എല്ലാ ബി.പി.എല്‍ കുടുംബങ്ങള്‍ക്കും 15 കിലോ അരിയും അവശ്യസാധനങ്ങളും സൗജന്യമായി നല്‍കും

അവശ്യസാധനങ്ങള്‍ക്ക് ഒരു തരത്തിലും ക്ഷാമമുണ്ടാകില്ലെന്ന് നേരത്തെ ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ വ്യക്തമാക്കിയിരുന്നു.

എല്ലാ ബി.പി.എല്‍ കുടുംബങ്ങള്‍ക്കും 15 കിലോ അരിയും അവശ്യസാധനങ്ങളും സൗജന്യമായി നല്‍കും

സംസ്ഥാനത്തെ എല്ലാ ബി.പി.എല്‍ കുടുംബങ്ങള്‍ക്കും ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍. 15 കിലോ അരിയും അവശ്യസാധനങ്ങളും അടങ്ങുന്നതാണ് കിറ്റ്. ഇത് സൗജന്യമായി വിതരണം ചെയ്യും. ആവശ്യമെങ്കില്‍ മറ്റുള്ളവര്‍ക്കും നല്‍കുമെന്നും മന്ത്രിസഭ വ്യക്തമാക്കി.

മാവേലി സ്റ്റോറുകള്‍, സപ്ലൈകോ വില്‍പന കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലൂടെ അല്ലെങ്കില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി വാര്‍ഡ് അംഗങ്ങളിലൂടെ നേരിട്ട് വീടുകളില്‍ എത്തിക്കാനാണ് ആലോചന. റേഷന്‍ കടകളില്‍ ജനം കൂട്ടംകൂടാനുള്ള സാദ്ധ്യത കണക്കിലെടുത്താണിത്.

അവശ്യസാധനങ്ങള്‍ക്ക് ഒരു തരത്തിലും ക്ഷാമമുണ്ടാകില്ലെന്ന് നേരത്തെ ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ വ്യക്തമാക്കിയിരുന്നു. മൂന്നു മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ സര്‍ക്കാര്‍ കൈവശമുണ്ടെന്നും അമിത വിലക്കയറ്റമോ പൂഴ്ത്തിവയ്‌പ്പോ ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ വീണ്ടും മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെയും, ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 5 വരെയുമാണ് റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക. അവശ്യസാധനങ്ങള്‍ വാങ്ങുന്ന കടകളും മെഡിക്കല്‍ ഷോപ്പുകളും അടയ്ക്കില്ല.

അതിനിടെ, രാജ്യത്തു മുഴുവന്‍ സമ്പൂര്‍ണ്ണ ലൗക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ബവ്‌റിജസ് ഔട്ട്ലെറ്റുകള്‍ 21 ദിവസത്തേക്ക് അടയ്ക്കും. ഇന്നു മുതല്‍ തുറക്കേണ്ടതില്ലെന്ന് മാനേജര്‍മാരെ അറിയിച്ചു. ഇതോടെ ബവ്‌റിജസ് കോര്‍പറേഷന്റെ 265 ഔട്ട്ലെറ്റുകളും കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴിലുള്ള 36 ഔട്ട്ലെറ്റുകളും അടച്ചിടും. പകരം മദ്യം ഓണ്‍ലൈന്‍ വഴി നല്‍കാന്‍ സംവിധാനം ഒരുക്കാനാണ് ആലോചന.

നേരത്തെ, ബിവറേജുകള്‍ അടക്കാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച വേളയിലും ബെവ്‌കോ ഔട്ട്‌ലറ്റുകളില്‍ കൂടുന്ന ജനം സുരക്ഷാ ഭീഷണി ഉയര്‍ത്തുകയും ചെയ്തിരുന്നു.

Next Story
Read More >>