കേണ്ട അവസാന തീയതി ജൂലൈ മൂന്ന് ആണ്.

Top Stories
Share it
Top